- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം; നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ റോയ് വയലാട്ടിനും സൈജു തങ്കച്ചനും മുൻകൂർ ജാമ്യമില്ല; അഞ്ജലിക്ക് ജാമ്യം; പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിങ്ങെന്ന വാദം തള്ളി ഹൈക്കോടതി; ഇരുവരെയും അറസ്റ്റ് ചെയ്യാൻ നീക്കം
കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ മുഖ്യപ്രതികളായ റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാട്ടിൽ രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ ഹർജിയാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്. എന്നാൽ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരായ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇവർ സമാനമായ കുറ്റകൃത്യം ആവർത്തിക്കുന്നവരാണെന്നും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നുമുള്ള സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്കെതിരായി ഇരകളാക്കപ്പെട്ട പെൺകുട്ടികൾ നൽകിയ മൊഴികൾ പരിശോധിച്ചും തെളിവുകൾ വിലയിരുത്തിയുമാണ് ജസ്റ്റിസ് പി. ഗോപിനാഥ് ബെഞ്ചിന്റെ നടപടി.
ഒരു സ്ത്രീ എന്ന പരിഗണന നൽകിയാണ് അഞ്ജലി റിമ ദേവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. മറ്റ് തെളിവുകളും വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയത്.
പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിങ് ആണെന്നായിരുന്നു പ്രതികളുടെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും മോഡലുകളുടെ മരണം ഉണ്ടായപ്പോൾ ഉന്നയിച്ച അതേ വാദങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
കോഴിക്കോട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.
റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നൽകിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും 3 മാസം കഴിഞ്ഞാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയതെന്നത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി.
പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി. റോയ് വയലാട്ടിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
കോഴിക്കോട്ട് മാർക്കറ്റിങ് സ്ഥാപനം നടത്തി വരുന്ന അഞ്ജലി റീമ ദേവ് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലേയ്ക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നതായും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നതുമായി ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. ബിസിനസ് മീറ്റിന് എന്ന പേരിൽ കൊച്ചിയിൽ എത്തിച്ച് സ്റ്റാർ ഹോട്ടലിൽ താമസിപ്പിച്ച് ക്ലബിൽ എത്തിക്കുന്നതാണ് രീതി എന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.
മോഡലുകൾ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പാണ് ഇവർ അഞ്ജലിക്കും മറ്റ് അഞ്ചു പെൺകുട്ടികൾക്കും ഒപ്പം കൊച്ചിയിലെത്തുന്നത്. പേരിന് ഒന്നുരണ്ടിടങ്ങളിൽ മീറ്റിങ് നടത്തിയ ശേഷം നമ്പർ 18 ഹോട്ടലിൽ എത്തിച്ച് ലഹരി നൽകാൻ ശ്രമിച്ചെങ്കിലും നിരസിച്ചു. സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെങ്കിലും സംഘം സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടെന്നു പറയുന്നു.
തുടർന്ന് മോഡലുകളുടെ മരണത്തോടെ ഈ വിവരം കോഴിക്കോട് സിറ്റി പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ പോക്‌സോ കേസെടുക്കുന്നതും പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുന്നതും. പെൺകുട്ടികൾ പലരും പൊലീസിൽ പരാതി നൽകിയില്ലെങ്കിലും മൊഴി നൽകിയിരുന്നു. ഈ മൊഴിയിലാണ് ഇപ്പോൾ പ്രതികളുടെ മുൻകൂർ ജാമ്യം കോടതി തള്ളിയിരിക്കുന്നത്.
അതേ സമയം പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ച അഞ്ജലിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി അനുവദിച്ചത് ഞെട്ടിക്കുന്ന വിവരമാണെന്നും ഇവരിൽ നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ യുവതി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ