മലപ്പുറം: 16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരനായ പ്രതിക്ക് ജാമ്യംനിഷേധിച്ച് മഞ്ചേരി പോക്സോ കോടതി. കേസിൽ റിമാൻഡിൽ കഴിയുന്ന മലപ്പുറം പൊന്മള പറങ്കിമൂചിക്കൽ കൊളക്കാടൻ താമരശേരി വീട്ടിലെ ഷമീമിന്റെ (28) ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ കോടതി ജഡ്ജി ടി പി സുരേഷ്ബാബു തള്ളിയത്. ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ അങ്ങാടിപ്പുറത്തുനിന്നു ബസ് കാത്തിരിക്കുകയായിരുന്ന ബൈക്കിൽ കൊണ്ടു പോയി മലപ്പുറത്തെ ക്വാർട്ടേഴ്സിൽ വച്ചു പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് ഗർഭിണിയായ പെൺകുട്ടി സെപ്റ്റംബർ 22ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു മലപ്പുറം ടൗണിൽ വച്ചാണ് ഒക്ടോബർ ഒന്നിന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പെരിന്തൽമണ്ണ സിഐ സി.കെ നാസർ, എസ്‌ഐ സി.കെ നൗഷാദ്, എഎസ്ഐ സുകുമാരൻ, ഷാജിമോൻ, സീനിയർ സി.പി.ഒ ഫൈസൽ, സി.പി.ഒമാരായ കബീർ, ഷജീർ, വിനീത്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.