അടൂർ: വാഗണർ കാറിൽ കടത്തിയ എട്ടു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സിനിമാസ്റ്റെലിൽ പൊലീസ് ജീപ്പ് കൊണ്ടു വന്ന റോഡിന് കുറുകേയിട്ട് വാഹനം തടഞ്ഞാണ് കഞ്ചാവ് കസ്റ്റഡിയിൽ എടുത്തത്. രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഏറെ ക്ഷമയോടെ ദിവസങ്ങൾ എടുത്ത് പൊലീസ് നടത്തിയ നീക്കമാണ് ഒടുവിൽ ഫലം കണ്ടത്. പള്ളിക്കൽ പഴകുളം തടത്തിൽ കിഴക്കേതിൽ വീട്ടിൽ ഷാനവാസ് ( 29 ), പൊന്മാന കിഴക്കേതിൽ വീട്ടിൽ ലൈജു (26) എന്നിവരാണ് അറസ്റ്റിലായത്. 

അടൂരിൽ നേരത്തേ പിടിയിലായ പ്രതിയിൽ നിന്നും കിട്ടയ സൂചനയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലാണ് പ്രതികൾക്കായി സ്‌കെച്ചിട്ടത്്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും പത്തനംതിട്ട ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുവെന്നായിരുന്നു വിവരം. നേരിട്ട് പത്തനംതിട്ടയിലേക്ക് വരുന്നതിന് പകരം തിരുവനന്തപുരത്ത് എത്തിച്ച ശേഷം ഇവിടെ നിന്ന് പോയി കഞ്ചാവ് കൊണ്ടു വരികയായിരുന്നു.

പ്രതികൾ വളരെ സാവകാശം സംശയത്തിന് ഇട നൽകാത്ത വിധമാണ് കഞ്ചാവ് കൊണ്ടു വരാൻ പോയത്. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്ത് എത്തിയ യുവാക്കളെ ഡാൻസാഫ് ടീം വേഷപ്രച്ഛന്നരായി പിന്തുർന്നു. കഞ്ചാവും വാങ്ങി മടങ്ങിയ ഇവരെ
ഇന്നലെ വൈകിട്ട് 4.30 ന് ഏനാത്ത് പാലത്തിനിപ്പുറം വച്ച് ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് തടഞ്ഞത്. കാറിൽ സീറ്റുകളുടെ അടിയിലായി നാല് പ്ലാസ്റ്റിക്ക് കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ച് വച്ചിരുന്നത്.

ഗസറ്റഡ് ഓഫീസറായ അടൂർ തഹസീൽദാരുടെ സാന്നിധ്യത്തിൽ ദേഹപരിശോധന നടത്തി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഏനാത്ത് കെപലീസ് ഇൻസ്പെക്ടർ പി.എസ് സുജിത്ത്, എസ്ഐ നാദിർ, ഡാൻ സാഫ് ടീം അംഗമായ എഎസ്ഐ അജികുമാർ, മിഥുൻ ജോസ്, ആർ. ബിനു, സുജിത്ത്, അഖിൽ, ശ്രീരാജ്, രജിത്ത്, രാജേഷ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തതെങ്കിലെ കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് വിവരം ലഭിക്കൂ.