- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള കവികളുടെ രചനകൾക്ക് കൊളാഷ് ഒരുക്കി ഒരു വിദേശി; കവിതകൾ മറ്റൊരു മാദ്ധ്യമത്തിൽ പുനർജനിക്കുമ്പോൾ അഭിനന്ദനവുമായി ബ്രിട്ടനിലെ കലാസ്വാദകർ
ലണ്ടൻ: മലയാള കവികളുടെ രചനകൾക്കു കൊളാഷ് ഒരുക്കി ഒരു വിദേശി കലാസ്വാദകരുടെ മനം കവരുന്നു. ബ്രിട്ടനിലെ ലെയ്ക്ക് ഡിസ്ട്രിക്ടിലാണ് മലയാളി കലാകാരന്മാരുടെ കൃതികൾ കൊളാഷ് രൂപത്തിൽ ആവിഷ്‌കരിച്ച് ഒരു വിദേശ കലാകാരൻ ഏവരുടെയും കൈയടി വാങ്ങുന്നത്. അധികം മലയാളികൾ ഇല്ലാത്ത മേഖലയാണ് ലെയ്ക്ക് ഡിസ്ട്രിക്ടിലെ മെർസ്ബൺ. പേരിനെങ്കിലും അവിടെ ആളുണ്ടോ എന
ലണ്ടൻ: മലയാള കവികളുടെ രചനകൾക്കു കൊളാഷ് ഒരുക്കി ഒരു വിദേശി കലാസ്വാദകരുടെ മനം കവരുന്നു. ബ്രിട്ടനിലെ ലെയ്ക്ക് ഡിസ്ട്രിക്ടിലാണ് മലയാളി കലാകാരന്മാരുടെ കൃതികൾ കൊളാഷ് രൂപത്തിൽ ആവിഷ്‌കരിച്ച് ഒരു വിദേശ കലാകാരൻ ഏവരുടെയും കൈയടി വാങ്ങുന്നത്.
അധികം മലയാളികൾ ഇല്ലാത്ത മേഖലയാണ് ലെയ്ക്ക് ഡിസ്ട്രിക്ടിലെ മെർസ്ബൺ. പേരിനെങ്കിലും അവിടെ ആളുണ്ടോ എന്നു വ്യക്തമല്ല. എന്നാൽ ഈ ഗ്രാമം ലോകം എമ്പാടുമുള്ള കലാകാരന്മാർക്ക് ഇഷ്ടപ്പെട്ട ദേശമാണ്.
പ്രശസ്ത ജർമ്മൻ കലാകാരൻ കുർട്ട് ഷെറ്റേഴ്‌സന്റെ സ്മരണക്കായി ഇവിടെ ഒരു കലാഗ്രാമം തന്നെയുണ്ട്. ലിറ്റോറൽ ട്രസ്റ്റ് നടത്തുന്ന ഈ കലാഗ്രാമത്തിൽ രണ്ട് ദിവസം മുമ്പ് ഒരു കലാവിരുന്ന് ആരംഭിച്ചു. മലയാളത്തിലെ രണ്ട് കവികളുടെ കൃതികളെ കുറിച്ചുള്ള കൊളാഷ്.
ഇവിടം സന്ദർശിക്കുന്നത് യഥാർത്ഥ കലയെ പ്രണയിക്കുന്ന വെള്ളക്കാരാണ്. എന്നാൽ, മെർസ്ബണിൽ എന്നല്ല യുകെയിൽ ഒരിടത്തുള്ള മലയാളികൾ ഇങ്ങനെ ഒരുകാര്യം അറിഞ്ഞിട്ടില്ല. ചിത്രകാരിയും കവിയുമായ കവിത ബാലകൃഷ്ണന്റെയും കവി കുഴൂർ വിത്സന്റെയും കവിതകളെ ആസ്പദമാക്കി പ്രശസ്ത കൊളാഷ് കലാകാരൻ ചാർളി ഹോൾട്ട് ഒരുക്കുന്ന കൊളാഷുകളുടെ പ്രദർശനം 'പോയട്രി & കൊളാഷ്' ആണ് മെർസ്ബണിൽ നടന്നത്.
സെപ്റ്റംബർ 27 നു ആരംഭിച്ച പ്രദർശനത്തിനു കഴിഞ്ഞ രണ്ട് ദിവസവും നല്ല തിരക്കായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 15 വരെ മലയാളത്തിനുള്ള അംഗീകാരമായി പ്രദർശനം തുടരും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണു പ്രദർശന സമയം. കുഴൂർ വിത്സന്റെ കവിതകൾ ശബ്ദരൂപത്തിലും കൊളാഷ് രൂപത്തിലുമാണു ചാർളി പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. വിത്സന്റെ ശബ്ദം തന്നെയാണു പ്രദർശനത്തിൽ ഉപയോഗിച്ചിരിക്കുന്നതും. കവിത ബാലകൃഷ്ണന്റെ പുതിയ തീപ്പെട്ടിചിത്രങ്ങളും കവിതകളും ചാർളി മെർസ്ബാനിൽ അവതരിപ്പിക്കുന്നു. കവിതയെയും വിൽസനെയും പ്രധാന സ്ഥലത്ത് എത്തിക്കാൻ സംഘാടകർ ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല.
ലിവർ പൂൾ ഹോപ്പ് യൂണിവേഴ്‌സിറ്റിയിലെ ഫൈൻ ആർട്‌സ് മേധാവി ആയിരുന്ന ചാർളി ഹോൾട്ടിന്റെ കൊളാഷ് പ്രദർശനങ്ങൾ യൂറോപ്പിലുടനീളം നടന്നിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലും തൃക്കണാമതിലകം ആർട്ട് പ്രൊജക്ടിലും ചാർളിയുടെ കൊളാഷുകൾ പ്രദർശിപ്പിച്ചിരുന്നു. കലാകാരന്മാർക്കിടയിൽ ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണ് ചാർളി. മലയാളവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ചാർളി ഈ പ്രദർശനം വഴി മലയാളം എന്ന ഭാഷയ്ക്കും അതിന്റെ കലാരൂപത്തിനും അംഗീകാരം നൽകുകയാണ് ചെയ്യുന്നത്.
മലയാളത്തിലെ യുവകവിയും മാദ്ധ്യമ പ്രവർത്തകനും ബ്ലോഗറും ആണ് കുഴൂർ വിൽസൺ. ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതാറുള്ള ഇദ്ദേഹം തൃശ്ശൂർ ജില്ലയിലെ കുഴൂർ സ്വദേശിയാണ്. ചന്ദ്രിക ദിനപത്രത്തിൽ മാദ്ധ്യമപ്രവർത്തനം ആരംഭിച്ച ഇദ്ദേഹം ഏഷ്യാനെറ്റ് റേഡിയോയിൽ വാർത്താ അവതാരകനായും യു.എ.ഇ. ആസ്ഥാനമായ ഗോൾഡ് എഫ്.എമ്മിൽ വാർത്താവിഭാഗം മേധാവിയായും റിപ്പോർട്ടർ ചാനലിൽ വാർത്താ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
1990 മുതൽ കവിതകളെഴുതിത്ത്ത്തുടങ്ങിയ വിൽസന്റെ ആദ്യ കവിതാ സമാഹാരമായ 'ഉറക്കം ഒരു കന്യാസ്ത്രീ' ഇരുപത്തിനാലാം വയസ്സിൽ ആണ് ഖനി ബുക്‌സ് പ്രസിദ്ധീകരിച്ചത്. 2012ൽ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'കുഴൂർ വിൽസന്റെ കവിതകൾ' പരക്കെ അംഗീകാരം നേടി കൊടുത്തിരുന്നു. പ്രമുഖ അറബി കവി ഡോ ഷിഹാബ് അൽ ഗാനിം കുഴൂർ വിത്സന്റെ കവിതകൾ അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി കവിതകൾ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി കവിതകൾക്ക് മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയതും കുഴൂർ വിൽസൺ ആണ്. അദ്ധ്യാപികയായ മേരി മാത്യുവാണു ഭാര്യ. മകൾ ആഗ്‌നസ് അന്ന.
ശ്രദ്ധേയയായ യുവചിത്രകാരിയും കവിയും കലാനിരൂപകയും കലാചരിത്രകാരിയും ആണ് കവിത ബാലകൃഷ്ണൻ. ഇരിങ്ങാലക്കുടക്കടുത്തുള്ള നടവരമ്പ് സ്വദേശിനിയായ കവിത പതിമൂന്നു വയസുള്ളപ്പോൾതന്നെ ചിത്രരചനയ്ക്ക് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് നേടിയ കലാകാരിയാണ്. തുടർന്ന് സോവിയറ്റ് യൂണിയനിലെ ക്രിമിയൻതീരത്ത് ആർത്തെക്ക് ഇന്റർനാഷണൽ യങ്ങ് പയനിയർ ക്യമ്പിൽ പങ്കെടുത്തു. 'ആർത്തെക്ക് അനുഭവങ്ങൾ' ദേശാഭിമാനിവാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 'ആർത്തെക്ക് അനുഭവങ്ങൾ'ക്ക് 2004ലെ എസ്‌ബിറ്റി അവാർഡ് ലഭിച്ചു.
മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ഇല്ലസ്‌ട്രേഷനെപ്പറ്റിയും സ്ത്രീ ചിത്രകാരികളെപ്പറ്റിയും കോമിക് ചിത്രീകരണത്തെപ്പറ്റിയും ഏറ്റവും സൂക്ഷ്മമായ മൗലികനിരീക്ഷണങ്ങൾ കൊണ്ട് സമൃദ്ധമായ 'കേരളത്തിലെ ചിത്രകലയുടെ വർത്തമാനം'എന്ന കലാപഠനഗ്രന്ഥത്തിന് മികച്ചകലാഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ അവാർഡ് 2007ൽ ലഭിച്ചു ഇപ്പോൾ തൃശ്ശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ കലാചരിത്രത്തിൽ ലക്ചററായി ജോലിചെയ്യുകയാണ് കവിത.