- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൂറു കണക്കിന് അഭയാർത്ഥികൾ അതിർത്തിവേലി പൊളിച്ച് പോളണ്ടിൽ കയറി; ബലാറസിന് പുതിയ ഉപരോധം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; കരിങ്കടലിൽ യുദ്ധസമാനമായ അവസ്ഥ; റഷ്യയുടെ ഗ്യാസ് വേണൊ ഉക്രെയിനിന്റെ സ്വാതന്ത്ര്യം വേണോ എന്ന് ചിന്തിക്കാൻ ബോറിസ്
വാർസൗ: പോളണ്ട്- ബെലാറസ് അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കുകയാണ്. നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അതിർത്തിവേലി പൊളിച്ച് പോളണ്ടിലേക്ക് പ്രവേശിച്ചത്. കുശ്നിക അതിർത്തിക്ക് സമീപം നൂറുകണക്കിന് അഭയാർത്ഥികൾ അതിർത്തിവേലി പൊളിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവിടെ പോളണ്ടിന്റെ സൈനികർ അവർ തടയുന്നുമുണ്ട്. ബെലാറസ് സൈന്യം ബലപ്രയോഗത്തിലൂടെ അഭയാർത്ഥികളെ അതിർത്തി കടത്തുകയാണെന്ന് പോളണ്ട് ആരോപിച്ചു.
പോളണ്ട് വഴി പശ്ചിമ യൂറോപ്പിലെത്താൻ ഏകദേശം നാലായിരത്തോളം അഭയാർത്ഥികളാണ് ബെലാറസ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏകദേശം 60 ഓളം വരുന്ന അഭയാർത്ഥികൾ കൂട്ടമായി പോളണ്ടിൽ പ്രവേശിക്കാൻ ശ്രമിച്ചുവെന്നും അത് പരാജയപ്പെടുത്തി എന്നും പോളീഷ് സൈന്യം പറഞ്ഞു. അതിനെ തുടർന്നായിരുന്നു നൂറുകണക്കിന് ആളുകൾ കൂടി രണ്ടാമതൊരു ശ്രമം നടത്തിയത്.
അതിനിടയിൽ ബെലാറസിനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. കുടിയേറ്റക്കാരെ ആയുധമാക്കി നിഴൽ യുദ്ധം നടത്തുന്നതിനെതിരെയുള്ള വ്യക്തമായ നിലപാടാണ് ഈ ഉപരോധം എന്ന് യൂറോപ്യൻ യൂണിയൻ വക്താവ് അറിയിച്ചു. അതേസമയം, അതിർത്തിയിൽ തമ്പടിച്ച കുടിയേറ്റക്കാരോട് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാൻ ബെലാറസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ അതിനു കൂട്ടാക്കുന്നില്ല എന്നൊരു പുതിയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
യുദ്ധഭീഷണിയുടെ കരിനിഴൽ വീണ കരിങ്കടൽ
കുടിയേറ്റക്കാരെ ഉപയോഗിച്ച പശ്ചിമയൂറോപ്പിലാകെ അരാജകത്വം സൃഷ്ടിച്ച് യൂറോപ്പിനെ വിഭജിക്കുക, അതോടൊപ്പം ഉക്രെയിനിനെ കീഴടക്കുക. ഇതു രണ്ടും ലക്ഷ്യം വെച്ച് റഷ്യ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. ഇത് രണ്ടും രണ്ട് സംഭവങ്ങളല്ലെന്നും റഷ്യയുടെ സമഗ്രമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ആരോപണമുയരുന്നത്. കുടിയേറ്റക്കാരേയും തെറ്റായ പ്രചാരണങ്ങളേയും എന്തിനധികം ഗ്യാസ് വിതരണം പോലും ആയുധമാക്കി മാറ്റുമ്പോൾ ഇതെല്ലാം ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ എന്ന് യൂറോപ്യൻ യൂണിയൻ വിദേശമാര്യമന്ത്രി ഡിമിട്രോ കുലേബയും പ്രസ്താവിച്ചു.
അതേസമയം നാറ്റോ സഖ്യം ഉക്രെയിനിന് പുറകിൽ ഉറച്ചുനിൽക്കുമെന്ന് നാറ്റോ സഖ്യ തലവൻ ജെൻസ് സ്ടോൾടെൻബെർഗ് വ്യക്തമാക്കി. ഉക്രെയിനിനെതിരെ ആക്രമണം അഴിച്ചുവിടുന്നതിനെതിരെ റഷ്യക്ക് ശക്തമായ താക്കീതും അദ്ദേഹം നൽകിയിട്ടുണ്ട്. അതേസമയം, കരിങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പ്ലുക്ല് എത്തിയതോടെയാണ് മേഖലയിൽ സംഘർഷം കനത്തതെന്ന് പുട്ടിനെ അനുകൂലിക്കുന്ന റഷ്യൻ മാധ്യമങ്ങൾ ആരോപിക്കുന്നു. നാറ്റോ മുൻപത്തേക്കാൾ അധികമായി ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കാൻ തുടങ്ങി എന്നായിരുന്നു പുടിന്റെ വക്താവ് പ്രതികരിച്ചത്.
അതേസമയം, കരിങ്കടലിൽ ഉണ്ടായിരുന്ന അമേരിക്കയുടെ ആറാം കപ്പൽ പട ഇന്നലെ മെഡിറ്ററേനിയൻ കടലിലേക്ക് തിരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വൈറ്റ്നി, പോർട്ടെർ എന്നീ കപ്പലുകളുടെ ട്വീറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. അതിനിടയിൽ തങ്ങളുടെ അതിർത്തിയിൽ റഷ്യ പുതിയതായി 1 ലക്ഷത്തോളം സൈനികരെ വിന്യസിച്ചതായി ഉക്രെയിനും ആരോപിച്ചു. ആധുനിക ആയുധങ്ങളും ആശയവിനിമയ ഉപാധികളുമായാണ് സേന നിലയുറപ്പിച്ചിരിക്കുന്നതെന്നും അവർ ആരോപിക്കുന്നു.
ഇതോടെയായിരുന്നു റഷ്യ ഉക്രെയിൻ ആക്രമിച്ചേക്കുമെന്ന് അമേരിക്ക യൂറോപ്പ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഉക്രെയിൻ അതിർത്തിയിലെ റഷ്യൻ സൈന്യത്തിന്റെ വർദ്ധിച്ച സാന്നിദ്ധ്യം ആശങ്കയോടെ കാണുന്നു എന്ന് പറഞ്ഞ ബ്രിട്ടന്റ് തങ്ങളുടെ ഒരു ചെറിയ സൈന്യ വ്യുഹത്തെ ഉക്രെയിൻ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ട്. അതിനിടയിൽ ഇന്നലെ നൂറുകണക്കിന് അഭയാർത്ഥികൾ ബെലാറസിൽ നിന്നും അതിർത്തി വേലി പൊളിച്ച് പോളണ്ടിലേക്ക് കടന്നതും സംഘർഷത്തിനു മൂർച്ഛകൂട്ടിയിട്ടുണ്ട്. ബെലാറസ് സൈനികരുടെ സഹായത്തോടെയാണ് ഇവർ അതിർത്തി വേലി പൊളിച്ചു കടന്നത്.
ഉക്രെയിനിന്റെ സ്വാതന്ത്ര്യമോ പുട്ടിന്റെ ഗ്യാസോ ഏതാണ് വലുതെന്ന ചോദ്യകുയർത്തി ബോറിസ് ജോൺസൺ
യൂറോപ്പ് വർദ്ധിച്ച തോതിൽ റഷ്യയിൽ നിന്നുള്ള പുതിയ പൈപ്പ്ലൈനിലൂടെയുള്ള വാതകവിതരണത്തെ ആശ്രയിക്കുന്നതാണ് പുട്ടിന് കൂടുതൽ ധൈര്യം പകരുന്നതെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇതുതന്നെയാണ് ഉക്രെയിനിന്റെ സ്വാതന്ത്ര്യത്തെ മാനിക്കാൻ റഷ്യ തയ്യാറാകാത്തതിന്റെ കാരണവും. ഇന്നലെ ലണ്ടനിൽ മേയർ നൽകിയ വിരുന്നിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. യൂറോപ്യൻ സഖ്യ രാജ്യങ്ങൾ കൂടുതൽ ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിയേറ്റക്കാരെ ഇറക്കിവിട്ട് യൂറോപ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ബെലാറസ് ഏകാധിപതി അലക്സാണ്ടർ ലുക്കാഷെൻകോവിനേയും ബോറിസ് ജോൺസൺ വിമർശിച്ചു. ഇതിനെ നേരിടാൻ ബ്രിട്ടൻ തങ്ങളുടെ യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയിനിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുമ്പോൾ സ്വാഭാവികമായും റഷ്യയെ എതിർക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്