- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കാട് വെട്ടിത്തെളിക്കൽ അടക്കമുള്ള കൂലി പണികൾ; പിന്നെ പ്രേതത്തെ ഒഴിപ്പിക്കുന്നതിനുള്ള ഓതിക്കൊടുക്കലും ചെറിയ നിലയിൽ തടവ് ചികിത്സയും; വിഷാദ രോഗിയെ കണ്ടപ്പോൾ ചമച്ചത് 'ജിന്നു കഥ'; പ്രേത ബാധ ഒഴിപ്പിക്കാൻ വീട്ടിലെ മുകളിലത്തെ നിലയിൽ പൂട്ടിയിട്ടത് പീഡിപ്പിക്കാൻ; പതിനാറുകാരിയുടെ പ്രതിരോധം പൊളിച്ചത് വ്യാജ സിദ്ധന്റെ കള്ളക്കളി; പോക്സോ കേസിൽ അഴിക്കുള്ളിലായ ഇബ്രാഹിം തട്ടിപ്പിന്റെ ഉസ്താദ്
കണ്ണൂർ : ജിന്നിനെ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തളിപ്പറമ്പിലെ വ്യാജ സിദ്ധൻ അറസ്റ്റിൽ. വിഷാദ രോഗത്തിന്റെ ലക്ഷണം കാണിച്ച പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച ഇയാൾ ബാധയൊഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലെ മുകളിലത്തെ നിലയിൽ കൊണ്ട് പോയി പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
ബദരിയ്യ നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയിൽ അമ്പത് കാരനായ എം ടി.പി ഇബ്രാഹിമിനെയാണ് തളിപ്പറമ്പ് സി ഐ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒൻപതിന് ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ കാല് വേദന മാറ്റിത്തരാമെന്നും പെൺകുട്ടിയുടെ ശരീരത്തിലെ ജിന്ന് ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞായിരുന്നു ഈ വ്യാജസിദ്ധൻ വീട്ടിൽ എത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് പെൺകുട്ടിയുടെ ശബ്ദം കേട്ടതോടെ അടുത്ത അയൽവാസികളെത്തി, ഇബ്രാഹീമിനെ തടഞ്ഞ് വെയ്ക്കുകയായിരുന്നു. അയൽവാസികളാണ് സംഭവം തളിപ്പറമ്പ്പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി വ്യാജസിദ്ധനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് തളിപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്, സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ വൈദ്യപരിശോധനിൽ കുറ്റം തെളിഞ്ഞതോടെയാണ് ഇയാൾക്കെതിരെ പോക്സോ ചുമത്തിയതെന്ന് തളിപ്പറമ്പ് സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. വെള്ളിയാഴ്ച തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇയാളെ നിലവിൽ കോവിഡ് നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്.
ഏറെക്കാലം ഗൾഫിൽ ആയിരുന്ന ഇബ്രാഹിം ഏതാനം വർഷങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് കാട് വെട്ടിത്തെളിക്കൽ അടക്കമുള്ള കൂലപണിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പ്രേതത്തെ ഒഴിപ്പിക്കുന്നതിനുള്ള ഓതിക്കൊടുക്കലും ചെറിയ നിലയിൽ തടവ് ചികിത്സയും ആരംഭിച്ചത്. വീടുമായി അടുത്ത ബന്ധം സ്ഥാപിച്ചതിന് ശേഷം, ബിസിനസ്സ് കൂടുതൽ വിപുലമാക്കുന്ന രീതിയാണ് ഇയാൾ അവലംബിച്ച് വന്നത്.
ഇയാൾ നോട്ടമിടുന്നത് കൂടുതലും സാധാരണ കുടുംബങ്ങളെ ആയതിനാൽ, സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടും ആരെങ്കിലും പരാതി നൽകാൻ ഭയന്ന് മാറി നിൽക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരുകയാണ്. കോവിഡ് നിരീക്ഷണത്തിന് ശേഷം ഇയാളെ കസ്റ്റഡിയിൽവാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ