കോഴിക്കോട്: 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതി കേരള കാമരാജ് കോൺഗ്രസ്സ് സംസ്ഥാന മുൻ വർക്കിങ് പ്രസിഡണ്ട് തിരുവള്ളൂർ മുരളി ( 50 )യെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബർ മാസത്തിലാണ് സംഭവം നടന്നത്.

എരവട്ടൂർ കുണ്ടുംങ്കര മുക്കിൽ ഫ്‌ളോർ മില്ലിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാനെത്തിയ കുട്ടിയെ മുരളി ബലമായി കാറിൽ കയറ്റി ലൈംഗിക വൈകൃതങ്ങൾക്കിരയാക്കിയെന്നാണ് കേസ്.ഏറെ കാലം ഒളിവിലായിരുന്ന മുരളി. ഇന്നലെ രാത്രി തന്ത്രപൂർവം പേരാമ്പ്ര സി ഐ പി എ ബിനു മോഹന്റെ നേതൃത്വത്തിലാണ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

ഏറെക്കാലം ഒളിവിലായിരുന്നെന്ന് അധികൃതർ പറയുമ്പോഴും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു മുരളി. തെരഞ്ഞെടുപ്പ് വേളയിൽ വിവിധ പരിപാടികളിൽ ഇയാൾ വേദിയിലെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തിരുവള്ളൂർ മുരളി രമേശ് ചെന്നിത്തലയുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് കോൺഗ്രസ് വിട്ട് എൻ ഡി എ യുടെ ഭാഗമായ കാമരാജ് കോൺഗ്രസിൽ ചേരുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കാമരാജ് കോൺഗ്രസിനെ വേണ്ട വിധം പരിഗണിച്ചില്ലെന്നാരോപിച്ച് തിരുവള്ളൂർ മുരളിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എൽ ഡി എഫിന് പിന്തുണ നൽകിയിരുന്നു. നേരത്തെ അയൽവാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയിലും ഇയാൾ അറസ്റ്റിലായിരുന്നു. ഒരു സ്ത്രീയ്‌ക്കൊപ്പം അനാശാസ്യം ആരോപിച്ച് നാട്ടുകാർ ഒരു കെട്ടിടത്തിൽ നിന്ന് ഇയാളെ പിടികൂടിയത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

ബാങ്ക് ലോൺ സംബന്ധമായ കാര്യത്തിന് തന്നെ കാണാനെത്തിയ സ്ത്രീയേയും തന്നെയും ബോധപൂർവ്വം സി പി എമ്മുകാർ കുടുക്കുകയായിരുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് മുരളി പിന്നീടു പറഞ്ഞത്. 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കാണാതായ സംഭവത്തിലും മുരളി ആരോപണ വിധേയനായിരുന്നു. ഡൽഹിയിൽ നിന്നും മുരളി വഴി കൊണ്ടുവന്ന തുകയിൽ നിന്ന് 25 ലക്ഷം രൂപ കാണാതാവുകയായിരുന്നു.