ഇടുക്കി: പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നോട് അശ്ലീലം പറയുകയും ഭർത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് ആശുപത്രിയിലാക്കുകയും ചെയ്തതായി ആരോപിച്ച് സ്ത്രീയിട്ട ഫേസ് ബുക്ക് പോസ്റ്റ് ശുദ്ധനുണയായിരുന്നെന്ന് വ്യക്തമാക്കി ആശുപത്രി റിപ്പോർട്ട് പുറത്തുവന്നു. തന്റെ ഭർത്താവ് ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയാലും പുറംലോകം കാണിക്കില്ലെന്ന് തൊടുപുഴ എസ്. ഐ ജോബിൻ ആന്റണി ഭീഷണിപ്പെടുത്തിയതിനാൽ ഇനി ജീവിച്ചിരിക്കില്ലെന്നും ആശുപത്രിയിൽനിന്നും ഇറങ്ങിയാലുടൻ ആത്മഹത്യ ചെയ്യാനാണ് തീരുമാനമെന്നും അറിയിച്ച് തൊടുപുഴ സ്വദേശിനി ജോളിയാണ്, ജോളി ജോളി വെറോണിയെന്ന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സന്ദേശം ഇട്ടത്.

ജോളിയുടെ പോസ്റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും നിരവധി സംഘടനകളും വ്യക്തികളും ജോളിക്ക് ഐക്യദാർഢ്യവുമായി എത്തുകയും ചെയ്തതോടെ സംഭവം വിവാദമായിരുന്നു. എന്നാൽ ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് സ്‌പെഷൽ ബ്രാഞ്ച് ഡിവൈ. എസ്. പി: വി. എൻ സജി കണ്ടെത്തുകയും സ്ത്രീക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണെന്ന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോർജിന്റെ പ്രത്യേക നിർദേശപ്രകാരം ജോളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരിക്കുകയാണ്.

എസ്. ഐയും എട്ടു പൊലിസുകാരും ചേർന്ന് ഭർത്താവ് റെജിയെ ക്രൂരമായി മർദിച്ച് അവശനാക്കി ആശുപത്രിയിലാക്കിയെന്നും രണ്ടു ദിവസമായി ഐ. സി. യുവിലാണെന്നും വ്യക്തമാക്കി കഴിഞ്ഞ 13നാണ് ജോളി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. പത്താം തീയതി ബാങ്കിൽ പോയപ്പോൾ മൊബൈൽ ഫോണിന്റെ ചാർജ് തീർന്നതിനാൽ തൊടുപുഴ ടൗണിലെ ഒരു മൊബൈൽ ഷോപ്പിൽ പോയി ഫോൺ ചാർജ് ചെയ്തു തരുമോയെന്ന് ചോദിച്ചതായി പോസ്റ്റിൽ പറയുന്നു. അകത്തോട്ട് കയറിവന്നാൽ നിന്നെയും ചാർജ് ചെയ്ത് തരാമെന്ന് 50 വയസിലധികം പ്രായമുള്ള കടയുടമ പറഞ്ഞു.

ഇതേക്കുറിച്ച് പരാതിപ്പെടാൻ സ്റ്റേഷനിലെത്തി. കടയുടമയെ വിളിച്ചു വരുത്തിയ എസ്. ഐ അയാളെ കസേരയിൽ ഇരുത്തുകയും തന്നെ നിർ്ത്തുകയും ചെയ്ത് കാര്യങ്ങൾ പറയവേ, നിനക്ക് പണം വേണമെങ്കിൽ തരാമെന്നും പണം മാത്രമല്ല, ക്വാർട്ടേഴ്‌സിൽ വന്നാൽ സുഖവും തരാമെന്നു പറഞ്ഞു. ഇതുകേട്ടുകൊണ്ട് പുറത്തുനിൽക്കുകയായിരുന്ന ഭർത്താവ് റെജി എസ്. ഐയുടെ മുറിയിലേക്ക് കയറിവന്ന് അപമര്യാദയോടെയുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്തു. കറതീർന്ന സി. പി. എം കാരനാണ് താനെന്നും ഭാര്യയെക്കുറിച്ച് ഇനി അനാവശ്യം പറഞ്ഞാൽ അടിക്കുമെന്നും എസ്. ഐയോട് പറഞ്ഞു. അപ്പോൾഎസ്. ഐയും എട്ടോളം പൊലിസുകാരും ചേർന്ന് ക്രൂരമായി മർദിച്ചശേഷം ആശുപത്രിയിലാക്കിയെന്നുമായിരുന്നു പോസ്റ്റ്.

എന്നാൽ എസ്. ഐ ആരോപണം പൂർണമായും നിഷേധിച്ചിരുന്നു. പരാതിയുമായി സ്ത്രീയും ഭർത്താവും എത്തിയപ്പോൾ മൊബൈൽ കടയിൽചെന്ന് അന്വേഷണം നടത്തി. കടയിലെ സിസി ടി. വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു. പരാതിപ്രാകാരമുള്ള സംഭവം നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടു. സ്ത്രീയുടെ ഭർത്താവ് റെജി അനാവശ്യമായി കടയിൽ ബഹളമുണ്ടാക്കിയശേഷം ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ കടക്കാരുടെ മൊഴികളും ജോളിക്കും റെജിക്കും എതിരായിരുന്നു.

കടയുടമയോട് സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ട് പൊലിസ് മടങ്ങി. കടയുടമ ഉടൻ സ്റ്റേഷനിലെത്തുകയും ചെയ്തു. ഈ സമയം റെജി സ്റ്റേഷനുള്ളിൽ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. അമിതമായ തോതിൽ ലഹരിയിലായിരുന്ന റെജി നിലത്ത് വീണുകിടന്ന് കൈകൾകൊണ്ട് തറയിലടിച്ചാണ് ബഹളം വച്ചത്. പൊലിസുകാർ തടയാൻ ശ്രമിച്ചെങ്കിലും ബഹളം തുടർന്നു. ഈ സമയമെല്ലാം ജോളി സ്‌റ്റേഷനുപുറത്ത് അക്ഷോഭ്യയായിനിന്ന് എല്ലാം കാണുകയായിരുന്നു. റെജി സുഖമില്ലാത്തയാളാണെന്നും ഒരു വർഷം മുമ്പ് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയതാണെന്നും പറഞ്ഞ് ആശുപത്രിരേഖ പൊലിസുകാരെ ജോളി കാണിച്ചിരുന്നു. ഭർത്താവിനെ വിളിച്ചുകൊണ്ടുപോകാൻ ജോളിയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ല. ഒടുവിൽ പൊലിസുകാർ ചേർന്ന് റെജിയെ പൊലിസ് ജീപ്പിൽ കയറ്റി തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുമടങ്ങി.

പിറ്റേന്ന് രാത്രി 11 മണിയോടെ ജോളി എസ്. ഐയെ ഫോണിൽ വിളിച്ച് തങ്ങൾ കോലഞ്ചേരി ആശുപത്രിയിലാണെന്നും കൈവശം പണമൊന്നുമില്ലെന്നും കുറെ പണം തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പണം തരാൻ പൊലിസിന് കഴിയില്ലെന്നും മറ്റാരുടെയെങ്കിലും സഹായം തേടാനും എസ്. ഐ നിർദേശിച്ചു. ഇതോടെ ഭാവം മാറിയ സ്ത്രീ, പണം തന്നില്ലെങ്കിൽ കാണിച്ചുതരാമെന്നും പീഡനക്കേസ് ഉണ്ടാക്കുമെന്നും എസ്.ഐയെ ഭീഷണിപ്പെടുത്തി. എസ്. ഐ ഫോൺ കട്ട് ചെയ്തു. പിന്നീടാണ് എസ്.ഐക്കും പൊലിസുകാർക്കുമെതിരെ പരാതിയുമായി പോസ്റ്റിട്ടതെന്നും എസ്, ഐ ജോബിൻ ആന്റണി വിശദീകരിച്ചു.

സ്‌പെഷൽ ബ്രാഞ്ച് ഡിവൈ. എസ്. പിയുടെ റിപ്പോർട്ടിൽ ജോളിയുടെ പരാതി പൊലിസ് സേനക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കുകയോ, എസ്. ഐക്കെതിരെ ശിക്ഷണ നടപടി ഉണ്ടാവുകയോ ചെയ്താൽ സേനയുടെ മനോവീര്യം തകർക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലിസ് മോധാവി കർശന നടപടിക്ക് നിർദ്ദേശം നൽകിയത്.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ റെജി ഐ. സിയുവിൽ കഴിഞ്ഞിട്ടില്ലെന്നു വ്യക്തമായി. മാത്രമല്ല, കാര്യമായ യാതൊരു ആരോഗ്യ പ്രശ്‌നവും റെജിക്കില്ലെന്നായിരുന്നു റിപ്പോർട്ട്. നെഞ്ചിനും, അടിവയറിനും ഗുരുതര പരുക്ക് പറ്റി എണീൽക്കാൻ പോലുമാവാതെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നാണ് ജോളി അറിയിച്ചത്.

Not rauma related contusion of organs of thorax and abdomen.... എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിനും, വയറിനും മുറിവോ ചതവോ ഇല്ലെന്ന് വ്യക്തം. ആശുപത്രിയിൽ റെജിക്ക് നൽകിയത് വേദനസംഹാരിയായ ബ്രൂഫെനും പാരസെറ്റമോളും മാത്രമെന്നും പൊലിസ് ചൂണ്ടിക്കാട്ടി. സുഖമില്ലാത്തയാളെ ചികിത്സിക്കുന്നതെങ്ങനെ? ഡിസ്ചാർജ് ചെയ്തപ്പോൾ ബിൽ അടക്കാൻ പണമില്ലെന്ന് പറഞ്ഞ് രണ്ടു ദിവസം കിടന്നു നോക്കി. പക്ഷേ ഉദ്ദേശിച്ച ലക്ഷ്യം നേടിയില്ല.

ആദ്യം മൊബൈൽ ഷോപ്പിലെ പീഡന നാടകം, പിന്നീട് സ്റ്റേഷനിൽ.. രണ്ടും പൊളിഞ്ഞപ്പോൾ മർദ്ദന കഥ. പണം ചോദിച്ച് എസ്.ഐയെ 11-ാം തിയതി രാത്രി 12 ന് വിളിച്ചവരുടെ ഉദ്ദേശ്യം നടന്നില്ല. അപമര്യാദയായി പെരുമാറിയയാളെ പിന്നീട് ഏതെങ്കിലും സ്ത്രീ വിളിക്കുമോ? രോഗി പറയുന്നത് ഡോക്ടർ രേഖപ്പെടുത്തുന്നത് സ്വഭാവികം. അതിന്റെ പകർപ്പ് ചാനലിൽ മെഡിക്കൽ റിപ്പോർട്ട് എന്നു പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പൊലിസ് ചൂണ്ടിക്കാട്ടി. തൊടുപുഴയിൽ നടന്നത് സ്ത്രീ പീഡനമല്ല, പുരുഷ പീഡനമാണെന്നും ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കണമെന്നും പൊലിസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.