- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്‌സോ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം നടക്കുന്നില്ല; അഞ്ച് വർഷത്തിനു ശേഷവും വിചാരണ ആരംഭിക്കാത്ത നൂറുകണക്കിനു കേസുകൾ; പല കേസുകളും അട്ടിമറിക്കപ്പെടുന്നു; പോക്‌സോ കേസുകളിലെ പ്രത്യേക അന്വേഷണ സംഘത്തിനായി 200 തസ്തിക ഉടൻ
തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) നിയമത്തിന് പത്ത് വർഷം തികയുകയാണ്. സംസ്ഥാനത്തെ പോക്‌സോ കേസുകളുടെ എണ്ണം അനുദിനം വർധിക്കുമ്പോഴും കേസും കോടതി നടപടികളും മെല്ലേപോകുകയാണ്.
പോക്‌സോ കേസുകളിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയും ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കുകയും വേണമെന്നാണു നിയമമെങ്കിലും 5 വർഷത്തിനു ശേഷവും വിചാരണ ആരംഭിക്കാത്ത നൂറുകണക്കിനു കേസുകളാണു സംസ്ഥാനത്തുള്ളത്. ജീവനക്കാരുടെ അഭാവവും പോക്‌സോ കോടതികളിലെ ഇഴച്ചിലുമൊക്കെയാണ് ഇതിന് കരാണം.
വ്യക്തമായ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്ത സംഭവങ്ങൾ വേറെയുമുണ്ട്. മൂന്ന് വർഷം തുടർച്ചയായി തന്നെ പീഡിപ്പിച്ച പിതാവിനെ 4 വർഷമായിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ റെസ്‌ക്യൂ ഹോമിൽ കഴിയുന്ന കണ്ണൂർ സ്വദേശിനി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. 1142 കേസുകളാണ് ഈ വർഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 28 പുതിയ പോക്‌സോ കോടതികൾ അടുത്തിടെ തുടങ്ങിയത് കേസുകളിടെ ബാഹുല്യം കാരണമാണ്.
അതേസമയം നിയമത്തിന്റെ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റികൾ (സിഡബ്ല്യുസി) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പോലും കേസുകൾ അട്ടിമറിക്കാൻ കൂട്ടുനിന്നതായി പരാതികളുണ്ട്. ശിശുസൗഹൃദപരമായി നിയമം നടപ്പാക്കുന്നതിൽ സംസ്ഥാനം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നു ശിശുക്ഷേമ രംഗത്തുള്ളവർ പറയുന്നു. മിക്ക ഷെൽറ്റർ ഹോമുകളുടെയും സ്ഥിതി പരിതാപകരമാണ്. അതിജീവിതകളുടെ പുനരധിവാസത്തിന് സംവിധാനങ്ങളില്ല.
സിഡബ്ല്യുസികളിൽ യോഗ്യതയില്ലാത്തവരെ രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ തിരുകിക്കയറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സിഡബ്ല്യുസികളുടെ കാലാവധി മാർച്ച് 6ന് അവസാനിച്ചതാണ്. പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിമുഖങ്ങൾ പൂർത്തിയായെങ്കിലും പട്ടിക പുറത്തുവിട്ടിട്ടില്ല.
സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് വരുന്നു
അതേസമയം സുപ്രീം കോടതി ഉത്തരവു പ്രകാരം പോക്‌സോ കേസുകൾ അന്വേഷിക്കാൻ വേണ്ടി മാത്രം സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിനായി ഈ മാസം തന്നെ പൊലീസിൽ 200 തസ്തികയുണ്ടാക്കും. 300 തസ്തികയാണ് തീരുമാനിച്ചതെങ്കിലും സർക്കാരിന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് 100 തസ്തിക അടുത്ത വർഷത്തേക്ക് മാറ്റും. പുതുതായി തീരുമാനിച്ച സൈബർ ക്രൈം വിഭാഗത്തിന്റെ വരവും താമസിക്കും. സൈബർ, പോക്‌സോ അന്വേഷണ വിഭാഗങ്ങൾ ഒരുമിച്ചാണു വരുന്നതെന്നു തീരുമാനിച്ചെങ്കിലും പോക്‌സോ കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാടുള്ളതിനാൽ ഉടനെ വേണമെന്ന് തീരുമാനിക്കുകയായിരുന്നു.
സുപ്രീം കോടതി നിർദ്ദേശം വന്നിട്ട് ഒരു വർഷമായെങ്കിലും കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളാണു പ്രത്യേക സംഘത്തെ തീരുമാനിക്കാത്തത്. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നായപ്പോഴാണു കേരളം നടപടിക്കു വേഗം കൂട്ടിയത്. പല സംസ്ഥാനങ്ങളും പുതിയ തസ്തികയുണ്ടാക്കാതെ നിലവിലുള്ള ഉദ്യോഗസ്ഥരെ വച്ച് സംഘമുണ്ടാക്കിയതിനെയും കോടതി വിമർശിച്ചിരുന്നു.
സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 വീതം ഉദ്യോഗസ്ഥരുടെ സംഘമാണു രൂപീകരിക്കുന്നത്. 4 ഡിവൈഎസ്‌പി തസ്തിക പുതിയതായി സൃഷ്ടിക്കും. 16 നർകോട്ടിക് ഡിവൈഎസ്‌പിമാർക്ക് പോക്‌സോ കേസ് അന്വേഷണച്ചുമതല നൽകും. സിഐ, എസ്‌ഐമാരുടെ തസ്തിക കൂടുതൽ സൃഷ്ടിക്കും. വർഷം 16.80 കോടി രൂപയുടെ ബാധ്യത സർക്കാരിന് ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ