- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡലുകളെ കാറിടിച്ച കേസിൽ രക്ഷയായത് ഉന്നത ബന്ധങ്ങൾ; ആശുപത്രിയിൽ കിടന്ന് ജയിൽ വാസം ഒഴിവാക്കിയ ആ പഴയ കളി ഇനി നടക്കില്ല; നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും സൈജു തങ്കച്ചനും മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി; ഇര 17 വയസ് മാത്രം പ്രായമുള്ള കുട്ടി; പോക്സോ കേസിൽ ഫോർട്ടു കൊച്ചിയിലെ പ്രമുഖൻ കുടുങ്ങും
ന്യൂഡൽഹി: കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ഹോട്ടൽ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി. ഇതേ തുടർന്ന് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇരുവരും പിൻവലിച്ചു.
സിസിടിവി ദൃശ്യങ്ങളും, ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവ്വമേറിയ കേസാണിത്. ഇരയുടെ രഹസ്യമൊഴിയുൾപ്പടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്ന് റോയ് വയലാട്ടിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ വാദിച്ചു. അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒപ്പം ഡാൻസ് കളിക്കാൻ പറഞ്ഞതിന് പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും ലൂതറ വാദിച്ചു.
എന്നാൽ മുൻകൂർ ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ സ്ഥിരം ജാമ്യത്തിനായി കോടതികൾ സമീപിക്കുമ്പോൾ പരിഗണിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
സിദ്ധാർഥ് ലൂതറയ്ക്ക് പുറമെ അഭിഭാഷകൻ കെ പരമേശ്വറും റോയ് വയലാട്ടിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായി. സൈജു തങ്കച്ചന് വേണ്ടി സീനിയർ അഭിഭാഷകൻ ഐ. എച്ച് സയ്ദ്, അഭിഭാഷകൻ ആബിദ് അലി ബീരാൻ എന്നിവരാണ് ഹാജരായത്.
എറണാകുളത്ത് മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമയായ റോയ് വയലാട്ടിനെതിരെ അന്വേഷണം നടന്നിരുന്നെങ്കിലും ഉന്നത ബന്ധങ്ങളാണ് കേസിൽ തുണയായത്. അന്ന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കേസ് പുരോഗമിച്ചിരുന്നെങ്കിലും ആശുപത്രിയിൽ കിടന്ന് ജയിൽ വാസം ഒഴിവാക്കിയിരുന്നു.
ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കണ്ടെടുക്കാനുള്ള ശ്രമം നടന്നിരുന്നു. പല തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ഉടമ റോയ് ഹാജരാകാതെ വന്നതോടെ നോട്ടീസയച്ച് വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. നിയമ നടപടികളിൽ അന്ന് ഉന്നത ബന്ധങ്ങൾ തുണയായെങ്കിലും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതോടെ അന്വേഷണ സംഘത്തിന് കേസുമായി മുന്നോട്ടു പോകാൻ വഴി ഒരുങ്ങിരിക്കുകയാണ്.
പോക്സോ കേസിൽ അഞ്ജലി റിമ ദേവിന് ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഒരു സ്ത്രീ എന്ന പരിഗണന നൽകിയാണ് അഞ്ജലി റിമ ദേവിന് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ, റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗൗരവമുള്ളതാണ്. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയത്.വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്.
എന്നാൽ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്.അതേസമയം പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഇരയുടെ പരാതി കിട്ടിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി.ജോർജ് പറഞ്ഞു.
ന്യൂസ് ഡെസ്ക്