- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മാവിന് തീപിടിച്ചാൽ വസ്ത്രം കത്തിപ്പോകാതിരിക്കുന്നത് എങ്ങനെയെന്ന് എഴുതുമ്പോൾ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു; പ്രണയത്തിന്റെ ഉന്മാദം എന്നിൽ നിറഞ്ഞുനിന്നു; ഏതോ യാമത്തിൽ തളർന്നുറങ്ങി ഉണർന്നപ്പോൾ മേശപ്പുറത്തെ ഡയറിയിൽ നിറയെ പ്രണയം; പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങൾ കോർത്ത് 'പ്രണയ ലുത്തിനിയ' പിറവിയെടുത്ത ഓർമ്മകൾ പ്രണയദിനത്തിൽ പങ്കുവച്ച് കവി റോസി തമ്പി
'ഇവിടെ നൂറ്റൊന്നു കാവ്യബിന്ദുക്കളാൽപ്രണയഭദ്രാസനപ്പള്ളി തീർത്തു നീഅതിലെയൾത്താരയിൽ മുഴങ്ങുന്നുണ്ട്ഹൃദയരാഗരഹസ്യ സങ്കീർത്തനം' നൂറ്റൊന്ന് പ്രണയമുത്തുമണി കവിതകൾ കോർത്ത 'പ്രണയ ലുത്തിനിയ' എന്ന ഡോ. റോസി തമ്പിയുടെ സമാഹാരത്തിന്റെ പിൻതാളിൽ ആശംസാഗീതമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചത് ഇങ്ങനെ. പ്രണയിക്കുന്നവർക്കായി ഈ നൂറ്റൊന്ന് പ്രണയഗീതകങ്ങളെ മനോഹരമായ ഒരു ഓട്ടോഗ്രാഫ് പുസ്തകത്തിന്റെ രൂപത്തിൽ ഒരുക്കിയിരിക്കുകയാണ് പ്രസാധകരായ എച്ച് ആൻഡ് സി. മൂന്നാമത്തെ എഡിഷനുമായി റോസി ടീച്ചറുടെ നറുകവിതകൾക്ക് ആസ്വാദകർ ഏറുമ്പോൾ ഈ വലന്റൈൻസ് ദിനത്തിൽ തന്റെ കവിതകളെപ്പറ്റിയും പ്രണയത്തെയും ആത്മീയതയേയും കോർത്തിണക്കുന്ന സങ്കൽപനത്തെപ്പറ്റിയുമെല്ലാം മറുനാടനോട് വ്യക്തമാക്കുകയാണ് കവി റോസി തമ്പി 2016ൽ ആണ് ഇത്തരമൊരു കവിതാസമാഹാരം ഇറങ്ങുന്നത്. ഇതിനും ഒരു ദശകം മുമ്പ് നടത്തിയ ജറുസലേം യാത്രയാണ് റോസി ടീച്ചറിലെ കവിയെ ഉണർത്തുന്നത്. ആ അനുഭവത്തെപ്പറ്റി കവി മുമ്പ് ദേശാഭിമാനിയിൽ റോസി ടീച്ചർ ഒരു അനുഭവക്കുറിപ്പെഴുതിയത് ഇങ്ങനെ: ജറുസലേം ഞാൻ കണ്ട
'ഇവിടെ നൂറ്റൊന്നു കാവ്യബിന്ദുക്കളാൽ
പ്രണയഭദ്രാസനപ്പള്ളി തീർത്തു നീ
അതിലെയൾത്താരയിൽ മുഴങ്ങുന്നുണ്ട്
ഹൃദയരാഗരഹസ്യ സങ്കീർത്തനം'
നൂറ്റൊന്ന് പ്രണയമുത്തുമണി കവിതകൾ കോർത്ത 'പ്രണയ ലുത്തിനിയ' എന്ന ഡോ. റോസി തമ്പിയുടെ സമാഹാരത്തിന്റെ പിൻതാളിൽ ആശംസാഗീതമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചത് ഇങ്ങനെ. പ്രണയിക്കുന്നവർക്കായി ഈ നൂറ്റൊന്ന് പ്രണയഗീതകങ്ങളെ മനോഹരമായ ഒരു ഓട്ടോഗ്രാഫ് പുസ്തകത്തിന്റെ രൂപത്തിൽ ഒരുക്കിയിരിക്കുകയാണ് പ്രസാധകരായ എച്ച് ആൻഡ് സി. മൂന്നാമത്തെ എഡിഷനുമായി റോസി ടീച്ചറുടെ നറുകവിതകൾക്ക് ആസ്വാദകർ ഏറുമ്പോൾ ഈ വലന്റൈൻസ് ദിനത്തിൽ തന്റെ കവിതകളെപ്പറ്റിയും പ്രണയത്തെയും ആത്മീയതയേയും കോർത്തിണക്കുന്ന സങ്കൽപനത്തെപ്പറ്റിയുമെല്ലാം മറുനാടനോട് വ്യക്തമാക്കുകയാണ് കവി റോസി തമ്പി
2016ൽ ആണ് ഇത്തരമൊരു കവിതാസമാഹാരം ഇറങ്ങുന്നത്. ഇതിനും ഒരു ദശകം മുമ്പ് നടത്തിയ ജറുസലേം യാത്രയാണ് റോസി ടീച്ചറിലെ കവിയെ ഉണർത്തുന്നത്. ആ അനുഭവത്തെപ്പറ്റി കവി മുമ്പ് ദേശാഭിമാനിയിൽ റോസി ടീച്ചർ ഒരു അനുഭവക്കുറിപ്പെഴുതിയത് ഇങ്ങനെ:
ജറുസലേം ഞാൻ കണ്ടത് അർധബോധത്തിലാണ്. യാത്രയിലുടനീളം എനിക്ക് കടുത്ത പനിയായിരുന്നു. കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞുപോയിക്കൊണ്ടിരുന്നു. ഗോൽഗൊഥാ, ഗദ്‌സമനതോട്ടം, സ്‌നാപക യോഹന്നാന്റെ ഗോപുരം, അക്കൽദാമ, താബോർമല, ഗലീലിക്കടൽ... എല്ലാം മങ്ങിയ കാഴ്ചകളായി. പക്ഷേ, അപ്പോഴും എന്റെ ഉള്ളിൽ നിത്യപ്രണയമായി ക്രിസ്തു പ്രകാശം ചൊരിഞ്ഞുനിന്നു.
ലോകത്തെ അത്രമേൽ സ്‌നേഹിച്ച എന്റെ പ്രിയൻ കാലടികൾ ഉറപ്പിച്ച മണ്ണ്, പൗരോഹിത്യ നൃശംസതകളെ ധീരതയോടെ വെല്ലുവിളിച്ച് അവൻ പീഡാനുഭവങ്ങൾ ഏറ്റുവാങ്ങി അനശ്വരനായ വിശുദ്ധ ഭൂമി... ഒലിവുമരങ്ങളെ തഴുകിവരുന്ന കാറ്റ് ശരീരത്തിൽവന്ന് തൊടുമ്പോൾ ക്രിസ്തുവിന്റെ ആലിംഗനം അനുഭവിക്കുംപോലെ.
നാൽപ്പത് വയസ്സായെങ്കിലും പതിനെട്ടോ പത്തൊൻപതോ വയസ്സിൽ കാമുകനോടൊപ്പം ഒളിച്ചോടി ദൂരദേശത്തെവിടെയോ അവന്റെ കരം ചേർത്തുപിടിച്ച് നടക്കുന്ന പെൺകുട്ടിയുടെ ആവേശം എന്നിൽ നിറഞ്ഞു. ജീവിതത്തിൽ ആരെയും പ്രണയിച്ച് ഓടിപ്പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ക്രിസ്തുവായിരുന്നു എന്റെ പ്രണയം. എന്റെ കളിക്കൂട്ടുകാരൻ. മടങ്ങിയെത്തിയ ഞാൻ മറ്റൊരാളായിരുന്നു.
അതുവരെ പഠനങ്ങളും ലേഖനങ്ങളും മാത്രമെഴുതിക്കൊണ്ടിരുന്ന എന്നിൽ വാക്കുകൾ മറ്റേതോ രീതിയിൽ വന്നുനിറയാൻ തുടങ്ങി. ഉള്ളിൽ അസ്വസ്ഥത പെരുകിപ്പെരുകിവന്നു. ജറുസലേം എന്നോടുപറയുന്നത് എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതി. അത് അസ്സൽ പ്രണയലേഖനംതന്നെയായിരുന്നു. എങ്കിലും മനസ്സ് തൃപ്തമായില്ല. ഒടുവിൽ അജ്ഞാതമായ പ്രേരണയിൽ ഇങ്ങനെ എഴുതി:
'വിത്ത് ജീവനെ കാത്തുവയ്ക്കുംപോലെ
സമയമാകുംവരെ ഞാൻ
നിന്റെ പ്രണയത്തെ കാത്തുവയ്ക്കും''
അത് കവിതയായിരുന്നു. അതുവരെ ചില കുത്തിക്കുറിക്കലല്ലാതെ കവിത എഴുതിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, തുടർന്നെഴുതിയ വരികളുമായി ഇത് പൊരുത്തപ്പെട്ടതേയില്ല. അങ്ങനെ ഈ വരികൾ വേർപെടുത്തി മാറ്റിവച്ചു. ശേഷിച്ച വരികൾക്ക് തലക്കെട്ടുനൽകി 'പറയാൻ ബാക്കിവച്ചത്'. ഇതായിരുന്നു എന്റെ ആദ്യകവിത. പിന്നീട് എല്ലാ കവിതകളും ഇതേ വരികൾ എഴുതിയാണ് തുടങ്ങിയതെങ്കിലും ആദ്യാനുഭവം ആവർത്തിച്ചു. കവിത പൂർത്തിയാകുമ്പോൾ ആദ്യമെഴുതുന്ന രണ്ടുവരികൾ വേർപെട്ടുനിന്നു. കവിതകളുടെ തുടക്കത്തിലും ഇടയ്ക്കും അവസാനവുമൊക്കെ ഇത് ചേർത്തുനോക്കി. ശരിയായില്ല.
അങ്ങനെ കുറെ കവിതകളായപ്പോൾ, കുറെപ്പേരെങ്കിലും അവയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞപ്പോൾ, ആദ്യസമാഹാരം പുറത്തിറക്കി 'പറയാൻ ബാക്കിവച്ചത്'.. കാലം അങ്ങനെ പൊയ്‌ക്കൊണ്ടിരുന്നു. ഒരുദിവസം വീണ്ടും മനസ്സ് വല്ലാതെ കലങ്ങിമറിഞ്ഞു. ശരീരംതന്നെ തളർന്നുപോകുംപോലെ. രാത്രി കനത്തുവന്നു. ഞാൻ വീടിന്റെ രണ്ടാംനിലയിലെ ചെറിയമുറിയിൽ എഴുത്തുമേശയ്ക്കുമുന്നിൽപോയി ഇരുന്നു. പതിവുപോലെ ആ രണ്ടുവരികൾ അറിയാതെ എഴുതി. ഇതെഴുതിയത് എനിക്ക് ഓർമയുണ്ട്. ബാക്കിയെല്ലാം ജറുസലേം യാത്രയിലെപ്പോലെ അർധബോധാവസ്ഥയിൽ എഴുതിപ്പോവുകയാണ്. എല്ലാം രണ്ടുവരിവീതം. മുമ്പ് അങ്ങനെ എഴുതിയിട്ടില്ല.
ഇരുളിൽ മഴവില്ലായ് തെളിവിൽ കാർമിന്നലായ്
പിളരുന്ന ജീവന്റെ ആനന്ദമാണ് പ്രണയം.
ഇതെഴുതുമ്പോൾ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു.
വെള്ളിമേഘങ്ങൾക്കുമുകളിലൂടെ
വെളിച്ചത്തിലേക്ക് പറന്നുയരുന്ന
രണ്ടീയൽപക്ഷികളുടെ
ഒന്നാകുമനുഭൂതിയാണ് പ്രണയം.
ആത്മാവിന് തീപിടിച്ചാൽ വസ്ത്രം കത്തിപ്പോകാതിരിക്കുന്നതെങ്ങനെയെന്ന് എഴുതുമ്പോൾ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു. പ്രണയത്തിന്റെ ഉന്മാദം എന്നിൽ നിറഞ്ഞുനിന്നു. എന്റെ വാക്കുകളെ അവൻ തിരുത്തി. വഴങ്ങാതിരുന്നപ്പോൾ കലഹിച്ചു. എന്റെ വരികൾക്കായി ഞാൻ വാശിപിടിക്കവെ അവൻ കയർത്തു. ഒരുവേള ശാരീരികമായി ഉപദ്രവിക്കുകപോലും ചെയ്തുവോ? രാത്രിയുടെ ഏതോ യാമത്തിൽ തളർന്നുറങ്ങി. ഉണർന്നപ്പോൾ ചുറ്റും ജനാലകളുള്ള മുറിയിൽ നിറയെ പ്രകാശം.
നേരം നന്നായി വെളുത്തിരുന്നു. മേശപ്പുറത്തെ ഡയറിയിൽ നിറയെ പ്രണയം. ഒരു വാക്കുപോലും തിരുത്തേണ്ടതില്ലാത്ത പ്രണയം. പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങൾ അതാണ് എന്റെ പുതിയ കാവ്യസമാഹാരം 'പ്രണയ ലുത്തിനിയ'. ഒരു കവിതയിലും പൊരുത്തപ്പെടാതിരുന്ന എന്റെ ആദ്യവരികൾ ഇതിൽ അത്ഭുകരമായി പൊരുത്തപ്പെട്ടു. ആ വരികൾ അതിനുവേണ്ടി അന്നേ എഴുതപ്പെട്ടതായിരുന്നുവോ. - ഇത്തരത്തിലാണ് ഡോ. റോസി തമ്പി തന്റെ പ്രണയഗീതങ്ങളുടെ സൃഷ്ടിയെ വിശദീകരിച്ചത്.
ഉത്തമഗീതത്തിന്റെ ഒരു വായനാനുഭവവും ഒരു ദശകംമുമ്പ് നടത്തിയ ജറുസലേം യാത്രയുമെല്ലാമായിരുന്നു പ്രചോദനമെന്ന് കവി പറയുന്നു. ആത്മാവ് ആത്മാവിനോട് സംവദിക്കുന്ന ഒന്നാണ് പ്രണയം. ലൗകികമായി നമ്മൾ ജീവിക്കുമ്പോൾതന്നെ അതിനുമപ്പുറത്തേക്ക് നീളുന്ന എന്തോ ഒന്ന് നമ്മെ പ്രണയത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നുണ്ട്. നമുക്ക് പ്രണയത്തെ തിരഞ്ഞെടുക്കാനാവില്ല. പ്രണയം നമ്മളെ തിരഞ്ഞെടുക്കുംവരെ. ദൈവം നമ്മളെ തേടിവരുന്നതുപോലെ തന്നെ ആണ് പ്രണവും നമ്മളെ തേടി എത്തുന്നത്. ഇണയോട് മാത്രമല്ല, നമ്മളോടുതന്നെയും മറ്റ് സർവ ചരാചരങ്ങളോടും പരന്നുനിൽക്കുന്ന ഒന്നാണത്.
ദൈവം എന്നു പറയുന്നതിന് പകരം നിൽക്കുന്ന ഒരാനന്ദമാണ് സ്‌നേഹം. ഗോഡ് ഈസ് ലൗ എന്നാണ് ക്രിസ്തു പറയുന്നത്. അതുവരെയുണ്ടായിരുന്ന ദൈവസങ്കൽപത്തിൽ ദൈവത്തെ ഒരു ശിക്ഷകൻ എന്ന നിലയിൽ കണ്ടെങ്കിൽ പിന്നീട് അത് മാറുന്നു. ദൈവം സ്‌നേഹമായി മാറുന്നു. മറ്റാരേയും പോലെ ദൈവത്തേയും നമ്മൾ പ്രണയിക്കുകയാണ് വേണ്ടതെന്ന സങ്കൽപം. ആ അനുഭവമാണ് ഈ സമാഹാരത്തിലെ കവിതകളിൽ. ലുത്തിനിയ ഒരു പ്രാർത്ഥനാരൂപമാണ്. കൃത്യമായി പറഞ്ഞാൽ മന്ത്രോച്ചാരണം. പ്രണയിയായ ക്രിസ്തു ഇങ്ങനെ എന്റെ രചനാജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ഇടപെട്ടിട്ടുണ്ട്. കേൾക്കുന്നവർ ചിത്തഭ്രമമെന്ന് പറഞ്ഞേക്കാം. വിരോധമില്ല. - റോസി ടീച്ചർ പറയുന്നു.
പെണ്ണ് ഉടലിനെ അറിയുന്നത്
കാമുകന്റെ നനവാർന്ന ചുണ്ടിലൂടെയാണ്.
ആണ് തന്നെ തന്നെ കാണുന്നത്
കാമുകിയുടെ അടഞ്ഞ കണ്ണുകളിലൂടെയാണ്.
മാംസനിബദ്ധമല്ല രാഗം എന്ന് പാടിയ കുമാരനാശാന്റെ സങ്കൽപനമല്ല തന്റെ പ്രണയസങ്കൽപമെന്ന് കവി വിശദീകരിക്കുന്നു. പ്രണയം ഓരോരുത്തർക്കും ജീവിച്ചിരിക്കാനുള്ള പ്രചോദനം കൂടിയാണ്. ശരീരവും ആത്മാവും കൂടിച്ചേരുന്നതാണ് മനുഷ്യൻ. ശരീരത്തെ നിഷേധിച്ചുകൊണ്ട് പ്രണയം സാധ്യമല്ല. രതിയും പ്രണയവും ഒന്നുചേർന്നുള്ള സോളമന്റെ ഉത്തമഗീതംതന്നെ നോക്കൂ. ശരീരത്തിന്റെ രതിയും ആത്മരതിയുമെല്ലാം ചേർന്നുള്ള പ്രണയമാണ് അതിലെ സങ്കൽപനം. നെയ്ത്തുകാരൻ തുണിനെയ്യുന്നതുപോലെ. ആത്മീയത എന്നു പറയുമ്പോൾ പ്രണയത്തെയും ശരീരത്തെയും ഒഴിവാക്കുന്നു എന്ന മട്ട് ശരിയല്ല. ദൈവത്തെയും പ്രണയിക്കുകയാണ് നമ്മൾ. - കവി വ്യക്തമാക്കുന്നു.
കണ്ണൂരിൽ നിന്നുള്ള ലിഖിതം ബുക്‌സ് ആണ് പ്രണയ ലുത്തീനീയ ആദ്യം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് രണ്ട് എഡിഷനുകൾ എച്ച് ആൻഡ് സിയും. പുതിയ എഡിഷനിൽ ഒരു ഓട്ടോഗ്രാഫ് പുസ്തകരൂപത്തിൽ ഒരോ പേജിലും കവി കുറിച്ച സ്‌നേഹമന്ത്രങ്ങൾ ചേർത്താണ് ്പ്രണയ ലുത്തീനിയ പുറത്തിറങ്ങിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള എച്ച് ആൻഡ് സി സ്റ്റോറുകളിൽ പ്രണയിനികൾക്കായി ഓട്ടോഗ്രാഫ് രൂപത്തിൽ തയ്യാറാക്കിയ ഈ സ്‌നേഹഗീതക സമാഹാരം ലഭിക്കും. ഇപ്പോൾ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലെ മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. റോസി തമ്പി. ഭർത്താവ് വി.ജി. തമ്പി, മക്കൾ ചൂരുലത, സ്വാതിലേഖ.