പത്തനംതിട്ട: പട്ടികജാതി വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയെ കോടതി 35 വർഷത്തെ കഠിനതടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി നരേൻ ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡിഷണൽ സെഷൻസ് ഫസ്റ്റ് കോടതി (പോക്സോ സ്പെഷ്യൽ കോടതി)ശിക്ഷിച്ചത്. പത്തനംതിട്ട ജില്ലയിൽ ഇതാദ്യമായാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമമായ പോക്സോ ഉൾപ്പെട്ട ഒരു കേസിൽ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്.

ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 376(3) (16 വയസ്സിനു താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ) പ്രകാരം 20 വർഷവും, 20,000 രൂപ പിഴയും, 376(2)(എൻ) (ആവർത്തിച്ചുള്ള ബലാത്സംഗം ) പ്രകാരം 10 വർഷവും, 20,000 രൂപ പിഴയും, 450 (കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചുകടക്കൽ ) പ്രകാരം 5 വർഷവും 10,000 രൂപ പിഴയും ഉൾപ്പെടെയാണ് 35 വർഷം ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാൽ മൂന്ന് വകുപ്പുകളിലായി 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴത്തുകയിൽ 35,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.

കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പോക്സോ 5, 6 വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന ശിക്ഷ 10 വർഷമായിരുന്നു. എന്നാൽ 2019 ആഗസ്റ്റിൽ നിയമം ഭേദഗതി ചെയ്തപ്പോൾ വധശിക്ഷയോ, ശിഷ്ടകാലം മുഴുവൻ ജയിൽ വാസമോ കുറഞ്ഞത് 20 വർഷമോ ആയി ശിക്ഷ വർധിപ്പിച്ചിരുന്നു. കുറ്റകൃത്യം നടന്ന കാലം പരിഗണിച്ച കോടതി, പോക്സോ നിയമത്തിലെ നിർദിഷ്ട വകുപ്പുകൾക്കുള്ള ചെറിയ കാലാവധിയേക്കാൾ ബലാത്സംഗത്തിലെ വകുപ്പുകളിലെ കൂടിയ ശിക്ഷ പരിഗണിക്കുകയാണുണ്ടായത്. പട്ടിക വിഭാഗങ്ങൾക്കെതിരായ വകുപ്പുകൾ കോടതി പരിഗണിച്ചില്ല. പെൺകുട്ടി ഈ വിഭാഗത്തിൽ പെട്ടതാണെന്ന അറിവ് പ്രതിക്കില്ലായിരുന്നു എന്നത് കോടതി മുഖവിലയ്ക്കെടുത്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പി കിരൺരാജ് ഹാജരായി.

2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും റിപ്പോർട്ടായത് ജൂണിലാണ്. പെൺകുട്ടി ഗർഭിണിയായത് അറിഞ്ഞശേഷമാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചതും പരാതി നൽകി കേസ് എടുപ്പിച്ചതും. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പ്രതി, ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് പലതവണ ബലാത്സംഗത്തിനിരയാക്കിയത്. കൃത്യത്തിന് ശേഷം മുങ്ങിയ പ്രതിയെ അന്നത്തെ പുളിക്കീഴ് എസ്‌ഐമാരായ എ. വിപിൻ,രാജേഷ്, സിപിഓ സുദർശനൻ എന്നിവരടങ്ങിയ സംഘം മൾഡയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്നത്തെ പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.ജെ പീറ്റർ തുടക്കത്തിൽ അന്വേഷിച്ച കേസ്, പട്ടിക വിഭാഗത്തിനെതിരായ പീഡനം സംബന്ധിച്ച വകുപ്പ് കൂടി ചേർക്കപ്പെട്ടത്തോടെ, അന്നത്തെ തിരുവല്ല ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ തുടർന്നന്വേഷിക്കുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയാണുണ്ടായത്. അറസ്റ്റിലായതുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ് പ്രതി. അന്വേഷണസംഘത്തിൽ തിരുവല്ല ഡിവൈഎസ്‌പി ഓഫീസിലെ എസ്‌ഐ ഫസിലും ഉണ്ടായിരുന്നു.

അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും പൊലീസ് ആസൂത്രിതവും, തന്ത്രപരവുമായ നീക്കങ്ങളാണ് നടത്തിയത്. കുറ്റകൃത്യത്തിന് ശേഷം നാട്ടിലേക്ക് മുങ്ങിയ പ്രതിയുടെ ഫോണിന്റെ ടവർ കേന്ദ്രീകരിച്ച് തുടക്കത്തിൽ തന്നെ എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള സംഘം നീങ്ങിയതിനെ തുടർന്നാണ് ബംഗാളിലെ മാൾഡയിൽ നിന്നും ഇയാളെ കുടുക്കാനായത്. കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ച ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.മികച്ച അന്വേഷണത്തിലൂടെ ശാസ്ത്രീയമായതുൾപ്പടെ തെളിവുകളെല്ലാം ശേഖരിക്കുകയും ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുകയും ചെയ്ത ഡിവൈഎസ്‌പി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

2012 നവംബറിൽ നിലവിൽ വന്ന പോക്സോ നിയമം ഉൾപ്പെടുത്തി അന്നു മുതൽ 2021 ഫെബ്രുവരി വരെ ജില്ലയിൽ എടുത്ത കേസുകളുടെ എണ്ണം 738 ആണ്. ഇതിൽ ബഹുഭൂരിപക്ഷം കേസുകളും കുറ്റപത്രം സമർപ്പിക്കപ്പെട്ട് കോടതിയിൽ വിചാരണ നടപടികൾ നടന്നുവരുന്നതുമാണ്. ഇക്കാലത്തിനിടയിൽ കോടതി ശിക്ഷിച്ച കേസുകളിൽ ഏറ്റവും കൂടുതൽ ശിക്ഷ വിധിച്ച കേസാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേത്.കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടുകയും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്ത പൊലീസുദ്യോഗസ്ഥർ എല്ലാവിധ പ്രശംസയും അർഹിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി പറഞ്ഞു.