കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ മരണത്തിന് ഉത്തരവാദിയായ അമീറുൾ ഇസ്ലാമിനെ പിടികൂടിയ കേരളാ പൊലീസിന് താളം തെറ്റുകയാണ്. എവിടെ നിന്നും ഉയരുന്നത് പരാതി മാത്രം. കസ്റ്റഡി മർദനക്കേസ് ഒത്തുതീർപ്പാക്കിയാൽ ബാലപീഡനക്കേസ് ഒഴിവാക്കി നൽകാമെന്നു പൊലീസിന്റെ വാഗ്ദാനം ഉൾപ്പെടെ ചർച്ചയാവുകയാണ്. കോഴിക്കോടാണ് ഈ സംഭവം ഉണ്ടായത്. വാളയാറിലെ പെൺകുട്ടികളുടെ ആത്മഹത്യയിലും ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നതും പൊലീസ് തന്നെ. ആദ്യ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ് മനസ്സിലാക്കിയിട്ടും ആത്മഹത്യാ കേസ് മാത്രമായി പൊലീസ് ഒതുക്കി.

എട്ടുവർഷം മുൻപുണ്ടായ പൊലീസ് അതിക്രമക്കേസിൽനിന്നു തലയൂരാനാണു പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ് കാട്ടി പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വിലപേശുന്നതെന്നാണ് പരാതി. ഇതിനു തെളിവായ ഫോൺ കോൾ ശബ്ദരേഖ പുറത്തു വന്നു. 2008 ലാണു സംഭവം. പ്രണയബന്ധം വേർപെടുത്താൻ കാമുകന്റെ സഹോദരനെയും സുഹൃത്തുക്കളെയും മർദിച്ചെന്നാണ് പൊലീസിനെതിരെയുള്ള കേസ്. സംഭവത്തെത്തുടർന്ന് കാമുകന്റെ സഹോദരൻ എരഞ്ഞിപ്പാലം സ്വദേശി രാജേഷ് അടക്കമുള്ളവർക്കാണു മർദനമേറ്റത്. ഇതിനു പിന്നാലെ മറ്റൊരു സഹോദരൻ ജോജി വിൻസന്റിനെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാജേഷാണ് ഇക്കാര്യത്തിൽ പരാതി നൽകിയത്. കേസിൽ പ്രതിസ്ഥാനത്തുള്ള മുൻ എസ്‌പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കേസിൽ നിന്ന് പിന്മാറിയാൽ പരാതിക്കാരൻ ഉൾപ്പെട്ട മറ്റൊരു പീഡനക്കേസ് ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരമെടുത്ത കേസാണ് പൊലീസ് അതിക്രമക്കേസിലെ പരാതിക്കാരനെതിരെ ഉള്ളത്. സർക്കാർ അഭിഭാഷകൻ അടക്കമുള്ളവരാണ് ഇപ്പോഴത്തെ ഒത്തുകളിക്കു പിന്നിലെന്നും പരാതിക്കാരനായ രാജേഷ് വെളിപ്പെടുത്തുന്നു. കസ്റ്റഡി മർദനക്കേസ് പരിഗണിക്കുമ്പോൾ പരാതിക്കാരൻ കോടതിയിൽ ഹാജരാകാൻ പാടില്ല എന്നായിരുന്നു പ്രതിസ്ഥാനത്തുള്ള പൊലീസുകാരുടെ ആവശ്യം. ഇതോടെ കേസ് തള്ളിപ്പോകുമെന്ന് കണക്കുകൂട്ടിയാണു നീക്കം. ഇങ്ങനെ കേസ് ഇല്ലാതായാൽ, പരാതിക്കാരൻ രാജേഷിന്റെ പേരിലുള്ള പീഡനക്കേസ് ഒഴിവാക്കി നൽകും. കോടതിയിൽ ഹാജരാകാതെ മാറിനിൽക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമ നടപടി മറികടക്കാൻ സർക്കാർ ആശുപത്രിയിൽ നിന്ന് ഒപി ടിക്കറ്റെടുക്കാൻ അഭിഭാഷകൻ നിർദേശിച്ചതായും രാജേഷ് വെളിപ്പെടുത്തുന്നു. കസ്റ്റഡി മർദനക്കേസ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാല് ഈ മാസം 31നു വീണ്ടും പരിഗണിക്കും. ഈ കേസിൽ മനുഷ്യാവകാശ കമ്മിഷനും ഹൈക്കോടതി രജിസ്റ്റ്രാർക്കും അടക്കം പരാതി നൽകിയ തനിക്കെതിരെ പൊലീസിന്റെ ഭീഷണിയുണ്ടെന്നു പൊതുപ്രവർത്തകനായ കൊടിയത്തൂർ സ്വദേശി സി.ടി. മുനീർ പറയുന്നു.

വാളയാറിൽ പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരുടെ ദുരൂഹമരണവും പീഡനവും സംബന്ധിച്ച കേസിൽ ചോദ്യമുയരുന്നതു പൊലീസിനു നേരെയാണ്. മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പീഡന സാധ്യത സംബന്ധിച്ചു സൂചന നൽകിയിട്ടും ആത്മഹത്യയായി കേസ് അവസാനിപ്പിക്കുകയായിരുന്നു. നിയമപ്രകാരം പൊലീസ് സ്വീകരിക്കേണ്ട നടപടികളും മൂത്ത കുട്ടിയുടെ മരണത്തിനു ശേഷം പൊലീസ് സ്വീകരിച്ച നടപടികളും വിവാദത്തിന് പുതിയ മാനം നൽകുന്നു. അന്ന് കൃത്യമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.

തൂങ്ങി മരണം നടന്നാൽ ഉടൻ പൊലീസ് സ്ഥലത്തെത്തണം എന്ന ചട്ടം പാലിച്ചില്ല. ജനുവരി 13ന് അട്ടപ്പള്ളത്തെ വീട്ടിൽ നാലരയ്ക്കും അഞ്ചിനുമിടയിലായിരുന്നു മൂത്ത കുട്ടിയുടെ മരണം. ഏഴരയോടെ വിവരം ലഭിച്ചു, പൊലീസ് അൽപസമയത്തിനകം സ്ഥലത്തെത്തി. സ്ഥലത്ത് മറ്റാരെങ്കിലും കടക്കുന്നതു തടഞ്ഞു പരിശോധന. എന്നാൽ കാര്യമായി ഒന്നും ചെയ്തില്ല. ജനുവരി 14നു രാവിലെ ഒൻപതു മണിയോടെ (മരണത്തിനു പിറ്റേന്ന്) മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു കൈമാറി. 7. പൊലീസ് സർജനിൽ നിന്നു പോസ്റ്റ്‌മോർട്ടത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കണമെന്നാണ് വ്യവസ്ഥ.

ഗുഹ്യഭാഗങ്ങളിൽ അണുബാധയുണ്ടെന്നും രോഗങ്ങൾ മൂലമോ പീഡനം മൂലമോ ഇതു സംഭവിക്കാമെന്നും ജില്ലാ ആശുപത്രിയിലെ, ഫൊറൻസിക് മെഡിസിനിൽ പിജിയുള്ള വനിത അസി. സർജന്റെ റിപ്പോർട്ട്. സാംപിളുകൾ രാസപരിശോധനയ്ക്ക് അയയ്ക്കണമെന്നും എസ്‌ഐയ്ക്കു മൊഴി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഗുഹ്യഭാഗങ്ങളിലെ വീക്കവും അണുബാധയും പരാമർശിച്ചിട്ടുണ്ട്. രാസപരിശോധന റിപ്പോർട്ട് നെഗറ്റീവായാലും ലൈംഗികപീഡനം നടന്നില്ലെന്നു പറയാനാകില്ലെന്നു ഡോക്ടറുടെ പ്രത്യേക കുറിപ്പും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസരവാസികളെയും സംശയമുള്ളവരെയും ചോദ്യം ചെയ്യണം. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. മനോവിഷമം മൂലമുള്ള ആത്മഹത്യയായി കേസ് അവസാനിപ്പിച്ചു.

ഇതിനു ശേഷം, മാർച്ച് നാലിനു വൈകിട്ട് ഇളയ പെൺകുട്ടിയുടെ മരണം. പല വട്ടം പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ ലൈംഗികപീഡന കുറ്റത്തിനുള്ള വകുപ്പുകൾ കേസിൽ ചേർക്കുന്നു. പോക്‌സോ വകുപ്പും ചുമത്തുന്നു. പക്ഷേ ഇതിനെല്ലാം നാട്ടുകാരുടെ പ്രതിഷേധം വേണ്ടി വന്നു. ജനുവരിയിൽ തന്നെ കുറ്റക്കാരെ കണ്ടെത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ രണ്ടാമത്തെ മരണം ഒഴിവാക്കാമായിരുന്നു.