തൃശൂർ: മരിച്ചുപോയ ഭാര്യയുടെ ബന്ധുക്കൾ തന്നെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി പ്രവാസി. സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമം എന്നാണ് പ്രവാസി പരാതിപ്പെടുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് സ്വദേശിയും കറുകപുത്തൂരിലെ താമസക്കാരനുമായ ആലിക്കൽ പീടികയിൽ അബ്ദുൾ സലാമാണ് പരാതിക്കാരൻ. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭാര്യാ വീട്ടുകാർക്കെതിരെ പ്രവാസി ഗുരുതര ആരോപണമുന്നയിച്ചത്.

അബ്ദുൾ സലാമിന്റെ ഭാര്യ ജാസ്മിൻ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെ തന്റെയും ഭാര്യയുടേയും പേരിലുള്ള സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിന് വേണ്ടി തനിക്കെതിരെ പോക്സോ കേസ് ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് സലാമിന്റെ പരാതി. മരണാനന്തര ചടങ്ങിനെത്തിയ ഭാര്യാ മാതാവും ബന്ധുക്കളും 50 പവന്റെ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയുടെ വീട്ട് സാധനങ്ങളുമെടുത്താണ് തിരികെ പോയത്. തുടർന്ന് താൻ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യയുടെ മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ ദേഷ്യത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് ഭാര്യയുടെ വീട്ടുകാർ വ്യാജ പരാതി നൽകിയത്. പൊലീസ് മൊഴിയെടുത്തപ്പോൾ പെൺകുട്ടി ഇത് കളവാണെന്ന് പറഞ്ഞു. ഇതോടെ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. താൻ മറ്റൊരു വിവാഹത്തിന് മുതിർന്നപ്പോഴാണ് സ്വത്ത് കൈവശപ്പെടുത്താൻ തന്റെ മക്കളെ വശത്താക്കി ഇവർ ശ്രമം നടത്തുന്നതെന്നും സലാം ആരോപിച്ചു.