- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 കാരിക്ക് അബോർഷന് മരുന്നു കുറിച്ചു നൽകിയ ഡോക്ടർക്ക് ജാമ്യമില്ല; പോക്സോ കേസിലെ രണ്ടാം പ്രതി പൂന്തുറയിൽ വ്യാജ അലോപ്പതി ചികിത്സ നടത്തിയ ഹോമിയോ ഡോക്ടർ
തിരുവനന്തപുരം: പതിനാറു വയസ്സു പ്രായമുള്ള പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അലോപതി മരുന്നു കുറിച്ചു നൽകിയ 62 കാരനായ ഹോമിയോ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. തിരുവല്ലം വേങ്ങര ക്ഷേത്രത്തിനു സമീപം പ്രണവം വീട്ടിൽ താമസം സോമശേഖരൻ നായർ മകൻ 62 വയസ്സുള്ള ഡോക്ടർ പ്രേംചന്ദിന്റെ മുൻകൂർ ജാമ്യാപേക്ഷ ആണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംപി.ഷിബു നിരസിച്ചത്.
പൂന്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഡോക്ടർ. ഹോമിയോ ഡോക്ടർ ആയ പ്രതി ദീർഘകാലമായി പൂന്തുറ ഭാഗത്ത് ഒരു ബോർഡ് പോലും സ്ഥാപിക്കാതെ അലോപ്പതി ചികിത്സ നടത്തി വരികയായിരുന്നു. മൈനർ ആയ പെൺകുട്ടി ആണ് എന്ന് അറിഞ്ഞുകൊണ്ട് പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നതിന് അലോപതി മരുന്നു കുറിച്ചു നൽകുകയും ടി മരുന്ന് ഉപയോഗിച്ച് പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുകയുമുണ്ടായി എന്നാണ് പ്രോസിക്യൂഷൻ കേസ്.
പെൺകുട്ടി സ്വയം നടത്തിയ പ്രെഗ്‌നൻസി ടെസ്റ്റിൽ ഗർഭിണിയാണ് എന്ന് മനസ്സിലാക്കി ഒന്നാം പ്രതിക്കൊപ്പം ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയും ഡോക്ടർ പരിശോധിച്ചശേഷം അലോപ്പതി മരുന്നു കുറിച്ചുനൽകുകയുമുണ്ടായി. പ്രതി ചെയ്തത് അതിഗുരുതരമായ ഒരു ക്രിമിനൽ കുറ്റം ആണ് എന്നും പെൺകുട്ടിയുടെ ജീവൻ വരെ അപകടം സംഭവിക്കാൻ സാധ്യത ഉണ്ടായിരുന്നു എന്നും തൊഴിൽപരമായ പരിരക്ഷ ഡോക്ടർക്ക് ലഭ്യമല്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്നും പ്രതിയുടെ പ്രവർത്തി യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ആകയാൽ പ്രതിയുടെ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.