കണ്ണുർ: പയ്യന്നൂരിൽ പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു കേസിൽ പുതിയ വിവാദം. പോക്സോ കേസ് അന്വേഷണം കാര്യക്ഷമമായി നടത്താൻ ഇരയുടെ മാതാവ് കണ്ണൂർ റൂറൽ എസ്‌പി ഡോ. നവനീത് ശർമ്മ ഐ.പി.എസിന് നേരിട്ടെത്തി പരാതി നൽകി. പൊലിസുകാരന്റെ ഭാര്യ പൊലിസുകാരന്റെ മകൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥനെതിരെ പൊലിസ് മേധാവിക്ക് നൽകിയ പരാതിയാണ് വിവാദമായത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പൊലീസ് മേധാവിയുടെ ഓഫിസിലെത്തി ഇരയുടെ മാതാവ് പരാതി നൽകിയത്. പൊലീസുദ്യോഗസ്ഥന്റെ പ്രായപൂർത്തിയാകാത്ത മകളുടെ പരാതിയിലെടുത്ത പോക്സോ കേസ് അന്വേഷണ ചുമതലയിൽ നിന്നും പയ്യന്നൂർ ഡിവൈ.എസ്‌പിയെ മാറ്റണമെന്നും ഡിവൈ.എസ്‌പിയുടെ ഓഫിസിന്റെ സഹായത്തോടെയാണ് കേസിലെ പ്രതികൾ കള്ള പരാതിയുണ്ടാക്കി ഭർത്താവിനെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതെന്നും പരാതിയിൽ പറയുന്നു.

മകൾക്കുണ്ടായ ദുരനുഭവം മൂടിവെക്കുന്നതിനു വേണ്ടിയാണ് വ്യാപാരിയെ മർദ്ദിച്ചതായി കള്ളക്കഥ ഉണ്ടാക്കിയത്. ഭർത്താവായ എസ്‌ഐ സംഭവത്തെപ്പറ്റി പരാതിയുമായി ഡിവൈ.എസ്‌പി ഓഫിസിൽ പോയപ്പോൾ ഡിവൈ.എസ്‌പി ഭർത്താവിനോട് തട്ടിക്കയറുകയും വിശദീകരണം കേൾക്കാതെ മടക്കി അയക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു. കൂടാതെ പ്രതിയുടെ സഹോദരൻ മനുഷ്യാവകാശ പ്രവർത്തകനാണെന്നും പൊലീസിലെ ഉന്നതരുമായി നല്ല ബന്ധമുണ്ടെന്നും പറഞ്ഞ് ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. അതിനാൽ പ്രതികൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന ഡിവൈ.എസ്‌പിയുടെ ഡിവിഷന് കീഴിൽ ഈ കേസിന്റെ അന്വേഷണം നടത്തിയാൽ എന്റെ മകൾക്കും കുടുംബത്തിനും നീതി കിട്ടില്ലെന്ന് ഉറപ്പുണ്ട്. അതിനാൽ ഈ കേസിന്റെ അന്വേഷണം അങ്ങയുടെ മേൽനോട്ടത്തിൽ തന്നെ സത്യസന്ധമായി നടത്തണമെന്നും പ്രതികളെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികൾക്ക് വിധേയരാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസിൽ പ്രതി ചേർക്കപ്പെട്ട വ്യാപാരി ഉൾപ്പെടെ ആറുപേരും ഒളിവിൽ കഴിയുകയാണ്. പയ്യന്നൂർ നഗരത്തിൽ വെച്ച് ഷോപ്പിങിനായി രക്ഷിതാക്കളോടൊപ്പമെത്തിയ പെൺകുട്ടിയെ കാറിലിരിക്കവെ കേസിലെ മുഖ്യപ്രതിയായ വ്യാപാരിയുടെ നേതൃത്വത്തിൽ കൈ കടന്നുപിടിക്കുകയും അശ്‌ളീലവും അസഭ്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. എന്നാൽ ഇരയായ പെൺകുട്ടിയുടെ പിതാവായ എസ്‌ഐ വ്യാപാരിയെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തുവെന്നാണ് ആരോപണം.