- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രികയിലെ സാമ്പത്തിക തിരിമറി: ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി.എം.എ സമീർ അറസ്റ്റിൽ; നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത് ജീവനക്കാർ നൽകിയ പരാതിയിൽ; ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ് വിഹിതം അടയക്കാതെ നാലു കോടിയുടെ തട്ടിപ്പു നടത്തിയെന്ന് പരാതി
കോഴിക്കോട്: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഫിനാൻസ് ഡയറക്ടർ പി എം എ സമീർ അറസ്റ്റിൽ. ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി. 2017 മുതൽ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ് വിഹിതമാണ് അടയ്ക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏത് സമയം വിളിച്ചാലും ഹാജരാകണമെന്ന് മുൻകൂർ ജാമ്യ വ്യവസ്ഥയിലാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ഇന്ത്യ വിട്ട് പോകരുതെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സമീറിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സ്റ്റേഷനിൽ ഹാജരായ സമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചു. പി എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ വിരമിച്ച ജീവനക്കാർ 14 ദിവസമായി കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നിൽ സമരത്തിലാണ്.
പാർട്ടി മുഖപത്രമായ ചന്ദ്രിക നിലച്ചുപോവാതിരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിലെ പത്രപ്രവർത്തകരും മറ്റ് ജീവനക്കാരും ചേർന്ന് തയ്യാറാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾക്ക് നൽകിയ ഹർജിയും നേരത്തെ പൊതുസമൂഹത്തിൽ ചർച്ചയായിരുന്നു. ചന്ദ്രിക ഫിനാൻസ് ഡയറക്ടറായ പിഎംഎ സമീറിനെതിരെ വലിയ ആരോപണങ്ങളാണ് ജീവനക്കാർ ഹർജിയിൽ ഉന്നയിക്കുന്നത്. മാധ്യമ മേഖലയുമായി ഒരു ബന്ധവും ഇല്ലാത്തയാളായിരുന്നു സമീറെന്നത് ചുമതലയേറ്റെടുത്തത് ഏതാനും മാസങ്ങൾക്കകം തെളിയിച്ചെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഫിനാൻസ് ഡയറക്ടറായ പിഎംഎ സമീർ ചുമതലയേറ്റെടുത്തത് മുതൽ ചന്ദ്രികയുടെ അക്കൗണ്ടും ഫയൽ സിസ്റ്റവുമെല്ലാം ചന്ദ്രികക്ക് പുറത്ത് ഒരു സമാന്തര സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ആഷിഖ് സമീർ അസോസിയേറ്റ്സ് എന്ന സമീറിന്റെ സ്വകാര്യ ഓഫീസിൽ നിയമിച്ച ആൾക്ക് ചന്ദ്രികയിൽ നിന്ന് മാസശമ്പളം നൽകുന്ന അവസ്ഥ വരെ ഉണ്ടായി. ചന്ദ്രികയുടെ സർക്കുലേഷൻ വിഭാഗം അറിയാതെ വരിക്കാരെ ചേർത്ത് സംഖ്യ വാങ്ങിയെടുക്കുന്ന രീതി പോലും സ്വീകരിച്ചു. ഇപ്പോൾ പരസ്യ കുടിശ്ശിക പിരിക്കുന്നതും ഈ സ്ഥാപനത്തിലെ സ്റ്റാഫുകളാണ്. അത് ചന്ദ്രികയിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും മറ്റൊരു സ്ഥാപനത്തിലും ഇങ്ങനെ നടക്കില്ലെന്ന് ഹർജിയിൽ ജീവനക്കാർ പറയുന്നു.
പാണക്കാട് കുടുംബത്തെയും ലീഗിന്റെ സംസ്ഥാന നേതൃത്വത്തെയും ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചും വ്യാജകണക്കുകൾ ഉണ്ടാക്കി സമാന്തര ഓഫീസ് സംവിധാനത്തിൽ ചന്ദ്രികയുടെ മഹിത പാരമ്പര്യത്തെ നശിപ്പിക്കുന്ന സാഹചര്യത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ നിർബന്ധിതരാവുകയാണെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു.
ഫിനാൻസ് ഡയറക്ടർക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ ഇങ്ങനെ:
പ്രസക്തഭാഗങ്ങൾ
കോഴിക്കോട് ചന്ദ്രികയുടെ വെബ് ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ മാറ്റി പകരം പുതിയത് സ്ഥാപിക്കാൻ ഖത്തർ കെഎംസിസി 4 കോടി രൂപയോളം നൽകിയിരുന്നതായും അന്നത്തെ ജനറൽ മാനേജരായിരുന്ന കക്കോടൻ മുഹമ്മദ് പുതിയ പ്രസ് വാങ്ങുന്നതിന് ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ ആവശ്യമായ തീരുമാനം എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പൊടുന്നനെ സമീർ ഇടപെട്ട് പദ്ധതി നിർത്തിവെയ്‌പ്പിച്ചു. നവീകരണ പദ്ധതി അട്ടിമറിച്ചു. അങ്ങനെയെങ്കിൽ ആ കോടികൾ എവിടെയെന്ന ചോദ്യം ബാക്കി.
അക്കൗണ്ട് സോഫ്റ്റ്‌വെയർ സെൻട്രലൈസിംഗിന് എന്ന പേരിൽ 35 ലക്ഷം രൂപ ചെലവഴിച്ചു. സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിക്ക് 13 ലക്ഷത്തിധികം രൂപ നൽകിയതായി കണക്കുണ്ട്. പക്ഷെ പദ്ധതി യാഥാർത്ഥ്യമായില്ല. ആ 35 ലക്ഷം ആര് കൊണ്ടുപോയെന്നത് ഇപ്പോഴും അറിയില്ല. പാർട്ടി ചുമതല ഏൽപ്പിച്ച ഫിനാൻസ് ഡയറക്ടർ നാളിതുവരെ പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെയും വഞ്ചിച്ചതിന് തെളിവുകൾ ഏറെയാണ്.
ന്യൂസ് പ്രിന്റ്, മഷി എന്നിവ കേന്ദ്രീകൃത വാങ്ങൽ സംവിധാനം നടത്താതെയും ടെണ്ടർ വിളിക്കാതെയുമാണ് തോന്നിയവിലയ്ക്ക് ഇപ്പോഴും വാങ്ങുന്നത്. മറ്റൊരു പത്രസ്ഥാപനത്തിലും പർച്ചേസിങ് ഇങ്ങനെയല്ല. ഇടനിലക്കാർക്ക് ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാവുന്ന ഈ മാർഗം ഇപ്പോഴും ചന്ദ്രികയിൽ തുടരുകയാണ്.
2013-2014 കാലത്ത് ചന്ദ്രികയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഷ്ടം 85,600 രൂപക്ക് താഴെയായിരുന്നു. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ അത് 3.69 കോടിയായി. എങ്ങനെ?
ഫിനാൻസ് ഡയറക്ടർ ചാർജ് എടുക്കുമ്പോൾ തന്നെ വർഷങ്ങൾക്ക് മുമ്പ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ തുക അടയ്ക്കാനുണ്ടായിരുന്നു. എന്നാൽ ഇത് തീർപ്പാക്കുന്നതിന് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് മാത്രമല്ല പലിശയും പിഴപ്പലിശയുമടക്കം രണ്ട് കോടിയിലധികം രൂപയാണ് ചന്ദ്രിക ഒടുക്കിയത്. അതിപ്പോഴും തുടരുന്നു. ആരാണതിന് ഉത്തരവാദി?. കോടികൾ ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് പിരിച്ചിട്ട് എന്തുകൊണ്ട് ഫിനാൻസ് ഡയറക്ടർ ഈ തുക അടച്ച് ചന്ദ്രികയെ രക്ഷിച്ചില്ല?.
നോട്ട് നിരോധന കാലത്ത് പത്ത് കോടിയിലധികം രൂപ ചന്ദ്രികയുടെ അക്കൗണ്ടിൽ ഫിനാൻസ് ഡയറക്ടർ നിക്ഷേപിച്ചു. ഉറവിടം കാണിച്ച് രേഖകൾ നൽകാത്തതിന്റെ പേരിൽ രണ്ട് കോടിയിലധികം രൂപ ഇൻകം ടാക്സിലേക്ക് പെനാൽറ്റി അടക്കേണ്ടി വന്നു. ചരിത്രത്തിലാദ്യമായി ചന്ദ്രികയുടെ കോഴിക്കോട് യൂണിറ്റിൽ ജീവനക്കാരെ പുറത്താക്കി ഇൻകം ടാക്സിന്റെ റെയ്ഡ് നടന്നു. ഇങ്ങനെ പൊതു ജനമധ്യത്തിൽ സ്ഥാപനത്തെ അപമാനിച്ചു. കമ്പനിയുടെ ഉയർച്ചക്ക് പകരം ഇത്തരം നടപടികൾ നടത്തുന്ന ഒരാൾ നൽകുന്ന റിപ്പോർട്ടും കണക്കും എങ്ങനെ വിശ്വസനീയമാവും?
2017 മുതൽ ജീവനക്കാരുടെ പേരിൽ പിരിച്ചെടുത്ത പിഎഫ് സംഖ്യ പിഎഫ് ഓഫീസിൽ അടച്ചിട്ടില്ല. ഏതാണ്ട് നാല് കോടിയിലെത്തുകയാണ് ഭീമമായ പിഴയും പിഴപ്പലിശയുമായി ഇത്. 36 ശതമാനമാണ് പിഎഫ് പലിശ. ഓരോ ദിവസവും പലിശ കൂടുകയാണ്. ജീവനക്കാരുടെ കയ്യിൽ നിന്ന് മാസാമാസം പിടിക്കുന്ന പണം എവിടെ?. പിരിഞ്ഞുപോയവർക്ക് പിഎഫ് ആനുകൂല്യം ലഭ്യമാക്കാത്തത് എന്തുകൊണ്ട്?
കമ്പനിയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ വഴികൾ ഏറെയുണ്ടായിട്ടും അത് സ്വീകരിക്കാതിരിക്കുന്നതിന്റെ ഉദ്ദേശ്യം കടബാധ്യത കുന്നുകൂട്ടിക്കാണിച്ച് സ്ഥാപനത്തിന്റെ സ്ഥലം വിൽപ്പന നടത്താനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിയിരുന്നു.
2016-2017 സാമ്പത്തിക വർഷത്തിൽ 4.86 കോടി രൂപ ചന്ദ്രികക്ക് വേണ്ടി ഭൂമി വാങ്ങുന്നതിലേക്ക് അഡ്വാൻസ് തുക നൽകുന്നതിനായി മുസലിം ലീഗിൽ നിന്ന് ലഭിച്ചതായി കാണുന്നു. എന്താണ് ഇതിന്റെ യാഥാർത്ഥ്യം?
മാസം തോറും 45 ലക്ഷം പാർട്ടി ചന്ദ്രികയിലേക്ക് നടത്തിപ്പിന് നൽകുന്നതായാണ് ഡയറക്ടർമാർ പറയുന്നത്. എന്നാൽ 18 ലക്ഷത്തിന് മുകളിൽ നഷ്ടം ചന്ദ്രികക്കില്ല എന്നതാണ് യാഥാർത്ഥ്യം.
2016-17 ലെ ഔദ്യോഗിക കണക്ക് പ്രകാരം വാർഷിക വരിക്കാരെ ചേർത്ത വകയിൽ 16 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ പണം എവിടെ?
2020ലും വരിക്കാരെ ചേർത്ത് കോടികൾ ലഭിച്ചിട്ടുണ്ട്. ഇത് എവിടെ? എന്തിന് ഉപയോഗിച്ചു? മാത്രമല്ല ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് 2019-20ലും സ്പെഷ്യൽ ഫണ്ട് പിരിച്ചിട്ടുണ്ട്. അവയൊക്കെ ചന്ദ്രികയുടെ അക്കൗണ്ടിൽ വന്നോ?
2017ൽ ചന്ദ്രികയുടെ നവീകരണത്തിന് ഗൾഫിൽ നിന്നും വലിയ സംഖ്യ പിരിച്ചെടുത്തിരുന്നു. ഈ തുക ആര് കൈവശം വെച്ചു? . എന്തിന് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഫിനാൻസ് ഡയറക്ടർ ബാധ്യസ്ഥനാണ്.
മറുനാടന് മലയാളി ബ്യൂറോ