പത്തനംതിട്ട: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മ, അമ്മയുടെ കാമുകൻ എന്നിവർ അറസ്റ്റിൽ. പെരുനാട് സ്വദേശി ഷിബു ദേവസ്യ (46)യും കുട്ടിയുടെ മാതാവും ആണ് അറസ്റ്റിലായത്. കോയിപ്രം ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ അമ്മ കാമുകൻ താമസിക്കുന്ന വാടകവീട്ടിൽ എത്തിച്ചാണ് പീഡിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്തത്. കുട്ടിയുടെ പരാതിയെതുടർന്ന് കോയിപ്രം പൊലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസ് എടുത്തതിനെതുടർന്ന് ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ആലപ്പുഴ പൂച്ചാക്കൽ ഉണ്ടെന്ന് വ്യക്തമായി. വനിതാപൊലീസ് ഉൾപ്പെടെയുള്ള സംഘം അവിടെയെത്തി ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ, കുറ്റം സമ്മതിച്ച പ്രതികളെ രാത്രി പത്തു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാടകവീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു, മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് ഐ അനൂപ്, എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓ ജോബിൻ ജോൺ, സി പി ഓ രശ്മി എന്നിവരും ഉണ്ടായിരുന്നു.