കൊച്ചി: മർദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ തയ്യാറാക്കിയവർ പിടിയിൽ. എറണാകുളം തൃക്കാക്കര പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

യുവാവിനെ മർദിച്ച കേസിലാണ് ഏതാനും പേരെ തൃക്കാക്കര പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ജാമ്യ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സ്റ്റേഷനിൽനിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതും മറ്റുമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചത്. പശ്ചാത്തലത്തിൽ സിനിമാസംഭാഷണവുമുണ്ടായിരുന്നു. ശേഷം ഈ വീഡിയോ ഇവർ സ്റ്റാറ്റസ് ആക്കുകയും ചെയ്തു.

ഈ വിവരം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുകയും ഇവർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയും ചെയ്തത്. മർദനക്കേസിൽ പ്രതികളായവരും വീഡിയോ ഷെയർ ചെയ്തവർക്കും സ്റ്റാറ്റസ് ആക്കിയവർക്കും എതിരെയാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികളായ ഇവർ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. 'പിടിച്ച് അകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങും' എന്ന സിനിമാ സംഭാഷണവും ചേർത്തായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. കഴിഞ്ഞ 12 ന് രാത്രി മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോഴാണ് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. സിനിമാ സംഭാഷണവും ചേർത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് നടപടി. യുവാക്കൾക്കെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മർദ്ദന കേസ് പ്രതികളായ കുഴിവേലിപ്പടി സ്വദേശികളായ മുഹമ്മദ് റംനാസ്, അയൂബ്, ഉമറുഖ് ഫാറൂഖ് എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്. യുവാക്കൾക്കെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.