ഉദയഗുരുവന്നെന്റെ
ഓർമ്മയിൽ തഴുകുമാ;
ഉണർത്തുപാട്ടൊന്നെനിക്കിഷ്ടം!

ആഴിയിൽ-ആകാശവീഥിയിൽ
ഉണരുമാ-
ആന്ദോളനങ്ങളോടിഷ്ടം!

പുലർമഞ്ഞുവീണുയർന്ന്;
പുകമറക്കുള്ളിലായ്
ചിരിതൂകും പൂവിനോടിഷ്ടം

മഴമുകിൽ കാന്തിയിൽ
മന-മുകിൽ തൂകുമാ
'മയിൽ-നൃത്ത' മാണെനിക്കിഷ്ടം!

വരുക നീ, എന്നോതി-
നറുഗന്ധമേറിടും
പുലർതെന്നലോടെനിക്കിഷ്ടം

മൃദുസ്വനം മൂളുമാ
മുരളിക ഗാനവും;
മധുവൂറി; കൊഞ്ചലായ്
കൊഞ്ചി വിളിക്കുമാ;
പിഞ്ചുകുഞ്ഞൊന്നെനിക്കിഷ്ടം;
പിച്ചനടക്കും-ചിലമ്പിന്റെ
ഒച്ചയും;
പിച്ചക പൂ-പോൽ
വിരിയുമീ-പുഞ്ചിരി!

തെളിയും മിഴിക്കോണിൽ
ഒരു മന്ദഹാസമായ്;
ഉതിരുമീ-'മിഴി'നീരുമിഷ്ടം!
ഉതിരുമീ-'മന'നീരുമിഷ്ടം!