കോഴിക്കോട്: പോക്‌സോ കേസിൽ പ്രതിയായ സി പി എമ്മിന്റെ അദ്ധ്യാപക സംഘടനാ നേതാവ് വയനാട്ടിലെ റിസോട്ടിൽ അടിച്ചുപൊളിച്ചു കഴിയുന്നതായ വാർത്ത വന്നിട്ട് രണ്ടാഴ്ച പിന്നിടെ ഇനിയും ഇയാളെ പിടികൂടാത്തത് സി പി എം നേതൃത്വം നൽകിയ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ. അത്തോളി പൊലിസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ഇതുവരെയും പ്രതിയെ കണ്ടുകിട്ടിയില്ലെന്ന മറുപടിയാണ് പൊലിസിൽനിന്നു ലഭിക്കുന്നത്. കുട്ടികൾക്കു മാതൃകയാവേണ്ട അദ്ധ്യാപകനാണ് കൊച്ചുകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് പോക്സോ കേസിൽ പ്രതിയായിരിക്കുന്നത്.

അത്തോളിയിലെ ഒരു സ്‌കൂളിലെ അദ്ധ്യാപകനായ വി കെ ദീലീപ് കുമാറിനെതിരേ അത്തോളി പൊലിസായിരുന്നു പോക്‌സോ കേസെടുത്തത്. ജൂലൈ 13ന് ആയിരുന്നു വിദ്യാർത്ഥിനികൾക്കു മുന്നിൽ അദ്ധ്യാപകൻ നഗ്നതാ പ്രദർശനം നടത്തിയത്. മുൻപും ഈ അദ്ധ്യാപകൻ സഭ്യേതരമല്ലാത്ത രീതിയിൽ ക്ലസിലും പുറത്തുമെല്ലാം കുട്ടികളോട് പെരുമാറുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും ദിലീപിന്റെ പാർട്ടി സ്വാധീനത്താൽ പരാതിപ്പെടാൻപോലും ആരും തയാറാവാത്ത സ്ഥിതിയായിരുന്നു. തരംകിട്ടിയാൽ കൊച്ചുപെൺകുട്ടികളെ ചേർത്തുപടിക്കുകയും പാഠം പറഞ്ഞുകൊടുക്കുന്നതിന്റെ ഭാഗമെന്ന വ്യാജേന ദേഹത്ത് സ്പർശിക്കുന്നതായുമെല്ലാം പല കുട്ടികളും അദ്ധ്യാപകരോടും രക്ഷിതാക്കളോടുമെല്ലാം നിരന്തരം പരാതിപ്പെട്ടുകൊണ്ടിരുന്നു.

പാർട്ടി ബന്ധം കാരണം മുൻപ് ലഭിച്ച പരാതികളൊന്നും സ്‌കൂൾ അധികൃതർ ഗൗരവത്തിലെടുക്കുകയോ, പൊലിസിലോ ചൈൽഡ് ലൈനിലോ അറിയിക്കുകയോ ചെയ്തിരുന്നില്ലെന്നത് ഗുരുതര വീഴ്ചയായാണ് കാണുന്നത്. തനിക്കെതിരേ എന്ത് തോന്ന്യവാസം കാണിച്ചാലും ആരും പരാതിയുമായി ഇറങ്ങില്ലെന്ന ധൈര്യത്തിലാണ് ഒരാളും പ്രത്യേകിച്ച് ഒരു അദ്ധ്യാപകനും ചെയ്യാത്ത നിന്ദ്യവും നീചവുമായ പ്രവർത്തി തന്റെ പേരമക്കളുടെ മാത്രം പ്രായമുള്ള പെൺകുട്ടികൾക്ക് മുന്നിൽ ഇയാൾ കാണിച്ചത്.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നേരത്ത തള്ളിയിരുന്നു. പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് ബോധ്യപ്പെട്ടതിനാൽ ജാമ്യം ലഭിക്കുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലിസ് മാറിനിൽക്കുകയായിരുന്നുവെന്ന് തുടക്കത്തിൽ നാട്ടുകാർ ആരോപിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെയായിരുന്നു പ്രതി ഒളിവിൽ പോയത്. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു അദ്ധ്യാപകൻ ക്ലാസിൽവച്ച് നഗ്നതാ പ്രദർശനം നടത്തിയതായി പ്രധാനാധ്യാപികക്ക് പരാതി നൽകിയത്. ഈ പരാതി പിന്നീട് അത്തോളി പൊലിസിന് കൈമാറുകയായിരുന്നു. മൂന്നു വിദ്യാർത്ഥിനികളുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. അത്തോളിക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രതിയെ വയനാട്ടിൽ കണ്ടതിന്റെ വിഡിയോ ഉൾപ്പെടെ വന്നിരുന്നു. സ്റ്റേഷനിലുള്ള എസ് ഐയും സി ഐയുമെല്ലാം ഉൾപ്പെടുന്നതാണ് ഈ ഗ്രൂപ്പ്. എന്നിട്ടും എന്തുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്നാണ് നാട്ടുകാരിൽ അദ്ധ്യാപകന്റെ രാഷ്ട്രീയ പിടിപാടുകളെക്കുറിച്ച് ഗ്രാഹ്യമില്ലാത്തവർ ചോദിക്കുന്നത്.

മലപ്പുറത്തെ ഹൈസ്‌കൂളിലെ സി പി എം നേതാവായ അദ്ധ്യാപകനും സമാനമായ പോക്സോ കേസിൽ പ്രതിയാണ്. ഇയാളെയും അവസാനം വരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽനിന്നുണ്ടായത്. ദീർഘകാലമായി അദ്ധ്യാപകനായി ജോലി ചെയ്യുന്ന ദിലീപിന് സർവിസിൽ നിന്നു വിരമിക്കാൻ രണ്ടു വർഷം മാത്രമേയുള്ളൂ. മാന്യമായി ജോലി ചെയ്ത് നല്ലൊരു അദ്ധ്യാപകനെന്ന പേരോടെ ജോലിയിൽനിന്നു സംതൃപതിയോടെ മടങ്ങേണ്ടുന്നതിന് പകരം പോക്സോ കേസിൽ പ്രതിയായി ശിഷ്ടകാലം ജയിലഴികൾക്കുള്ളിലാവുന്ന സ്ഥിതിയിലേക്കാണ് ഈ അദ്ധ്യാപകൻ എത്തിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

അദ്ധ്യാപകന്റെ പ്രായവും മറ്റും കണക്കിലെടുത്ത് ഇത്തരം നീചമായ പ്രവർത്തികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഒപ്പം ജോലി ചെയ്യുന്ന അദ്ധ്യാപകരും അഭ്യുദയകാംക്ഷികളുമെല്ലാം പലപ്പോഴായി ദിലീപിനെ ഉപദേശിച്ചിട്ടും കുട്ടികളെ കാണുമ്പോൾ ഇയാൾക്കുണ്ടാവുന്ന അസുഖത്തിന് ഒരു കുറവുമുണ്ടായില്ലെന്നതാണ് സത്യം. പോക്സോ കേസായതിനാൽ പെട്ടെന്ന് ജാമ്യം ലഭിക്കില്ല. ഇതുകൂടി മുൻകൂട്ടി കണ്ടാവണം പാർട്ടി നേതൃത്വത്തിനൊപ്പം ഏത് കാര്യത്തിലും ദിലീപിന്റെ രക്ഷകനായി കൂടെ നിൽക്കുന്ന സി പി എമ്മിന്റെ ഉന്നത നേതാവ് ഇപ്പോഴും സംരക്ഷണവുമായി രംഗത്തുള്ളത്. പ്രതി എത്ര ഉന്നതനായാലും നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ള ആളായാലും അറസ്റ്റ് ചെയ്യാതെ നിലവിലെ അനങ്ങാപാറ നയം തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങൾക്ക് രൂപംനൽകുമെന്ന് രക്ഷിതാക്കളും നാട്ടുകാരും മുന്നറിയിപ്പ് നൽകി.

ജൂലൈ 30ന് അദ്ധ്യാപകൻ അവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞുകൂടുന്നത് അത്തോളിയിൽനിന്നു വയനാട്ടിൽ ചെന്നവർ നേരിൽ കാണുന്നത്. ഉടൻതന്നെ വിവരം നാട്ടുകാരെയും പൊലിസിനെയും ഇവർ അറിയിക്കുകയായിരുന്നു. പ്രതിയെ അതിവേഗം പിടികൂടട്ടെയെന്ന ആഗ്രഹത്താൽ ഇയാളെക്കുറിച്ചുള്ള വീഡിയോയും സ്ഥലത്തിന്റെ ലൊക്കേഷൻ മാപ്പുമെല്ലാം നൽകിയിരുന്നെങ്കിലും കേസിൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ അത്തോളി പൊലിസ് തയാറായില്ലെന്നാണ് ആരോപണം.

അതേസമയം തങ്ങളുടെ സ്റ്റേഷനിൽ ഒരൊറ്റ പോക്സോ കേസും പെന്റിങ്ങില്ലെന്നും പ്രതിയെ പിടികൂടാൻ സാധിക്കാത്തത് മാധ്യമങ്ങളിൽ ആദ്യം തന്നെ വാർത്ത വന്നതിനാലാണെന്നും അത്തോളി സി ഐ പി കെ ജിതേഷ് വ്യക്തമാക്കി. ചാനലുകളിൽ അദ്ധ്യാപകൻ പോക്സോ കേസിൽ പ്രതിയാണെന്നു സ്‌ക്രോൾ പോയതോടെ ദിലീപ് മുങ്ങുകയായിരുന്നു. വൈകിട്ട് അഞ്ചര മണിക്കാണ് ഇയാൾ വയനാട്ടിലെ റിസോട്ടിലുള്ളതായി ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. ഉടൻ വൈത്തിരി പൊലിസിന് ആ വിവരം കൈമാറി. അവർ എത്തുമ്പോഴേക്കും റിസോർട്ട് അടച്ചിരുന്നു. രാവിലെ മുതൽ വൈകുന്നേരം ആറുവരെ മാത്രം പ്രവർത്തിക്കുന്നതാണ് ആ സ്ഥാപനം. പ്രതി ഭാര്യയെയോ, ബന്ധുക്കളേയോ, സുഹൃത്തുക്കളേയോ ഒന്നും വിളിക്കുന്നില്ല. മൊബൈൽ സ്വിച്ച ഓഫ് ചെയ്തിട്ടിരിക്കുന്നതിനാലാണ് കണ്ടെത്താൻ പ്രയാസം നേരിടുന്നതെന്നും അന്വേഷണം ഊർജിതമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.