തിരുവനന്തപുരം: പുസ്തകം എഴുതിയതിനു FIR ഇട്ട് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ, ഞാൻ നല്ല അർത്ഥത്തിൽ എടുക്കാം !-പൊലീസ് ആക്ടിലെ ഭേദഗതിയെ മുൻ ഡിജിപി ജേക്കബ് തോമസ് വിലയിരുത്തുന്നത് ഇങ്ങനെയാണ്. ആത്മകഥ എഴുതിയതിന് നേരത്തെ ജേക്കബ് തോമസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതും ഇപ്പോഴത്തെ നിയമ ഭേദഗതിയുമായി ചേർത്താണ് ജേക്കബ് തോമസിന്റെ പ്രതികരണമെന്നാണ് വിലയിരുത്തൽ. പോസ്റ്റിനൊപ്പം നല്ല അർത്ഥത്തിൽ എടുക്കണമെന്ന തലവാചകവുമായി നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ പത്രവാർത്തയുമുണ്ട്.

പൊലീസ് ആക്ടിലെ ഭേദഗതിക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാൽ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്. വലിയ വിമർശനമാണ് പൊലീസ് ആക്ടിൽ സർക്കാരിനെതിരെ ഉയരുന്നത്.

അതിനിടെ സൈബർ അക്രമങ്ങൾ തടയാനാണ് പൊലീസ് ആക്ട് ഭേദഗതി എന്ന് നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നത്. ആക്ട് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുക്കും. ആശങ്കകൾ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പാക്കു എന്നും മന്ത്രി പാലക്കാട് പറഞ്ഞു. ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി ഉൾക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസെടുക്കാം. വ്യക്തികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾക്കും കുരുക്കുണ്ട്. ഒരാൾക്ക് മാനഹാനിയുണ്ടായെന്ന തോന്നലിൽ അയാൾ പരാതി നൽകണമെന്നില്ല, താൽപര്യമുള്ള ആർക്കും പരാതി നൽകാം,നടപടിയുണ്ടാകും. പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.

പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കാൻ പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വ്യാപകമായ വിമർശനവും ആശങ്കകളും ഉയർന്നതിനിടെയാണ് ഡിജിപി വിശദീകരണവുമായി എത്തിയത്. കേരള പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനുമുൻപ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓർഡിനൻസ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത് എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് വിവാദം ആളിക്കത്തുന്നതും.

സൈബർ കുറ്റങ്ങൾ തടയാനുള്ള പൊലീസ് ആക്റ്റ് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആര് പരാതി നൽകിയാലും മാധ്യമവാർത്തകൾക്കെതിരെ അടക്കം പൊലീസിന് കേസെടുക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. പുതിയ ഭേദഗതി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് ആരോപണം ഉയർന്നു വന്നിരുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിട്ടുണ്ട്.

പുതിയ കേരള പൊലീസ് ഭേദഗതിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ.എം.എൽ ലിബേറഷൻ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ പോലും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ക്രൂരനിയമങ്ങൾ നടപ്പാക്കിക്കൊണ്ട് ഇടതുപക്ഷത്തെ നാണം കെടുത്തരുതെന്നാണ് കവിത കൃഷ്ണൻ ട്വിറ്ററിൽ കുറിച്ചത്. സിപിഐ.എം ഇത്തരം നിയമങ്ങളെ എതിർക്കുകയും അഭിപ്രായസ്വാതന്ത്രത്തിനായി നിലകൊള്ളുകയും ചെയ്യുന്നതാണെന്നും കവിത ട്വീറ്റിൽ പറയുന്നു.

'ശരിക്കും പിണറായി വിജയൻ?! സിപിഐ.എം ഇന്ത്യയിലെ ക്രൂരനിയമങ്ങളെ എതിർക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നതാണ്. ഒരു സിപിഐ.എം സർക്കാർ തന്നെ ഇത്തരത്തിലൊരു ക്രൂരനിയമം നടപ്പിൽ വരുത്തികൊണ്ട് ഇടതുപക്ഷത്തെ നാണം കെടുത്തരുത്.' കവിത കൃഷ്ണൻ ട്വിറ്ററിൽ എഴുതി. പിണറായി വിജയന്റെയും സിപിഐ.എമ്മിന്റെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തിട്ടുമുണ്ട്.