ഒരു മിന്നാമിനുങ്ങിന്റെ മിന്നലാട്ടം (കവിത)

സി.എസ്. കോടുകുളഞ്ഞി

മിന്നാമിന്നികൾ മിന്നി പറന്നു
ഓണനിലാവിലാ ചിങ്ങനിലാവിൽ
തെങ്ങിൻതോപ്പുകളിൽ തെങ്ങോലകൾക്കിടയിൽ
അവ മിന്നി മിന്നി പറന്നു

നടുറോഡിലെ കുണ്ടും കുഴികൾക്കുമീതെ
ടാറിട്ട് തീരാത്ത പണിതീരാത്ത റോഡുകൾക്കു മീതെ
പൊളിഞ്ഞ പാലങ്ങൾക്കുമീതെ
അവ മിന്നലായ് നിഴലാട്ടമായ് പറന്നു.

വേലികൾക്കരികെ നിരയായ് നാലുമണിപ്പൂക്കളും
തുമ്പയും തുളസിയും മന്ദാരവും ചെമ്പരത്തിയും
മുല്ലദളങ്ങളും കിന്നാരംചൊല്ലിയവർ പൊട്ടിച്ചിരിച്ചു
കാക്കകൾ മൈനകൾ മാടത്തകൾ പലതും
കൂടുതേടി പറന്ന് പൊങ്ങുമാനേരം
ഓണംകേറാമൂലകളിൽ മുൾപ്പടർപ്പിനുമീതെ
ഒരു സ്‌നേഹദീപവുമായി മാവേലി തമ്പുരാന് തേടി പറന്നു.

ഓണനിലാവിലാ ചിങ്ങകുളിർകാറ്റിൽ
വൈകിയെത്തുമാ മാവിലിയെ തേടി ആ സന്ധ്യയിൽ.