കണ്ണുർ: പിണറായി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കുളിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ രഹസ്യക്യാമറ വെച്ച അദ്ധ്യാപകനെ പൊലിസ് അന്വേഷണത്തിനൊടുവിൽ പിടികൂടി.പിണറായി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പെൺകുട്ടികൾ ഉപയോഗിക്കുന്ന ശുചി മുറിയിലാണ് ക്യാമറ കണ്ടെത്തിയത്.

ഒരു വിദ്യാർത്ഥിനി ഈ കാര്യം അദ്ധ്യാപികമാരോട് പറഞ്ഞതിനെ തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് പിണറായി പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് എസ്‌ഐവിനോദ് കുമാർ വനിതാ ഉദ്യോഗസ്ഥ റമീള എന്നിവർ ചേർന്ന് രഹസ്യക്യാമറ പരിശോധിക്കുകയും സ്‌കൂൾ അദ്ധ്യാപകരെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുകയായിരുന്നു സ്‌കുളിലെ അറബിക് അദ്ധ്യാപകനായ വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിന്റെ മൊബൈൽ ക്യാമറ പരിശോധിച്ചപ്പോൾ ഇത്തരം ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു.

തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി. വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്‌കുളിലെത്തി. ഇവരുടെ ആശങ്കകൾ അകറ്റുന്നതിനായി അടിയന്തിര അദ്ധ്യാപക-രക്ഷാകർതൃ യോഗം ചേർന്ന് അദ്ധ്യാപകനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു.ഒരു മാസം മുൻപാണ് ഈ സ്‌കൂളിൽ ഇയാൾ അദ്ധ്യാപകനായി എത്തിയത്.

കുറ്റാരോപിതനെ ചോദ്യം ചെയ്തതിന് ശേഷം തലശേരിയിൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.കുറ്റാരോപിതതായ അദ്ധ്യാപകന്റെ മൊബൈൽ ക്യാമറ പരിശോധിച്ചതിൽ നിന്നും നിരവധി അശ്‌ളീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തിയതെന്ന് പൊലിസ് പറഞ്ഞു.