കൊല്ലം: പ്രശസ്ത സാഹിത്യകാരൻ ശൂരനാട് രവി (75) അന്തരിച്ചു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ശൂരനാട് ഇഞ്ചക്കാട്ടെ വീട്ടുവളപ്പിൽ നടക്കും. ഓണപ്പന്ത്, കിളിപ്പാട്ടുകൾ, ഭാഗ്യത്തിലേക്കുള്ള വഴി, പൊങ്കൽപ്പാട്ട്, അക്ഷരമുത്ത് എന്നിവയ്ക്കു പുറമേ തമിഴിൽ നിന്ന് നാടോടിക്കഥകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1989-ൽ അരിയുണ്ട എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള എൻ.സി.ഇ.ആർ.ടി.നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

1943-ൽ കൊല്ലം ജില്ലയിലെ ശൂരനാട്ടുള്ള ഇഞ്ചക്കാട്ടെ ഇടയില വീട്ടിൽ പരമുപിള്ളയുടെയും ഭവാനി അമ്മയുടെയും മകനായി ജനിച്ചു. 1998ൽ വിരമിക്കുന്നതുവരെ മണ്ണടി ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു.ശാസ്താംകോട്ട ജെ.എം എച്ച് എസ് മുൻ ഹെഡ്‌മിസ്ട്രസ് ജെ. ചെമ്പകക്കുട്ടി അമ്മയാണ് ഭാര്യ. ഡോ.ഇന്ദുശേഖർ, ലേഖ, ശ്രീലക്ഷമി എന്നിവരാണ് മക്കൾ. ഡോ.ഗൗരി (കിംസ് തിരുവനന്തപുരം), വേണുഗോപാൽ, രാജേഷ് എന്നിവർ മരുമക്കളാണ്.