ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം മുങ്ങിയ യുവാവിനായി പൊലിസ് തെരച്ചിൽ ശക്തമാക്കി. കണ്ണുർ -കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ ചിറ്റാരിക്കലിലാണ് സംഭവം.

ഇയാൾക്കായി മംഗളുര്, കണ്ണുർ ,കാസർകോട് എന്നിവടങ്ങളിലാണ് തെരച്ചിൽ ഊർജ്ജിതമാക്കിയത്.ചിറ്റാരിക്കൽ കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാൽ പൊലീസ് വീണ്ടും കേസെടുത്തത് കഴിഞ്ഞ ഒരു മാസമായി ഇയാൾ ഒളിവിലാണെന്നും തെരച്ചിൽ നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

ഒരുവർഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാൽ പൊലീസ് ആന്റോയെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തെ തുടർന്ന് ശാരീരിക-മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന ആന്റോ ആറുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാൾ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂലായ് 13-ന് കുട്ടിയുടെ അമ്മ വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നുതന്നെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാൽ പിടിക്കാനായില്ലെന്നുമാണ് ചിറ്റാരിക്കാൽ പൊലീസ് പറയുന്നത്.

എന്നാൽ പ്രതിയെ അറസ്റ്റു ചെയ്യാൻ കഴിയാത്തത് പൊലിസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടി യുവജന സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ചെറുപുഴ-ചിറ്റാരിക്കൽമേഖലയിൽ പൊലിസിനെതിരെ വൻ ജനകീയ പ്രക്ഷോഭമാണ് ഉയരുന്നത്.പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ പൊലിസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.ഇതിനായി കർമ്മസമിതി രൂപീകരിച്ചതായി നേതാക്കൾ പറഞ്ഞു.