മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമത്തിൽ മലപ്പുറത്ത് ഇന്ന് രണ്ട് പേർക്കെതിരെ കേസെടുത്തു. കൽപകഞ്ചേരി, കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് പ്രതികൾക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഭാര്യാ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ബേക്കറിയിലെത്തിയ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ചതിനുമാണ് കേസുകൾ. മലപ്പുറം ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരു കേസുകളും രജിസ്റ്റർ ചെയ്തത്.

സ്‌ക്കൂളുകളിൽ നടന്ന കൗൺസിലിംഗിലാണ് രണ്ട് സംഭവങ്ങളും പുറത്തായത്. 16 കാരിയായ ഭാര്യാസഹോദരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചതിനാണ് കൽപകഞ്ചേരി സ്റ്റേഷനിലെ കേസ്. പ്രതിയെ രാത്രി എട്ടരയോടെ അറസ്റ്റ് ചെയ്തതായി കൽപകഞ്ചേരി എസ്. ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി പത്താം ക്ലാസിൽ പഠിച്ചിരുന്നപ്പോഴാണ് പീഡനത്തിനിരയായത്. സ്‌കൂൾ അവധി ദിവസങ്ങളിൽ സ്‌പെഷൽ ക്ലാസിനെന്ന് പറഞ്ഞ് പുറത്തിറക്കിയാണ് പീഡനം. നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം സഹോദരീ ഭർത്താവ് വഴിയിൽ ഓട്ടോറിക്ഷയുമായി കാത്തു നിൽക്കുകയും പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. കുറ്റിപ്പുറത്തെ ലോഡ്ജ് മുറി, കുറ്റിപ്പുറം സിമന്റ് ഗോഡൗണിനു പിറകിലെ മുറി, തിരൂരിലെ ലോഡ്ജ് മുറി എന്നിവിടങ്ങളിൽ വച്ചാണ് പീഡനം നടന്നത്. പല തവണ ഇവിടങ്ങളിൽ കൊണ്ടുവന്നതായി കുട്ടി കൗൺസിലിംഗിൽ പറഞ്ഞു. സ്‌കൂൾ കൗൺസിലിംഗിൽ പുറത്ത് പറഞ്ഞതോടെയാണ് സംഭവം ചൈൽഡ് ലൈൻ ട്രോൾ ഫ്രീ നമ്പറായ 1098 ൽ വിളിയെത്തുന്നത്. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയെ സർക്കാർ സംരക്ഷണ മന്ദിരത്തിലേക്ക് താൽക്കാലികമായി മാറ്റി. അറസ്റ്റിലായ പ്രതി തെയ്യാല സ്വദേശിയാണ്.

സ്‌കൂൾ കൗൺസിലിംഗിൽ കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ ഇടപെടലോടെയാണ് കരുവാരക്കുണ്ട് പൊലീസ് ഇന്ന് കേസെടുത്തത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കരുവാരക്കുണ്ട് പൊലീസ് പറഞ്ഞു. ടൗണിലുള്ള ബേക്കറി കടയിലെത്തുന്ന ഒമ്പതാം ക്ലാസുകാരനായ ആൺകുട്ടിയെ കടയുടെ അകത്തേയ്ക്ക് വിളിച്ചിരുത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ ആറ് മാസത്തിനിടെ പത്തിലധികം പ്രകൃതി വിരുദ്ധ കേസുകൾ കരുവാരക്കുണ്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തിതിട്ടുണ്ട്.