- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ക്ലാസ് മുതൽ മൂന്നുവർഷത്തോളം അച്ഛന്റെ പീഡനം; കൊള്ളരുതായ്മയ്ക്ക് അമ്മയും കൂട്ട്; കേസ് മെല്ലപ്പോക്കായതോടെ അച്ഛൻ മുങ്ങി; രണ്ടുലക്ഷം വാഗ്ദാനം ചെയ്ത് കേസ് പിൻവലിപ്പിക്കാൻ അമ്മയുടെ ചരട് വലി; മകളുടെ പരാതിയിലെ പോക്സോ കേസിൽ അന്വേഷണം ഉഴപ്പി ചന്തേര പൊലീസ്
കാസർകോഡ്: മൂന്നാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ മൂന്നുവർഷത്തോളം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി. അമ്മ ഇതിന് കൂട്ടുനിന്നെന്നും, പരാതിപ്പെട്ടിട്ടും കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് കാസർകോഡ് ചന്തേര പൊലീസ് സ്വീകരിച്ചതെന്നും ആരോപണം. അച്ഛനെതിരേ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ മാത്രം പൊലീസിന് കഴിഞ്ഞിട്ടില്ല.
പ്രതിയെ കാണാനില്ലെന്നും കോടതിയെ സമീപിച്ച് വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറയുമ്പോൾ, അമ്മയുടെ ഫോണിലേക്ക് അച്ഛൻ എന്നും വിളിക്കുന്നുണ്ടാണ് സൂചന. പ്രതി എവിടെയാണെന്ന് അമ്മയ്ക്ക് അറിയാമെന്ന പെൺകുട്ടിയുടെ മാതൃസഹോദരി പറയുന്നു. നിലവിൽ ഇവരുടെ സംരക്ഷണയിലാണ് പെൺകുട്ടി. രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കുട്ടിയുടെ അമ്മ കേസ് പിൻവലിപ്പിക്കാൻ നീക്കം നടത്തിയതായും ഇവർ ആരോപിച്ചു.
പോക്സോ കേസ് രജിസ്റ്റർ ചെയ്ത് മൂന്നുവർഷം കഴിഞ്ഞിട്ടും പൊലീസ് അലംഭാവം കാട്ടുകയാണ്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒറ്റതവണ മാത്രമല്ല, മൂന്നാംക്ലാസ് തൊട്ട് ആറാംക്ലാസ് വരെ പലതവണ ഉപ്പ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. രാത്രി ഉപ്പാന്റെ കൂടെ കിടക്കാതിരുന്നാൽ പ്രശ്നമാക്കും. ഉമ്മയും പ്രശ്നമുണ്ടാക്കും. മോൾ താഴെ കിടക്കണമെന്നാണ് ഉമ്മ പറയാറ്. പക്ഷേ, ആ ചെറിയ പ്രായത്തിൽ തനിക്ക് ഇതൊന്നും പുറത്തുപറയാൻ അറിയുമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നത്. പിന്നീട് പരാതി നൽകി. മജിസ്ട്രേറ്റിന് മൊഴിയെല്ലാം നൽകി. എന്നിട്ടും അവർ കേസ് അന്വേഷിക്കുന്നില്ല.
കേസ് കൊടുക്കുമ്പോൾ ഉപ്പ നാട്ടിൽ തന്നെയുണ്ടായിരുന്നു. അന്വേഷണം മെല്ലെയായതോടെയാണ് ഉപ്പ മുങ്ങിയത്. പൊലീസ് ഉരുണ്ട് കളിക്കുകയാണ്. കേസ് കൊടുത്തതിന് ഉമ്മയും മാനസികമായി തളർത്തുകയാണ്. റെസ്‌ക്യൂ ഹോമിലാണ് ഇപ്പോൾ കഴിയുന്നത്. നിലവിൽ അവധിക്കാലമായതിനാൽ ഇളയമ്മയുടെ വീട്ടിലാണ്. റെസ്‌ക്യൂഹോമിലും വലിയ പീഡനമാണ്. അവിടെ നിൽക്കാനും കഴിയില്ല, പെൺകുട്ടി സങ്കടത്തോടെ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ