കാഞ്ഞങ്ങാട് : ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ മാടക്കാലിൽ എട്ടുവയസ്സുകാരിയെ മാവിൻ മുകളിൽ നിന്നിറക്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പോക്‌സോ കേസിൽ എട്ടു സാക്ഷികളെ ഹോസ്ദുർഗ്ഗ് പോക്‌സോ കോടതിയിൽ വിസ്തരിച്ചു. 2021 ജനുവരി 13നും അതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലും ഈ കേസിലെ പ്രതി, പ്രദീപന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതി. മാവിൻ മുകളിൽ നിന്ന് താഴെയിറക്കാൻ സഹായിച്ച പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ചന്തേര പൊലീസ് രജിസ്റ്റർ ചയ്ത കേസ്. കഴിഞ്ഞ നാലു ദിവസം തുടർച്ചയായി പോക്‌സോ കോടതിയിൽ വിചാരണ നടന്നുവരികയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും, അമ്മയെയും ഇന്നലെ കോടതി വിസ്തരിച്ചു. പ്രതി പ്രദീപൻ മൂന്നുദിവസവും തന്നെ മാവിൻ മുകളിൽ നിന്ന് ദേഹത്ത് പിടിച്ച് താഴെയിറക്കിയെന്നും, പെൺകുട്ടി കോടതി മുമ്പാകെ മൊഴി നൽകി. ജനുവരി 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ പെൺകുട്ടിയെ പ്രതി മാവിൽ നിന്നിറക്കിയ ശേഷം രഹസ്യ ഭാഗത്ത് തൊട്ടുവെന്നാണ് കേസ്സ്. സംഭവം നടന്നത് മൂന്ന് ദിവസവും വൈകുന്നേരങ്ങളിലാണ്. കേസിൽ ജില്ലാ ആശുപത്രിയിൽ പെൺകുട്ടിയെ പരിശോധിച്ച ഗർഭാശയ രോഗ വിദഗ്ധയേയും കുറ്റപത്രം സമർപ്പിച്ച ചന്തേര ഇൻസ്‌പെക്ടർ കെ.പി. നാരായണനേയും കോടതി വിസ്തരിച്ചു.

സംഭവം നടന്ന ശേഷം മൂന്നാം ദിവസം അമ്മ കുളിപ്പിക്കുമ്പോഴാണ് പ്രതി തന്റെ രഹസ്യഭാഗത്തും മറ്റും തൊട്ടുവെന്ന കാര്യം പറഞ്ഞതെന്നാണ് അമ്മ കോടതിയിൽ നൽകിയ മൊഴി. അമ്മസംഭവം അവരുടെ സഹോദരിയോട് പറഞ്ഞു. 14-ന് അമ്മ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിച്ചു. 15-ന് പ്രതിക്കെതിരെ ചന്തേര പൊലീസിൽ പരാതി നൽകി. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്നുതന്നെ മജിസ്‌ത്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തിയ ശേഷം പ്രതി പ്രദീപനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

കേസ് കോടതിയിലെത്തിയപ്പോൾ, മൂന്ന് ദിവസവും മാവിൻ മുകളിൽ നിന്ന് അതിജീവിതയെ താഴെയിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന കുറ്റം അവിശ്വസനീയമാണെന്നും, കേസ്സ് നില നിൽക്കില്ലെന്നും വാദിച്ച് പ്രതിയുടെ അഭിഭാഷകൻ ബി.ഏ. ആളൂർ നേരത്തെ കോടതിയിൽ വിടുതൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി പോക്‌സോ കോടതി തള്ളിക്കളഞ്ഞതിനാൽ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ്സ് പോക്‌സോ കോടതിയിൽ വിചാരണ നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. മെയ് 9- മുതൽ പോക്‌സോ കോടതിയിൽ വിചാരണ നടന്നു വരുന്നു.

പ്രതി ഭാഗത്തിന് വേണ്ടി പ്രമുഖ അഭിഭാഷകൻ ബി.ഏ. ആളൂർ ഹാജരായി. സംഭവം നടന്ന 2021 ജനുവരി 13-ന് ശേഷം മാടക്കാലിലുള്ള പ്രതി പ്രദീപന്റെ വീട് എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിയുടെ ഭാര്യയുടെ പരാതിയിൽ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സ് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ കാത്തു കഴിയുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും, അങ്ങനെ ഉപദ്രവിച്ചതായി കുട്ടി ആരോടും പറഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പോക്‌സോ കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ ഇന്നും തുടരുകയാണ്.