ർഭഛിദ്രം പൂർണമായ തോതിൽ നിയമവിരുദ്ധമാക്കുന്ന പുതിയ നിയമപരിഷ്‌കാരത്തിനെതിരെ പോളണ്ടിൽ സ്ത്രീകൾ സമരത്തിലേക്ക്. വീട്ടുപണികളും സെക്‌സും വരെ ബഹിഷ്‌കരിച്ച് സമരത്തിന് പുതിയ പാത വെട്ടിത്തുറക്കാനാണ് പോളിഷ് വനിതകളുടെ തീരുമാനം. രാജ്യത്തുള്ള മുഴുവൻ വനിതാ ജീവനക്കാരും സമരത്തിന്റെ ഭാഗമായി നാളെ ജോലി ബഹിഷ്‌കരിക്കും.

അമ്മയുടെ ജീവൻ അപകടത്തിലായാലും ഗർഭഛിദ്രം നടത്താൻ പാടില്ലെന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതിനെതിരെയാണ് പോളിഷ് വനിതകൾ സമരത്തിനിറങ്ങുന്നത്. നാളെ സമരത്തിന്റെ ഭാഗമായി ഔദ്യോഗിക ജോലികൾ മാത്രമല്ല, വീട്ടുജോലികളും അവർ ബഹിഷ്‌കരിക്കും.

ദിവസം മുഴുവൻ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനമായിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യൽ, വീടുവൃത്തിയാക്കൽ തുടങ്ങിയവയും ബഹിഷ്‌കരിക്കും. വെറുതെയിരിക്കുകയാണല്ലോ എന്നു കരുതി അടുത്തുകൂടാൻ പങ്കാളികളാരും ശ്രമിക്കേണ്ട. സെക്‌സിൽനിന്നും അവർ നാളെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗർഭഛിദ്രം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയ്ക്കാണെന്നും അതിനെ ഇല്ലാതാക്കുന്ന നിയമപരിഷ്‌കാരം അംഗീകരിക്കില്ലെന്നും പോളിഷ് വനിതകൾ ഉറപ്പിച്ചുപറയുന്നു. നിലവിൽ അമ്മയുടെ ജീവന് അപകടമുണ്ടെന്ന് ഉറപ്പിച്ചാൽ, ഗർഭത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഗർഭഛിദ്രം നടത്താമെന്നതാണ് പോളണ്ടിലെ നിയമം. ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയാലോ, ബലാൽസംഗം പോലുള്ള കുറ്റകൃത്യങ്ങളിൽനിന്ന് ഗർഭം ധരിച്ചാലോ ഗർഭഛിദ്രം നടത്താനാവും.

എന്നാൽ, പുതിയ നിയമം വരുന്നതോടെ ഗർഭഛിദ്രം പൂർണമായ തോതിൽ നിയമവിരുദ്ധമാകും. ഗർഭഛിദ്രം നടത്തുന്നവർ അഞ്ചുവർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഗർഭഛിദ്രത്തിന് കൂട്ടുനിൽക്കുന്ന ഡോക്ടർമാർക്കും ശിക്ഷ ലഭിക്കുമെന്നത് ഗർഭഛിദ്രം തന്നെ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും. ഇതോടെയാണ് രാജ്യത്തെ വനിതകളൊന്നടങ്കം സമരരംഗത്തേയ്ക്കിറങ്ങിയത്.