മഞ്ചേരി: പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് മരണംവരെ ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34കാരനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി ടി പ്രകാശ് ശിക്ഷിച്ചത്.

ബലാത്സംഗ കുറ്റത്തിന് മരണംവരെ ജീവപര്യന്തം കഠിന തടവും 50, 000 രൂപ പിഴയും, ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അനുഭവിക്കണം. പലതവണ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് പോക്സോ വകുപ്പ് പ്രകാരം ഏഴുവർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ഒടുക്കണം. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഒരുവർഷം കഠിന തടവും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിന തടവും അനുഭവിക്കണം. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷം വീതം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

നഷ്ടപരിഹാര തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും വിധിന്യായത്തിൽ പറയുന്നു. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 14 തെളിവുകളും ഹാജരാക്കി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജി പരിഗണിച്ച് 2020ൽ കേസ് വേഗത്തിൽ തീർപ്പാക്കുവാൻ ഹൈക്കോടതി നിർദ്ദേശം നൽകി. തുടർന്നാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി കേസ് പരിഗണിച്ചത്.

ജോലി സ്ഥലത്ത് നിന്ന് ലീവിന് എത്തിയ പ്രതി 2018 ജൂലൈയിൽ പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു. പീഡന ദൃശ്യം മൊബൈലിൽ പകർത്തി പിന്നീട് പലതവണ പെൺകുട്ടിയെ ഇയാൾ ബലാൽസംഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. ഉന്നത വിദ്യഭ്യാസയോഗ്യതയുള്ള പ്രതി കപ്പൽ ജീവനക്കാരനാണ്.