പത്തനംതിട്ട: ദക്ഷിണ മേഖലാ ഐജിയുടെ കീഴിലുള്ള 28 എസ്ഐമാരെ സ്ഥലം മാറ്റി. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുള്ള എസ്ഐമാർക്കും ഗ്രേഡ് എസ്ഐമാർക്കുമാണ് മാറ്റം.

നിരന്തര പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവർക്കെതിരായ പരാതി ശരി വച്ച് അതാത് ജില്ലകളിലെ സംസ്ഥാന ഇന്റലിജൻസ് ഡിവൈഎസ്‌പിമാർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് 'ഓൺ പബ്ലിക് ഗ്രൗണ്ട്' എന്ന ലേബലിൽ സ്ഥലം മാറ്റ ഉത്തരവ് വന്നത്.

പത്തനംതിട്ടക്കാരെ എറണാകുളത്തേക്കും അവിടെയുള്ളവരെ ഇവിടേക്കുമാണ് മാറ്റിയരിക്കുന്നത്. ഇടുക്കിക്കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പോസ്റ്റിങ്. വരുമാനം കൂടുതലുള്ള സ്റ്റേഷനുകൾ കണ്ടു പിടിച്ച് അവിടെ വിരാജിച്ചിരുന്നവർക്കാണ് പൊടുന്നനേ സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത്. ഇങ്ങനെ ഒരു നീക്കം ആരുമറിഞ്ഞിരുന്നില്ല. എട്ടാം തീയതിയാണ് ഉത്തരവ് വന്നത്.

ഇന്നലെ എല്ലാവരും അതത് സ്റ്റേഷനുകളിൽ ചുമതലയേൽക്കാൻ നിർദേശവും വന്നു. ഉത്തരവ് കണ്ട് ആദ്യം ഞെട്ടിയവർ പിന്നാലെ സിപിഎം ഓഫീസുകളിലേക്ക് പാഞ്ഞു. സ്ഥലം മാറ്റം അതാത് ജില്ലകളിലേക്ക് നൽകണം എന്നു പറയാനായിരുന്നു ഇത്. എന്നാൽ, പാർട്ടിക്കാർക്ക് ഒന്നും ചെയ്യുവാൻ സാധിക്കുമായിരുന്നില്ല.

പത്തനംതിട്ട ജില്ലയിൽ നിന്ന് ആദ്യഘട്ടത്തിൽ അഞ്ചു പേരെയാണ് മാറ്റിയത്. നാലു പേർ ഗ്രേഡ് എസ്ഐമാരാണ്. പെരുമ്പെട്ടിയിലെ കവിരാജൻ ഡയറക്ട് എസ്ഐയാണ്. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയാണ് അടിയന്തിര ഉത്തരവിട്ടത്. ഇൻസ്പെക്ടർമാർ, ഡിവൈഎസ്‌പിമാർ എന്നിവരും നിരീക്ഷണത്തിലുണ്ട്. ഇവർക്കുള്ള സ്ഥലം മാറ്റവും പിന്നാലെ ഉണ്ടാകും. ഇവർ ചെയ്ത കുറ്റം എങ്ങും പറയുന്നില്ല.

ഓൺ പബ്ലിക് ഗ്രൗണ്ട് സ്ഥലം മാറ്റമെന്നാൽ ശിക്ഷണ നടപടിയുടെ ഭാഗമാണ്. ഈ എസ്ഐമാരിൽ പലരും വരുമാനമുള്ള സ്റ്റേഷനുകളിൽ മാറി മാറി ജോലി ചെയ്തിരുന്നവരാണ്. സ്വാധീനം കൊണ്ട് ഇവിടെ ചെന്നവരും കുറവല്ല. ഇത്തരക്കാരായ പൊലീസ് ഇൻസ്പെക്ടർമാർ, ഡിവൈഎസ്‌പിമാർ എന്നിവർക്കും ഉടൻ തന്നെ മാറ്റമുണ്ടായേക്കും.