പത്തനംതിട്ട: ഒരാഴ്ച ഒപ്പം താമസിച്ച പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന കേസിൽ വയോധികനെ പോക്സോ കോടതി 51 വർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. സാക്ഷികൾ എല്ലാം ബന്ധുക്കൾ ആയതിനാൽ കൂറുമാറ്റം നടന്ന കേസിലാണ് പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും.

കഴിഞ്ഞ വർഷം ഏനാത്ത് പൊലീസ് ചാർജ് ചെയ്ത കേസിൽ ഏനാത്ത് കുളക്കട ഈസ്റ്റ് തുരുത്തിൽ ദിവ്യാസദനം വീട്ടിൽ രാജു (62) വിനെയാണ് പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. പ്രതി ഭാര്യയുമായി പിണങ്ങി ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരുമ്പോഴാണ് ഒപ്പം താമസിക്കാൻ വന്ന പതിമൂന്നുകാരനെ ക്രൂരമായി പീഡിപ്പിച്ചത്.

പിതാവിനൊപ്പം തിരികെ മടങ്ങിയ കുട്ടിയുടെ പെരുമാറ്റത്തിൽ അപരിചിതത്വം അനുഭവപ്പെട്ടപ്പോൾ കൗൺസിലിങിന് വിധേയനാക്കുകയായിരുന്നു. അപ്പോഴാണ് പ്രതിയിൽ നിന്നും പ്രകൃതി വിരുദ്ധ പീഡനം നേരിടേണ്ടി വന്ന വിവരം മനസിലാകുന്നത്. തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് പൊലീസ് കേസാക്കി.

കുട്ടിയെ ലൈംഗിക ദുരുപയോഗം ചെയ്തത് ഗൗരവമായി കണ്ട കോടതി ഐ.പി.സി വകുപ്പ് 377 പ്രകാരം എട്ടു വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ നാലു മാസം അധിക തടവും പോക്സോ ആക്ട് വകുപ്പ് 5 (1) പ്രകാരം 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവിനും ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പ് 75 പ്രകാരം 3 വർഷം കഠിന തടവ് എന്നിങ്ങനെയാണ് വിവിധ വകുപ്പുകൾ പ്രകാരം ലഭിച്ച ശിക്ഷ.

എന്നാൽ പ്രതിയുടെ പ്രായവും രോഗാവസ്ഥയും പരിഗണിച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന വിധിന്യായ പ്രകാരം പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രുപ പിഴയും ഒടുക്കിയാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷികൾ എല്ലാം പ്രതിയുടെ ബന്ധുക്കൾ ആയതിനാൽ കൂറുമാറ്റത്തെയും അതിജീവിച്ചാണ് തെളിയിക്കപ്പെട്ടത്. ഏനാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് ചാർജ് സമർപ്പിച്ചത് ഇൻസ് പെക്ടർ ഓഫ് പൊലീസ് ആയിരുന്ന പി.എസ്. സുജിത്താണ്.