തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥി നൽകിയ പീഡന പരാതിയിൽ അദ്ധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേ തൃശ്ശൂർ പൊലീസെത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു. അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പഠിപ്പ് മുടക്കൽ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തത്.

അദ്ധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. പീഡന കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽ കുമാറിനെ യൂണിവേഴ്‌സിറ്റി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ സുനിൽ നേരത്തെയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്ത് വന്നു. വാട്‌സാപ്പിൽ സുനിൽ കുമാർ അയച്ച മെസ്സേജുകൾ പങ്ക് വെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്.

എന്നാൽ ഇയാൾ സൗഹൃദം മുതലെടുത്ത് തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെൺകുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം മറ്റുള്ളവർ അറിയുന്നതും പെൺകുട്ടിക്ക് നീതി നേടി സമരമുഖത്തിറങ്ങുന്നതും. സമരത്തിന്റെ ഭാഗമായി അദ്ധ്യാപകരെ സമരക്കാർ കഴിഞ്ഞ ദിവസം കോളേജിനുള്ളിൽ പൂട്ടിയിട്ടിരുന്നു.

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് സമരം നടത്തിയത്. അതേസമയം ഞെട്ടിപ്പിക്കുന്ന വിഷയമാണ് നടന്നതെന്നും കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയ്റ്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ചൂണ്ടിക്കാട്ടി ഡബ്ല്യൂസിസി രംഗത്തുവന്നിരുന്നു.

കലാ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തിന്ന പെൺകുട്ടികളുടെ എണ്ണം പൊതുവിൽ വളരെ കുറവാണ്. പ്രതിബന്ധങ്ങളെയൊക്കെ തട്ടിമാറ്റി നാടകം പഠിക്കാനെത്തിയ പെൺകുട്ടി അദ്ധ്യാപകന്റെ ലൈംഗിക ആക്രമണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിഷയമാണ്. കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയ്റ്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവം. സർഗാത്മക ഇടങ്ങൾ സ്ത്രീകളുടെതു കൂടിയാണ്. കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് വരുന്നതിനായി അവരുടെ സുരക്ഷയും നീതിയും ഉറപ്പ് വരുത്തേണ്ടത് കലാ സ്ഥാപനങ്ങളുടെയും ഗവണ്മെന്റ് സംവിധാനത്തിന്റെയും ചുമതലയാന്നെും ഡബ്യൂസിസി ചൂണ്ടിക്കാട്ടി.