കണ്ണൂർ: പതിനാറുവയസുകാരിയായ സംഗീത വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കലാപഠനകേന്ദ്രം മേധാവിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ. കുട്ടിയെ മിഠായി നൽകി മയക്കി ചൂഷണത്തിന് വിധേയമാക്കുകയും വിവരം പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജ് സി.മുജീബ് റഹ്മാനാണ് കേസിലെ പ്രതിയായ കാർത്തികപുരം സ്വദേശിയും കരുവഞ്ചാൽ ശ്രുതി മ്യൂസിക് ഉടമയുമായ ജിജി ജേക്കബിനെ(52)ശിക്ഷിച്ചത്. ഇയാൾ പകർത്തിയ പെൺകുട്ടിയുടെ ഫോട്ടോ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിനതടവിന് കൂടി ശിക്ഷിച്ചിട്ടുണ്ട്.

2015-ൽ ഓണം നാളിലാണ്് കേസിനാസ്പദമായ സംഭവം. മലയോരത്തെ ഒരു ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഗീതവിദ്യാലയത്തിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ അതുവരെ പഠിപ്പിച്ച അദ്ധ്യാപകൻ അവധിയിലായതിനാൽ താൻ പഠിപ്പിക്കാമെന്ന് ഉടമയായ ജിജി ജേക്കബ് പറയുകയായിരുന്നു. ഇതിനിടെയിൽ പെൺകുട്ടിക്ക് മയക്കുമിഠായി തന്ത്രത്തിൽ നൽകി ബോധം കെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇതിനു ശേഷം കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ ഇയാൾ പിന്നീട് ഇതുകാണിച്ചു ഭീഷണിപ്പെടുത്തുകയും തുടർച്ചയായി എട്ടുതവണ ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്തു. താൻ പറഞ്ഞാൽ പള്ളികളിലെ കൊയറുകളിലും മറ്റും പാടാൻ അവസരം ലഭിക്കുമെന്നും പീഡനത്തിനിരയായ കാര്യം പുറത്തുപറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.

എന്നാൽ പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി പരീക്ഷയിൽ തോൽക്കുകയും ആരോടും മിണ്ടാതെയിരിക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ വിവരങ്ങൾ അന്വേഷിക്കുന്നത്. ഇതിനെ തുടർന്ന് ഇവർ പെൺകുട്ടിയെ ധ്യാനകേന്ദ്രത്തിൽ കൊണ്ടു പോയിരുന്നു എന്നിട്ടും സൗഖ്യം ലഭിക്കാത്തതിനെ തുടർന്നാണ് താൻ പീഡനത്തിനിരയായ വിവരം പെൺകുട്ടി അമ്മയോട് പറയുന്നത്. ഇവരുടെ പരാതി പ്രകാരം ആലക്കോട് പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ആലക്കോട് സി. ഐ എ.വി ജോണാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.