തലശേരി: ഗൾഫിൽ ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മട്ടന്നൂർ വിമാനത്താവളത്തിൽവെച്ചു ഇന്ന് പുലർച്ചെയാണ് ഇയാളെ എമിഗ്രേഷൻ വിഭാഗം പിടികൂടി പഴയങ്ങാടി പൊലിസിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യിച്ചത്.

കോളിളക്കമുണ്ടാക്കിയ പറശ്ശിനിക്കടവ് പീഡനക്കേസിലെ പ്രതിയാണ് സംഭവത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങിയത്. മാട്ടൂൽ സെൻട്രലിലെ പണ്ടാരത്തോട്ടിൽ ഷിനോസാ(31)ണ് പിടിയിലായത്.

പഴയങ്ങാടി പൊലിസ് ഇൻസ്പെക്ടർ എം. ഇ രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. 2017-ൽ 16 വയസുകാരിയെ പറശിനിക്കടവിലെ ലോഡ്ജിൽവെച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയാണ് ഇയാൾ. ഇതിനെ തുടർന്ന് ഗൾഫിലേക്ക് മുങ്ങിയ ഇയാൾ ഇന്ന് പുലർച്ചെയാണ് മട്ടന്നൂരിൽ വിമാനമിറങ്ങിയത്. ഇയാൾക്കായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു.