പനമരം: വയനാട്ടിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ. പുറത്ത് നിന്നുള്ളരാൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതല്ല കൊലപാതകം നടന്ന നെല്ലിയമ്പത്തെ കാപ്പിത്തോട്ടത്തിന് നടുവിലെ വീട്. വീടും പരിസരവും കൃത്യമായി അറിയുന്നവരോ അല്ലെങ്കിൽ അറിയുന്നവരുടെ സഹായം ലഭിച്ചവരോ ആയിരിക്കാമെന്നാണ് കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളടക്കമുള്ള ബന്ധുക്കൾ പറയുന്നത്.

വീടും പരിസരവും കൃത്യമായി അറിയുന്നയാൾ തന്നെയാണ് കൊലപാതകി എന്നാണ് ഇവർ പറയുന്നത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് നായ മണം പിടിച്ച് പോയ വഴിയിലൂടെയാണ് കൊലപാതകികൾ രക്ഷപ്പെട്ടത് എന്നാണ് പൊലീസും കരുതുന്നത്. എന്നാൽ ഈ വഴി പുറത്ത് നിന്നുള്ള ഒരാൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വഴിയാണ്. വീടും പരിസരവും കൃത്യമായി അറിയുന്ന പ്രദേശവാസികൾക്ക് മാത്രമാണ് ഈ വഴി അറിയാവുന്നത്. പ്രദേശത്തുള്ള ചിലർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും കൊലപാതകത്തിന് പിന്നിൽ പ്രാദേശികമായ ഇടപടെലുകൾ ഉണ്ട് എന്ന സംശയം ബലപ്പെടുത്തുന്നതായും ബന്ധുക്കൾ പറയുന്നു.

കൊല്ലപ്പെട്ട കേശവൻ മാസ്റ്ററെയും കുടുംബത്തെയും അറിയുന്ന ആളുകൾ തന്നെയാകാം കൊലപാതകികൾ എന്നാണ് വീട്ടുകാരുടെ സംശയം. മുകൾ നിലയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് കേശവൻ മാസ്റ്റർ പടികൾ കയറി മുകളിലെത്തിയപ്പോൾ കൊലപാതകികളെ കണ്ടിട്ടുണ്ടാകാം. കേശവൻ മാസ്റ്റർക്ക് പരിചയമുള്ള ആളുകൾ തന്നെയായിരിക്കാം കൊലപാതകികൾ. ഇവർ മോഷണം ലക്ഷ്യമാക്കി വന്നവരായിരുന്നു എങ്കിലും കേശവൻ മാസ്റ്റർ തിരിച്ചറിഞ്ഞതിനാലാകാം കൊലപ്പെടുത്തിയത്. കേശവൻ മാസ്റ്ററെ കൊലപ്പെടുത്തുന്നത് തടയുന്നതിനിടയിലോ വാതിൽ അകത്ത് നിന്ന് പൂട്ടുന്നതിനിടയിലോ ആകാം പത്മാവതിയെയും കൊലപ്പെടുത്തിയത് എന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കുടുംബം പറയുന്നു.

എന്നാൽ അന്വേഷണം തുടങ്ങി അഞ്ച് ദിവസം പിന്നിട്ടിട്ടും കേസിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഇടക്കിടക്ക് പറയുന്നുണ്ടെങ്കിലും പൊലീസിന് ഇതുവരെയും പ്രതികളെ കുറിച്ചുള്ള തുമ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് ഇന്നും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പ്രതികൾ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പ്രദേശത്ത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി മെറ്റർ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് മഴ തുടരുന്നതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പ്രദേശത്തുള്ള ചിലരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

കൊല്ലപ്പെട്ട ദമ്പതികളും അവരുടെ കുടുംബവുമായി കൂടുതൽ അടുപ്പമുള്ള ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകത്തിന് ശേഷം പ്രിതകൾ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയാണ ്രക്ഷപ്പെട്ടിട്ടുള്ളത് എന്നതും അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊലപാതകം നടന്ന വീടിന്റെ പരിസരങ്ങളിലുള്ള സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നുണ്ട്. ദൃശ്യങ്ങളിൽ അസ്വാഭാവികമായി കണ്ടെത്തിയ തിലരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്ന പത്മാലയം വീടിന് പിറകിലുള്ള വയലിന് മറുകരയിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളുണ്ട്. ഈ വീടുകളിലൊന്നിൽ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നിട്ടുള്ളത് എന്നാണ് പൊലീസ് സംശയിക്കുന്നത് ഈ വീടുകളിലേക്ക് ആളുകൾ വന്നപോയതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്.

പകൽ സമയത്ത് പോലും കാട്ടുപന്നികൾ വന്നുപോകാറുള്ള ഇവിടേക്ക് മനുഷ്യർ എത്തിയാലും ആരും അറിയില്ല. ഈ വീടുകൾ സ്ഥിതി ചെയ്യുന്ന തോട്ടത്തിന്റെ ഒരു വശത്തുള്ള ഇടുങ്ങിയ നടവഴിയിലൂടെ പ്രധാന റോഡിലെത്താമെന്നതും പ്രതികൾക്ക് ഈ വീടുകളിൽ വന്ന് പോകുന്നതിനോ തമ്പടിക്കുന്നതിനോ പ്രയാസമുണ്ടായിരിക്കില്ല എന്ന സംശയത്തിലാണ് പൊലീസ്. മാനന്തവാടി ഡിവൈഎസ്‌പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. ഒട്ടേറെ കൊലക്കേസ് ഉൾപ്പെടെ തെളിയിച്ച കാസർകോട് ഡിവൈഎസ്‌പി പി.പി. സദാനന്ദനും അന്വേഷണ സംഘത്തിലുണ്ട്. സംഭവം നടന്ന പ്രദേശത്ത് വീട് വാടകയ്ക്കെടുത്ത് ക്യാംപ് ചെയ്താണ് അന്വേഷണം നടത്തുന്നത്.