തളിപ്പറമ്പ്: പതിനഞ്ചു വയസുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ. കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ (22)യാണ് ബംഗളൂരുവിൽ വെച്ച് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22-നാണ് ആന്തൂർ നഗരസഭാ പ്രദേശത്തെ 15 കാരിയെ ഇയാൾ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ വശീകരിച്ച് ജിതേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയതിനു ശേഷം പൊലീസ് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ഇരുവരും മൈസൂരു വഴി ബംഗളൂരുവിൽ എത്തിയിരുന്നു.

അവിടെവച്ചാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയെത്താത്തതിനാൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് എസ്‌ഐ.പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.