ലോകത്തേറ്റവും മാരകമായ വിഷം സയനൈഡാണെന്നാണ് കേട്ടുകേൾവി. എന്നാൽ, സയനൈഡിനെക്കാൾ ആയിരം മടങ്ങ് മാരകമായ വിഷപദാർഥമാണ് പൊളോണിയം-210. ന്യൂക്ലിയർ റിയാക്ടറുകളിൽ മാത്രം ഉപയോഗിക്കുന്ന പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തിന്റെ ദുരൂഹത വീണ്ടും വർധിപ്പിക്കുന്നു. അത്യപൂർവമായി മാത്രം ലഭിക്കുന്ന പൊളോണിയം എങ്ങനെ സുനന്ദയുടെ ഉള്ളിലെത്തിയെന്ന ചോദ്യമാണ് കൊലപാകതത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന സംശയം ഉണർത്തുന്നത്.

1898-ൽ മേരി ക്യൂറി കണ്ടുപിടിച്ച പൊളോണിയം ആണവകേന്ദ്രങ്ങളിലും ആയുധ നിർമ്മാണ രംഗത്തും മാത്രം ലഭ്യമായ വസ്തുവാണ്. ചരിത്രത്തിൽ ഇന്നേവരെ രണ്ടുതവണ മാത്രമേ പൊളോണിയം ഉപയോഗിച്ച് നടന്ന കൊലപാതകങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളൂ. ഫലസ്തീൻ നേതാവ് യാസർ അരാഫത്തിനെ 2004-ൽ കൊലപ്പെടുത്തിയത് പൊളോണിയം ഉപയോഗിച്ചാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2013-ൽ സ്വിസ് ശാസ്ത്രജ്ഞർ ഇത് ഏറെക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയ റഷ്യൻ ചാരൻ അലെക്‌സാണ്ടർ ലിത്വിനെങ്കോ 2006-ൽ മരിച്ചത് പൊളോണിയം കലർത്തിയ ചായ കുടിച്ചാണ്. റഷ്യയും ബ്രിട്ടനുമായുള്ള നയതന്ത്ര ബന്ധത്തെപ്പോലും ഉലച്ച കൊലപാതകമായിരുന്നു ഇത്.

ന്യൂക്ലിയർ ഫിഷൻ റിയാക്ഷന്റെ ഫലമായുണ്ടാകുന്ന ഉപ ഉത്പന്നങ്ങളിലൊന്നാണ് പൊളോണിയം. കടുത്ത അണുവികിരണ ശേഷിയുള്ള വസ്തുവാണിത്. പ്രകൃതിയിൽ വളരെ നേരീയ തോതിൽ മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം. പുകയിലയിൽ ഇത് വളരെക്കുറഞ്ഞ അളവിൽ അടങ്ങിയിട്ടുണ്ട്. ലോകത്തെ എല്ലാ ന്യൂക്ലിയർ റിയാക്ടറുകളിലും കൂടി വർഷത്തിൽ 100 ഗ്രാമോളം പൊളോണിയം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നാണ് അമേരിക്കൻ ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷന്റെ കണക്ക്. അത്രയ്ക്കും ദുർലഭമായ വസ്തു സുനന്ദയെ കൊല്ലാൻ ഉപയോഗിച്ചുവെന്നതാണ് സംഭവത്തിന്റെ ദുരൂഹതയേറ്റുന്നത്.

മനുഷ്യർക്ക് ഹൈഡ്രജൻ സയനൈഡിനെക്കാൾ രണ്ടരലക്ഷം മടങ്ങ് മാരകമാണ് പൊളോണിയമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശരീരത്തിലെ ആന്തരീകാവയവങ്ങളെയും കോശങ്ങളെയും തച്ചുതകർക്കുന്നതാണ് ഇതിന്റെ പ്രവർത്തനം. ത്വക്കിന് പുറത്തേയ്ക്ക് പ്രകടമായി വരാനുള്ള ശേഷിയില്ലെങ്കിലും, ഉള്ളിൽച്ചെന്നാൽ തുടർച്ചയായ റേഡിയേഷനു കാരണമാവുകയും ശരീരത്തിനുള്ളിലെ എല്ലാ കോശങ്ങളെയും നശിപ്പിക്കുകയും ചെയ്യും. ഉള്ളിലെത്തിയാൽ മനുഷ്യശരീരത്തിൽ 30 മുതൽ 50 ദിവസം വരെ സ്ഥിതിചെയ്യുന്ന പൊളോണിയം അവയവങ്ങളെയും കോശങ്ങളെയും രക്തക്കുഴലുകളെയുമൊക്കെ നശിപ്പിച്ച് വേദനാജനകമായ മരണമാണ് സമ്മാനിക്കുക.