പൊള്ളാച്ചി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ വിവാഹം ചെയ്ത 19കാരി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് അപൂർവ്വമായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ വിവാഹ കഴിച്ച ശേഷം യുവതി ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് പറയുന്നു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

17 വയസുള്ള ആൺകുട്ടിയുമായി യുവതി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് പേടിച്ച് പഴനിയിലെത്തിയ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. പിന്നാലെ ഹോട്ടലിൽ മുറിയെടുത്ത് ഭാര്യാ ഭർത്താക്കന്മാരെ പോലെ താമസിക്കുകയായിരുന്നു. ആൺകുട്ടിയെ യുവതി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

ഹോട്ടലിൽ വെച്ച് ആൺകുട്ടിക്ക് കടുത്ത വയറുവേദനയുണ്ടായതായും യുവതി തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ വച്ചാണ് വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്താവുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

ഇരുവരും മാതാപിതാക്കളിൽനിന്ന് അകന്നു കഴിയുന്നവരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്കെതിരെ ഐപിസി 366, പോക്‌സോ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. എന്നാൽ കേസിൽ ഒട്ടേറെ നിയമക്കുരുക്കുകളുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. 'തട്ടിക്കൊണ്ടുപോകുന്നതു സ്ത്രീയെ ആണെങ്കിൽ മാത്രമേ ഐപിസി 366 വകുപ്പു ചുമത്താനാകൂ എന്നും പ്രതി സ്ത്രീയാണെങ്കിൽ പോക്‌സോയിലെ പല വകുപ്പുകളും ചുമത്താനാകില്ല എന്നുമാണു മുതിർന്ന അഭിഭാഷകർ പറയുന്നത്.