മലപ്പുറം: മഞ്ചേരിയിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയ 27കാരൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ഒഴിഞ്ഞ വീട്ടിൽ വെച്ച് ലൈംഗിക അതിക്രമം നടത്തി. സംഭവത്തെ തുടർന്ന് വിദേശത്തേക്ക് മുങ്ങിയ പ്രതി നാട്ടിലേക്കു തിരികെ വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽവെച്ച് പിടിയിലായി.

കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. മലപ്പുറം മാവണ്ടിയൂർ വടക്കുംപുറം പുളിയമ്പറ്റ മുബഷിർ (27)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2018 ഓഗസ്റ്റിലാണ് സംഭവം. കുടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയ പ്രതി തൊട്ടടുത്ത വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന ബാലികയെ എടുത്തുകൊണ്ടുപോയി കൊട്ടാരത്തുള്ള ഒഴിഞ്ഞ വീട്ടിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

2019 ഏപ്രിൽ 13നാണ് വളാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വിദേശത്തേക്ക് മുങ്ങിയ 2020 ഡിസംബർ 9ന് തിരികെ നാട്ടിലേക്ക് വരുമ്പോൾ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റിലാകുന്നത്. സി ഐ എം കെ ഷാജിയാണ് കേസന്വേഷിക്കുന്നത്.