- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപകനെതിരെ കൂടുതൽ പരാതികളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും; വിദ്യാർത്ഥിയുടെ തുടയെല്ല് ചവിട്ടിപൊട്ടിച്ച കേസിലും അദ്ധ്യാപകനെതിരെ കേസെടുത്തു; കേൾവി തകരാറുള്ള വിദ്യാർത്ഥിയുടെ ശ്രവണ സഹായി നശിപ്പിച്ചതായും പരാതി
കോഴിക്കോട്: പോക്സോ കേസിൽ അറസ്റ്റിലായ താമരശ്ശേരി കട്ടിപ്പാറയിലെ സ്വകാര്യ സ്കൂളിലെ കായിക അദ്ധ്യാപകൻ വിടി മനീഷിനെതിരെ കൂടുതൽ പരാതികളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. മനീഷ് നേരത്തെ ഒരു വിദ്യാർത്ഥിയുടെ തുടയെല്ല് ചവിട്ടിപൊട്ടിച്ചതായും കേൾവി തകരാറുള്ള വിദ്യാർത്ഥിയുടെ ശ്രവണ സഹായി നശിപ്പിച്ചതായുമുള്ള പുതിയ പരാതികളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിദ്യാർത്ഥിയുടെ തുടയെല്ല് ചവിട്ടിപൊട്ടിച്ചെന്ന പരാതിയിൽ നിലവിൽ കസ്റ്റഡിയിലുള്ള മനീഷിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
താമരശ്ശേരി മൈക്കാവ് സ്വദേശിയായ വിദ്യാർത്ഥിനിയാണ് പുതിയ പരാതി നൽകിയിരിക്കുന്നത്. കായികതാരമായ വിദ്യാർത്ഥിനിയെ സ്കൂളിലെ ജിംനേഷ്യത്തിൽ വെച്ച് തല്ലുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇക്കഴിഞ്ഞ മാർച്ച് 19നാണ് പുതിയ കേസിനാസ്പതമായ സംഭവം നടന്നിരിക്കുന്നത്. കായികതാരമായ വിദ്യാർത്ഥിനി പരിശീലനത്തിനിടയിൽ സ്കൂളിലെ ജംനേഷ്യത്തിൽ തളർന്ന് വീണിരുന്നു.
ഈ സമയത്ത് പരിശീലകനായ മനീഷ് തളർന്നു വീണ വിദ്യാർത്ഥിയോട് എഴുന്നേൽക്കാൻ പറഞ്ഞ് കൊണ്ട് അടിക്കുകയും കാലുകൾക്ക് ചവിട്ടുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അദ്ധ്യാപകന്റെ മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് പ്രാഥമിക ശുശ്രൂശ നൽകുകയും ചെയ്തില്ല. അടുത്ത ദിവസം രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയാണ് പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കിയത്. മനീഷിന്റെ മർദ്ദനത്തിൽ തുടയെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിയെ പിന്നീട് രക്ഷിതാക്കൾ മുക്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിയെ സ്കൂൾ അധികൃതരും തിരിഞ്ഞുനോക്കിയില്ല. വീണ് പരിക്കേറ്റു എന്നാണ് സ്കൂൾ അധികൃർ രക്ഷിതാക്കളെ അറിയിച്ചത്. രക്ഷിതാക്കളോട് വീണ് പരിക്കേറ്റതാണെന്ന് പറയാനാണ് വിദ്യാർത്ഥിയോടും സ്കൂൾ അധികൃതറും മർദ്ദിച്ച അദ്ധ്യാപകനും പറഞ്ഞത്. സത്യം പുറത്തുപറഞ്ഞാൽ പത്താം ക്ലാസ് പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടയെല്ലിന് പരിക്കേറ്റ് വിദ്യാർത്ഥി ഇപ്പോഴും ചികിത്സയിലാണ്. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ദേഹോപദ്രവം ഏൽപ്പിച്ചതിനും ജുവനൈൽ ആക്ട് പ്രകാരവും അദ്ധ്യാപകനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
കേൾവി തകരാറുള്ള വിദ്യാർത്ഥിയുടെ ശ്രവണ സഹായി നശിപ്പിച്ചു എന്നാണ് മനീഷിനെതിരെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന മറ്റൊരു പരാതി. കേൾവി തകരാറുള്ളത് കാരണം അദ്ധ്യാപകൻ പറഞ്ഞത് മനസ്സിലാകാതിരുന്ന വിദ്യാർത്ഥിയുടെ ചെവി പിടിച്ച് തിരിക്കുകയും ചെവിയിലുണ്ടായിരുന്ന ശ്രവണ സഹായി നശിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി. രണ്ട് വർഷങ്ങൾക്ക് മുമ്പ് വിദ്യാർത്ഥി എട്ടാം ക്ലാസിലായിരുന്ന സമയത്താണ് സംഭവമുണ്ടായത്. അന്ന് നാട്ടുകാരും സ്കൂൾ അധികൃതരും ഇടപെട്ട് അദ്ധ്യാപകനിൽ നിന്നും ശ്രവണ സഹായി നന്നാക്കുന്നതിനും ചികിത്സക്കുമായി നാൽപതിനായിരം രൂപ വാങ്ങി നൽകി പ്രശ്നം ഒത്തുതിർക്കുകയുമായിരുന്നു.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ 2019ൽ ബന്ധുവീട്ടിലും സ്കൂളിലെ സ്പോർട്സ് റൂമിലും വെച്ചു പീഡിപ്പിച്ചു എന്ന പരാതിയിൽ വെള്ളിയാഴ്ചയാണ് കട്ടിപ്പാറ ഹോളിഫാമിലി സ്കൂളിലെ കായികാദ്ധ്യാപകനും കോടഞ്ചേരി സ്വദേശിയുമായ വിടി മനീഷിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി എസ്ഐ കെ പ്രജീഷ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത മനീഷ് ഇപ്പോള്ൾ റിമാന്റിലാണ്.