പാലക്കാട്: തമിഴ്‌നാട്ടിൽനിന്നു വരുന്ന പച്ചക്കറികളിൽ നിറയെ വിഷമാണെന്നതു വാർത്തയല്ല, വിഷമില്ലാത്ത നല്ല പച്ചക്കറികൾ കിട്ടിയാൽ അതാണ് വാർത്ത. കോഴിയിൽ ആന്റിബയോട്ടിക്, ഹോർമോൺ കുത്തിവയ്‌പ്പുകൾ, രാസവസ്തുക്കൾ ചേർത്ത പാൽ, ഓറഞ്ച് പോലുള്ള പഴവർഗങ്ങളിലും വിഷം. വിഷം തിന്നുതിന്ന് കാൻസർ ബാധിതരുടെ എണ്ണം കൂടി വരുമ്പോഴും ഇതെല്ലാം കഴിക്കാൻ വിധിക്കപ്പെട്ട മലയാളിയുടെ മുമ്പിലേക്ക് വിഷം കുത്തിവച്ചുണ്ടാക്കിയ റൊബെസ്റ്റ വാഴപ്പഴം കൂടി കടന്നു വരുന്നു.

പൊതുവെ വിഷം കുറവാണെന്നു കരുതിയ വാഴപ്പഴത്തിലാണ് ഇതുള്ളത്. വേവിക്കുകയോ, ശരിക്ക് കഴുകുകയോ ചെയ്യാതെ നേരിട്ടു ഭക്ഷിക്കുന്നവയാണ് വാഴപ്പഴങ്ങൾ. ഇത്തരം പഴങ്ങൾ കഴിക്കുന്നത് വിഷം നേരിട്ട് അകത്താക്കുന്നതിന് തുല്യമാണ്. കാൻസർ പോലുള്ള മാരകരോഗസാധ്യതയും ഇരട്ടി.

തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്ക് വൻതോതിൽ വരുന്ന റോബസ്റ്റപഴത്തിലാണ് ഈ വിഷം ധാരാളമായുള്ളത്. തമിഴ്‌നാട്ടിൽ വൻതോതിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മലയാളികൾ അടക്കമുള്ളവരാണ് ഇതു ചെയ്യുന്നത്. വാഴ കുലച്ചു കഴിഞ്ഞാൽ കുലയുടെ തണ്ടിൽ ഹോർമോൺ അടങ്ങിയ കുത്തിവയ്‌പ്പ് നടത്തുകയാണ് ആദ്യം ചെയ്യുന്നത്. മാരകമായ വിഷം അടങ്ങിയ ഇൻജക്ഷൻ ചെയ്തുകഴിഞ്ഞാൽ വാഴക്കുലകൾ പെട്ടെന്നു തന്നെ ദൃഢതയോടെ വളരും. സാധാരണ വിളവെടുപ്പ് നടത്തുന്നതിന് വേണ്ടതിനെക്കാൾ ദിവസങ്ങൾക്ക് മുമ്പു തന്നെ ഇത്തരം വാഴകൾ വിളവെടുപ്പിനു പാകമാവും. പൂക്കൾ കൊഴിയില്ല. കുലകൾക്ക് മുഴുപ്പും ദൃഢതയും കൂടും.

ഇവ പഴുപ്പിക്കാനും പ്രത്യേക ഫാക്ടറി സംവിധാനമുണ്ട്. ഇവിടെയെത്തിക്കുന്ന കുലകൾ പടല തിരിച്ച് ശീതികരിച്ച മുറിയിൽ സൂക്ഷിക്കും. അധികം മൂപ്പെത്തുന്നതിന് മുമ്പു തന്നെ കുലകൾ വെട്ടി പടലകളാക്കി വെള്ളത്തിൽ നന്നായി കഴുകിയതിനുശേഷം തുടച്ചു വൃത്തിയാക്കുന്നു. ഈ റോബസ്റ്റ കായ്കൾക്കു മുകളിൽ ഒരുതരം പോളീഷ് പുരട്ടുകയും ചെയ്യുന്നുണ്ട്. നേരത്തെ കുത്തിവച്ച ഇഞ്ചക്ഷൻ കൊണ്ട് തന്നെ ഇവ നന്നായി പഴുക്കുകയും ചെയ്യും. തുടർന്ന് നേർത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞു മനോഹരമായ പെട്ടികളിലാക്കി കേരളത്തിലേക്കും വിദേശരാജ്യങ്ങളിലേക്കും കയറ്റിയയ്‌യക്കുന്നു.

നേരത്തേ വാഴപ്പഴങ്ങളിൽ കാര്യമായ വിഷപ്രയോഗമുണ്ടായിരുന്നില്ല. കുലച്ചുകഴിയുമ്പോൾ ജിബെറല്ലിക് ആസിഡ് സ്‌പ്രേ ചെയ്യുക, വാഴച്ചുണ്ടിൽ പൊട്ടാഷ് കെട്ടിവയ്ക്കുക, കുല വെട്ടിക്കഴിയുമ്പോൾ പഴം പെട്ടെന്നു ചീഞ്ഞു പോകാതിരിക്കാനും മഞ്ഞനിറം വരാനും പടല തിരിച്ച് എത്‌ലിൻ ഗ്യാസ് സ്ംഭരണിയിൽ വയ്ക്കുക തുടങ്ങിയ താരതമ്യേന പാർശ്വഫലം കുറഞ്ഞ പ്രയോഗങ്ങളേയുണ്ടായിരുന്നുള്ളു. ഇപ്പോൾ കഥ മാറി.

കേരളത്തിലെ പ്രമുഖ പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വരെ വിപണിയിലുള്ള ഈ പഴങ്ങൾക്ക് മേൽ ചുമത്തുന്ന രാസപ്രയോഗം അധികമാർക്കും അറിയില്ല. ഗൂഡല്ലൂർ, കമ്പം, കാമരംപെട്ടി, തെംപളനി, ചുരുളിപ്പെട്ടി, കോയമ്പത്തൂർ ജില്ലയിലെ വിവിധ ഭാഗങ്ങൾ പഴം കൃഷി ചെയ്യുന്നുണ്ട്. മുന്തിരി, ഓറഞ്ച്, സപ്പോട്ട, മാതളം, തുടങ്ങിയവയാണ് ഈ പ്രദേശങ്ങളിലെ മറ്റ് പഴവർഗ കൃഷികൾ. മൂപ്പെത്തിയാൽ ഇവ പറിച്ച് ഷെഡുകളിലും വലിയ മുറികളിലും നിക്ഷേപിക്കുകയും തുടർന്ന് മുറിക്കുള്ളിൽ പല ഭാഗത്തായി അമോണിയം കാർബൈഡ് വയ്ക്കുകയുമാണു ചെയ്യുന്നത്. ഇവ രണ്ടു ദിവസത്തിനകം പഴങ്ങളായി മാറും. ഇനി ഇതിനു കഴിയാതെ വന്നാലും സാരമില്ല. മാന്തോപ്പുകളിൽ നിന്നും നേരിട്ടു പറിക്കുന്ന മാങ്ങകൾ വാഹനത്തിൽ കയറ്റുന്നതിനു മുമ്പായി വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിൽ അമോണിയം കാർബൈഡ് വിതറും.

പച്ചമാങ്ങയുടെ ലോഡുമായി കേരളത്തിലേക്ക് യാത്ര പുറപ്പെട്ട ലോറി കേരളത്തിലേക്ക് എത്തുമ്പോഴേക്കും മാമ്പഴം റെഡിയാവും. മാമ്പഴങ്ങളിലെ രാസപ്രയോഗം കണ്ടുപിടിക്കാൻ വഴികൾ ഉണ്ടെങ്കിലും വാഴപ്പഴത്തിന്റെ കാര്യത്തിൽ ഇതില്ല. വിഷം കഴിക്കുക മാത്രമേ നിവൃത്തിയുള്ളൂ.