കണ്ണൂർ: ഐസ്‌ക്രീം, സിപ് അപ്പ് തുടങ്ങിയ ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴി ന്യൂജൻ അകത്താക്കുന്നത് മാരകവിഷാംശങ്ങൾ. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സംസ്ഥാനം മുഴുവൻ നടത്തി വരുന്ന പരിശോധനയിൽ ടാർട്രസൈൻ എന്ന സിന്തറ്റിക്ക് ലമൺ യെലോ വ്യാപകമായി ശീതീകരിച്ച ഭക്ഷ്യവസ്തുകളിൽ ചേർക്കുന്നതായി കണ്ടെത്തി.

ഈ വേനൽക്കാലത്ത് പുതുതായി കടന്നു വന്ന ജ്യൂസുകളിൽ നിറങ്ങൾക്കും മധുരത്തിനുമായി ചേർക്കുന്നത് എന്തെല്ലാമാണെന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ല. പുതുതലമുറയിലെ യുവാക്കൾ സംസ്ഥാനത്തിന് പുറത്തു നിന്നും കണ്ട ജ്യൂസിന്റെ നിറവും രൂചിയും ആവശ്യപ്പെട്ടാൽ ദിവസങ്ങൾക്കകം അത് കേരളത്തിലെ കടകളിൽ സുലഭം. ടാർട്രസൈനിന്റെ അമിത ഉപയോഗം തൈറോയിഡ് കാൻസർ, കാഴ്ച മങ്ങൽ, ചർമ്മരോഗങ്ങൾ, മൈഗ്രേൻ, ആസ്ത്മ എന്നിവയാണു ക്ഷണിച്ചു വരുത്തുന്നത്.

സിപ് അപ്പിൽ ശുദ്ധീകരിക്കാത്ത വെള്ളമാണ് ഉപയോഗിച്ചതെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇ.കോളി ബാക്ടീരിയ (കോളിഫോം ബാക്ടീരിയ) അടങ്ങിയ സിപ് അപ്പ് വേനൽക്കാലത്ത് വ്യാപകമായിട്ടുണ്ടെന്ന് പറയുന്നു. ബാക്ടീരിയ വളരാൻ അനുയോജ്യമായ താപനിലയിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടിയ ചില കമ്പനികളുടെ കുപ്പിവെള്ളത്തിൽ ശുദ്ധീകരിച്ച വെള്ളമല്ല ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വൻ നഗരങ്ങൾക്കു പുറമേ ഗ്രാമകേന്ദ്രങ്ങളിലെ ചെറു നഗരങ്ങളിലും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ച് ദാഹശമനികൾ വ്യാപകമാവുകയാണെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.

കണ്ണൂർ , കാസർഗോഡ് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ടാർട്രസൈനിന്റെ അമിത ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡിലും ചീത്തയായ പാല് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. എന്നാൽ അതിനേക്കാൾ മാരകമായ സിന്തറ്റിക്ക് നിറങ്ങൾ ചേർക്കുന്നതാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിച്ചത്. കടുത്ത വേനൽ ചൂടിൽ ദാഹമകറ്റാൻ ഉപയോഗിക്കുന്ന ശീതളപാനീയങ്ങളിലും ശീതീകരിച്ച മറ്റ് ഭക്ഷ്യവസ്തുക്കളിലും മാരകരാസവസ്തുക്കൾ അമിതമായി ഉപയോഗിച്ച് ജനങ്ങളെ വിഷം തീറ്റിക്കുകയാണ്. ടാർട്രസൈൻ എന്ന ആസോഡൈ ആണ് നിറത്തിനായി ചേർക്കുന്നത്. പത്തു കിലോഗ്രാം ഭക്ഷ്യവസ്തുക്കളിൽ ഒരു ഗ്രാം മാത്രം ചേർക്കാൻ അനുവദിച്ച ടാർട്രസൈൻ കൈക്കണക്കിന് ചേർത്താണ് ശീതീകരിച്ച പാനീയങ്ങൾ വിൽക്കുന്നത്. മധുരത്തിനായി സാക്രീനും വ്യാപകമായി ഉപയോഗിക്കുന്നു. ലഡുവിലും ജിലേബിയിലും മഞ്ഞ നിറം കൂട്ടാൻ ഉപയോഗിക്കുന്ന ടാർട്രസൈൻ വിലക്കുറവായതിനാലാണ് വ്യാപകമാകാൻ കാരണം. ഒരു ചെന്നൈ കമ്പനിയാണ് 25 ഗ്രാമിന്റേയും 100 ഗ്രാമിന്റേയും പാക്കറ്റുകളിൽ ഇത് ഉത്പ്പാദിപ്പിക്കുന്നത്.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ