മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി എം.എസ്‌പി ഗ്രൗണ്ടിന് സമീപത്ത് 10 രൂപ നൽകി 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. മലപ്പുറം കാളമ്പാടി തെക്കെപുറം അലി (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ 29ന് കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപത്താണ് സംഭവം. പരാതിയെ തുടർന്ന് കഴിഞ്ഞ 29ന് വൈകീട്ടോടെയാണ് പ്രതി മലപ്പുറം കാളമ്പാടി തെക്കെപുറം അലിയെ മലപ്പുറം എസ് ഐ മുഹമ്മദ് അബ്ദുൽ നാസിർ പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം അടുത്തിടെ വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലപ്പുറത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ അറസറ്റ് ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫി(53) നെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. താനൂരിലെ പ്രൈമറി വിദ്യാലയത്തിലെ അദ്ധ്യാപകനായ ഇയാളെ നേരത്തെ രണ്ട് തവണ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താനൂരിൽ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഒന്നിലധികം കുട്ടികളെ ഇയാൾ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയിതായി വിവരം ലഭിച്ചിട്ടുണ്ടങ്കിലും മറ്റ് പരാതികൾ കിട്ടിയിട്ടില്ല.

ഏഴുവർഷം മുമ്പ് പരപ്പനങ്ങാടി നെടുവ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന സമയത്ത് അമ്പതോളം കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നേരേത്തെ അറസ്റ്റ് ഉണ്ടായത്. വിദ്യാർത്ഥികളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പരാതിയിൽ നേരത്തെ രണ്ട് പോക്‌സോ കേസിൽ വിചാരണ നേരിട്ട് വരികയാണ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.