- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന്'; ശബരിമല വിവാദം വീണ്ടും ആളിക്കത്തിച്ച് വോട്ട് നേടാൻ സംഘപരിവാർ; ശബരിമല പ്രക്ഷോഭത്തിൽ പ്രതിയാക്കപ്പെട്ടവരുടെ കുടുംബ സംഗമത്തിനൊരുങ്ങി ഹൈന്ദവ സംഘടനകളും
പത്തനംതിട്ട: ശബരിമല സംഭവം വോട്ടാക്കി മാറ്റാനുറച്ച് സംഘപരിവാർ. ശബരിമല വിവാദം വീണ്ടും ആളിക്കത്തിച്ച് ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ഹിന്ദുവേട്ടയെന്ന് പ്രതിപാദിക്കുന്ന കൂറ്റൻ ഫ്ലക്സുകൾ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ശബരിമല കർമസമിതിയുടെ പേരിലാണ് ഫ്ലക്സുകൾ. മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന തലക്കെട്ടോടെയുള്ള ഫ്ലെക്സിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെയും ഫോട്ടോകളുമുണ്ട്.
കെ സുരേന്ദ്രന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാർത്തകളും ഫ്ലെക്സിൽ നിറഞ്ഞുനിൽക്കുന്നു. കൂടാതെ പൊലീസ് ഭീകരതയിലും ഇരുമുടിക്കെട്ട് കൈവിടാതെ ശശികലയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ശബരിമലയിൽ ഇടതു സർക്കാർ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് കേസെടുക്കപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകൾ. ശബരിമല കർമ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 20 മുതൽ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങൾ. മുഴുവൻ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കിയും മർദനമുറകൾ അഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടുപോലും അനുസരിക്കാത്ത, ക്രിമിനലുകളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ശബരിമലയിൽ ഭക്തർക്കുമേൽ അക്രമം അഴിച്ചുവിട്ടു. 16000ത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തർക്കെതിരെ ക്രിമിനൽക്കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവെച്ചതിനു ശേഷമാണ് ഭക്തർക്ക് കോടതികളിൽ നിന്ന് ജാമ്യം ലഭിച്ചത്. മുൻ ഡിജിപി സെൻകുമാർ, മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്. രാധാകൃഷണൻ, ശബരിമല കർമ്മസമിതി ദേശീയ ജനറൽ സെകട്ടറി എസ്.ജെ.ആർ. കുമാർ, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല എന്നിവർക്കെതിരെ ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.
മാർച്ച് 20ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ അയ്യപ്പഭക്ത സംഗമത്തോടെയാണ് സംഗമങ്ങൾ തുടങ്ങുക. 21ന് രാവിലെ ഒൻപതിന് കൊല്ലം, വൈകിട്ട് നാലിന് കോട്ടയം. 22ന് രാവിലെ 10ന് ഇടുക്കി, വൈകിട്ട് നാലിന് എറണാകുളം, 23ന് രാവിലെ ഒൻപതിന് തൃശൂർ, 24ന് വൈകിട്ട് നാലിന് കോഴിക്കോട്, 25ന് രാവിലെ 10ന് വയനാട്, വൈകിട്ട് അഞ്ചിന് കണ്ണൂർ 26ന് രാവിലെ 10ന് കാസർകോട്, 27ന് പത്തനംതിട്ട പന്തളത്ത് അയ്യപ്പഭക്തസംഗമത്തിന്റെ സമാപന സംഗമവും നടക്കും.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ് ജെ ആർ കുമാർ, സന്ന്യാസിവര്യന്മാർ, ആചാര്യശ്രേഷ്ഠന്മാർ, സമുദായ സംഘടനാ നേതാക്കൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ