- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്പെക്ടർമാർക്കും ഡിവൈഎസ് പിമാർക്കും പഴയ താവളത്തിൽ തന്നെ സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊലീസുകാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി; അധ്യായന വർഷം തുടങ്ങിയ ശേഷമുള്ള സ്ഥലം മാറ്റത്തിൽ വലഞ്ഞ് പൊലീസുകാർ
തിരുവനന്തപുരം:പൊലീസുകാർ അതൃപ്തിയിലാണ്. കോവിഡു കാലത്ത് സ്ഥലം മാറ്റം ഉണ്ടാകില്ലെന്ന് കരുതിയവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് സംസ്ഥാനത്തു പൊലീസുകാർക്കു കൂട്ട സ്ഥലംമാറ്റം. കോവിഡ് ആയതിനാൽ ഈ വർഷം പൊലീസുകാർക്കു പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അതിന് ശേഷം ദിവസങ്ങൾക്കുള്ളിലാണു സ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കാൻ പുതിയ പൊലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവ്. അധ്യായന വർഷം ആരംഭിച്ച ശേഷമുള്ള ഈ മാറ്റം സേനയിലെ 30,000ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കും. മിക്ക സ്റ്റേഷനിലും ഒന്നിലധികം പൊലീസുകാർ കോവിഡ് ബാധിതരുമാണ്. ഇത് സ്‌റ്റേഷൻ പ്രവർത്തനത്തേയും ബാധിക്കും. നേരത്തെ ഡിവൈഎസ് പിമാരുടേയും സിഐ മാരുടേയും സ്ഥലം മാറ്റം നടത്തിയിരുന്നു. അവർക്കെല്ലാം ഇഷ്ട സ്ഥലങ്ങളിൽ മാറ്റം കിട്ടി. എന്നാൽ പൊലീസുകാർക്ക് ആനുകൂല്യമൊന്നും ഇല്ല.
തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥരെ മാതൃജില്ലകളിൽ നിന്ന് മാറ്റുന്നത് പതിവാണ്. ഈ സാഹചര്യത്തിലായിരുന്നു ഡിവൈഎസ് പിമാരേയും സിഐമാരേയും മാറ്റിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇവരെ പഴയ തട്ടകത്തിൽ എത്തിച്ചു. ഇവർക്കെല്ലാം വീട്ടിന് അടുത്ത് തന്നെ മിക്കവാറും സ്ഥലം മാറ്റം കിട്ടി. പലരും പഴയ കസേരയിലും എത്തി. എന്നാൽ സാധാരണ പൊലീസുകാർക്ക് ഈ ആനുകൂല്യം ഒന്നും കിട്ടിയില്ലെന്നതാണ് പരാതികൾ.
സാധാരണ മാർച്ച്ഏപ്രിൽ മാസങ്ങളിലാണു പൊലീസുകാരുടെ പൊതു സ്ഥലംമാറ്റം. എന്നാൽ കോവിഡ്, ലോക്ഡൗൺ എന്നിവയുടെ പശ്ചാത്തലത്തിൽ പൊലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നായിരുന്നു ഏതാനും ആഴ്‌ച്ചകൾക്കു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പക്ഷേ എല്ലാ ജില്ലാ പൊലീസ് മേധാവികളും അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാൻ അനിൽകാന്ത് കഴിഞ്ഞ എട്ടിനു വയർലസ് സന്ദേശം നൽകി.
അതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനിലും 3 വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർ 14നകം അവരുടെ താൽപര്യം അറിയിക്കാൻ മേഖലാ ഐജിമാർ ഉത്തരവിട്ടു. ഈ വർഷവും നിലവിലുള്ള സ്റ്റേഷനു സമീപത്തെ സ്‌കൂളിൽ മക്കളെ ചേർത്ത് ഓൺലൈൻ പഠനമെല്ലാം തുടങ്ങിയ ഘട്ടത്തിലാണ് ഭൂരിപക്ഷം ഉദ്യോഗസ്ഥരും. എങ്കിലും എല്ലാവരും മാറ്റം ആഗ്രഹിക്കുന്ന 3 സ്റ്റേഷനുകളിലേക്കു മുൻഗണനാ ക്രമത്തിൽ അപേക്ഷിച്ചു.
ഞായറാഴ്ച കൊല്ലം റൂറലിൽ സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. പലർക്കും ചോദിച്ച 3 സ്ഥലങ്ങളിൽ ഒന്നിൽ പോലും മാറ്റം ലഭിച്ചില്ല. അതേസമയം ജൂനിയറായ പല പൊലീസുകാർക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളിൽ സീനിയോറിറ്റി മറികടന്നും നിയമനം നൽകി. ഇവർക്ക് ജില്ലയ്ക്കു പുറത്തേക്കു മാറ്റമില്ല.
എന്നാൽ ഒരു ജില്ലയുടെ ഒരതിർത്തിയിൽനിന്നു 30 കിലോമീറ്ററിലധികം ദൂരെയുള്ള മറ്റേ അതിർത്തിയിലേക്കു നിയമനം ലഭിക്കുന്നവർക്കു യാത്രാ സൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്. പൊതുഗതാഗത നിയന്ത്രണം സർക്കാർ പൂർണമായി പിൻവലിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ