ബംഗളൂരു: പതിനേഴുകാരനൊപ്പം ഒളിച്ചോടിയ 24 കാരിയായ വീട്ടമ്മയെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കോലാർ ഗോൾഡ് ഫീൽഡ്സ് (കെ.ജി.എഫ്) സ്വദേശിനിയായ വീട്ടമ്മയാണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽനിന്ന് അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം വീട്ടമ്മയ്‌ക്കെതിരെ ചുമത്തി.

ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമാണ് പോക്സോ ചുമത്തിയത്. ഒരേ പ്രദേശത്ത് താമസിച്ചിരുന്ന ഇരുവരും തമ്മിൽ ദീർഘനാളായ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടിവെള്ള വിതരണം നടത്തുന്നയാളാണ് വീട്ടമ്മയുടെ ഭർത്താവ്. രണ്ടുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്‌കൂളിൽവച്ച് പഠനം ഉപേക്ഷിച്ചയാളാണ് 17 കാരൻ.

ഒക്ടോബർ 24 നാണ് ഇരുവരെയും കാണാതായത്. അന്നുരാത്രിതന്നെ വീട്ടമ്മയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 17 കാരന്റെ പിതാവും പരാതിയുമായി അതേ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ ഓഫീസറുടെ മേശപ്പുറത്ത് പരാതികൾക്കൊപ്പം കാണാതായ യുവതിയുടെ ഫോട്ടോയും കണ്ട പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് അയൽവാസികളും പൊലീസിനോട് പറഞ്ഞു.

ഇതേത്തുടർന്ന് സമീപത്തെ ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് 17 കാരനും വീട്ടമ്മയും ആന്ധ്രയിലേക്കുള്ള ബസിൽ കയറിയതായി വിവരം ലഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയാണെന്ന വിവരം ലഭിച്ചു. വിശാഖപട്ടണം, വിജയവാഡ, നെല്ലൂർ, മഹാബലിപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ ഇവർ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

നവംബർ 13 ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലുള്ള ലോഡ്ജിൽനിന്ന് പൊലീസ് ഇരുവരെയും പിടികൂടി. 17 കാരനുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹം കഴിക്കുമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.