- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്; അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു; കാമുകൻ അറസ്റ്റിലായതിന്റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിൽ എന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ ക്രൂര വിശദീകരണം; പോക്സോ കേസിൽ കുടുങ്ങിയ ജോസഫ് സ്വയം ന്യായീകരിക്കുന്നത് ഇരയെ കുറ്റപ്പെടുത്തി; അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളി സജീവം
തലശ്ശേരി: പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ കൗൺസലിങ് നടത്തുന്നതിനിടയിൽ അനാവശ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ചെയർമാൻ ഇ.ഡി.ജോസഫിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടും അറസ്റ്റില്ല. സംസ്ഥാന ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടിയതായി ചെയർമാൻ കെ.വി.മനോജ് കുമാർ അറിയിച്ചു. അതിനിടെ പ്രതിയെ രക്ഷിക്കാനും നീക്കമുണ്ട്.
പെൺകുട്ടികൾ പീഡനത്തിനു വിധേയമായിട്ടുണ്ടോ എന്നറിയാൻ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുക മാത്രമാണു ചെയ്തതെന്നു കമ്മിറ്റി ചെയർമാൻ ഡോ.ഇ.ഡി.ജോസഫ് പറയുന്നു. ഇത് മുഖവിലയ്ക്കെടുത്ത് കേസ് അട്ടിമറിക്കാനാണ് നീക്കം. അതിനിടെ ഇരയെ പരസ്യമായി കുറ്റപ്പെടുത്തിയും ജോസഫ് രംഗത്തു വന്നു. ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്. അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. കാമുകൻ അറസ്റ്റിലായതിന്റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിൽ എന്നും ഇയാൾ പ്രതികരിക്കുന്നു. മീഡിയാ വണ്ണിനോടാണ് ഈ പരാമർശം ജോസഫ് നടത്തിയത്.
മനപ്പൂർവ്വം തന്നെ കുടുക്കാനുള്ള ശ്രമമാണുണ്ടായതെന്നും ഇ.ഡി ജോസഫ് പറഞ്ഞു. ജോലിയുടെ ഭാഗമായി കൗൺസിലിങ് നടത്തുക മാത്രമാണ് ചെയ്തതെന്നും വനിതാ കൗൺസിലറും ഒപ്പമുണ്ടായിരുന്നുവെന്നും ഇ.ഡി ജോസഫ് പറഞ്ഞു. ശിശുക്ഷേമ സമിതികളുടെ പ്രവർത്തനത്തെ തന്നെ ഇത്തരം പരാതികൾ ബാധിക്കുമെന്നും ഇ. ഡി ജോസഫ് കൂട്ടിച്ചേർത്തു. എന്നാൽ ഇരയ്ക്കെതിരെ അതിരൂക്ഷമായ പരമാർശങ്ങളാണ് നിയമം അറിയാവുന്ന ജോസഫ് തന്നെ നടത്തിയിരിക്കുന്നത്. ഇതും വിവാദമായിട്ടുണ്ട്.
ആദ്യത്തെ പീഡനത്തെ സംബന്ധിച്ച് മജിസ്ട്രേറ്റ് മുന്നിൽ രഹസ്യമൊഴി നൽകുമ്പോഴാണ് സി ഡബ്യൂ സി ചെയർമാൻ അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് കുട്ടി പരാമർശിച്ചത്. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. അപ്പോഴും കേസെടുത്തുവെങ്കിലും അത് ഒതുക്കി തീർക്കാനാണ് അണിയറയിൽ ശ്രമം നടക്കുന്നത്.
സംഭവത്തെ പറ്റി ഉടൻ അന്വേഷിക്കാൻ പൊലീസിനോട് മജിസ്ട്രേട്ട് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് സർക്കാർ കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്നും കുടിയാന്മല മൊഴിയെടുത്തു.-പെൺകുട്ടി ആരോപിച്ച കൗൺസിലിങ്ങ് നടന്നത് മറ്റൊരു പൊലീസ് സ്റ്റേഷൻ പരിധിയിലെ കെയർ ഹോമിലാണ് . അതുകൊണ്ട് പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ. ആർ ആ പൊലീസിന് കൈമാറുകയാണ് ചെയ്തത്.
ഒക്ടോബർ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. 17-കാരിയുടെ മൊഴിയെടുത്തപ്പോൾ ചെയർമാൻ മോശമായി പെരുമാറിയെന്നും മോശമായ പദപ്രയോഗങ്ങൾ നടത്തിയെന്നുമാണ് പരാതി. ബാലാവകാശ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് വെൽഫയർ കമ്മറ്റിയിലേക്കുള്ള നിയമനങ്ങൾ പലതും രാഷ്ട്രീയമായാണ് നടക്കുന്നത്. ഇത് പലപ്പോഴും വിവാദമായിട്ടുമുണ്ട്. ഇതിന് പുതിയ മാനം നൽകുന്നതാണ് ഈ വിവാദവും.
മറുനാടന് മലയാളി ബ്യൂറോ