തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലും, റിമാൻഡിലുമുള്ള വ്യക്തികളെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ ഡോക്ടറും അറസ്റ്റിലായ വ്യക്തിയും തമ്മിലുള്ള ആശയവിനിമയത്തിന് മതിയായ സ്വകാര്യത ഉറപ്പാക്കണമെന്ന് നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി അടങ്ങിയ ഉത്തരവ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചു.കസ്റ്റഡിയിലും റിമാൻഡിലുമുള്ള പ്രതികളെ പൊലീസുകാർ ക്രൂരമായി മർദിക്കുകയും, കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പെരുമാറ്റച്ചട്ടം നടപ്പിലാക്കാൻ നിർദേശമുണ്ടായിരിക്കുന്നത്. ഈ മാസം ഏഴിനാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഈ ഉത്തരവ് പുറപ്പെടുവിച്ചത്(ജിഒ.(എംഎസ്) നമ്പർ 93/2022/ഹോം).

കസ്റ്റഡി മരണവും, പീഡനങ്ങളും പതിവായ സാഹചര്യത്തിലാണ് ഇത്ര വിപുലമായ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ആഭ്യന്തരവകുപ്പ് നിർബന്ധിതനായത്. അറസ്റ്റിലായ വ്യക്തിക്ക് ഏതെങ്കിലും മുറിവുകളോ, അക്രമത്തിന്റെ അടയാളങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരം മുറിവുകളും അവ ഉണ്ടായ ഏകദേശ സമയവും രേഖപ്പെടുത്തി മെഡിക്കൽ ഓഫീസർ മെഡിക്കൽ എക്‌സാമിനേഷൻ റിപ്പോർട്ട് തയ്യാറാക്കണം. കസ്റ്റഡിയിലിരിക്കുമ്പോൾ പീഡനങ്ങളോ, ശാരീരിക ക്ഷതങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അറസ്റ്റിലായ വ്യക്തിയിൽ നിന്നും വിശദമായി ചോദിച്ച ശേഷം പ്രസ്തുത വിവരങ്ങൾ മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തേണ്ടതാണ്. പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഏതെങ്കിലും വീഴ്ചയോ, പരിക്കുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയുടെ വിവരങ്ങളും റിപ്പോർട്ടിൽ ചേർക്കണം.

പ്രതിക്ക് രക്ഷപ്പെടാൻ അവസരം നൽകാത്തവിധമായിരിക്കണം അകലം. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ഭാഗത്തുനിന്ന് പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കിൽ വിവരം അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫിസർ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ പൊലീസ് അടുത്തുള്ളപ്പോൾ പലരും ഡോക്ടറോട് തുറന്നുപറയാറില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യപരിശോധന വേളയിൽ പൊലീസുകാർ അകലം പാലിക്കാൻ നിർദേശിച്ചത്. ആരോഗ്യവകുപ്പിലെ ഡോക്ടറായ കെ.പ്രതിഭ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്ര വിപുലമായ പ്രോട്ടോകോളിന് രൂപം കൊടുക്കാൻ സർക്കാർ തയ്യാറായത്.

ഇത് കൂടാതെ നെടുങ്കണ്ടത്ത് പൊലീസ് ലോക്കപ്പിൽവെച്ച് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് (റിട്ട.) കെ നാരായണക്കുറിപ്പിന്റെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ ആറ് പൊലീസ് ഉദ്യോഗസ്ഥന്മാരെ കഴിഞ്ഞ വർഷം സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. രാജ്കുമാറിന്റെ മരണം കസ്റ്റഡി മർദനംമൂലമാണ് സംഭവിച്ചതെന്നും സമാനതകളില്ലാത്തതെന്നുമായിരുന്നു നാരായണകുറിപ്പ് കമ്മീഷൻ കണ്ടെത്തിയത്. പൊലീസിന്റെ മനുഷ്യത്വരഹിതമായതും അങ്ങേയറ്റം ക്രൂരവുമായ മർദനം കൊണ്ടാണ് രാജ്കുമാർ കൊല്ലപ്പെട്ടതെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.

പൊലീസിന്റെ കൃത്യവിലോപത്തെക്കുറിച്ച് വിമർശിച്ചതിനേക്കാൾ അതിരൂക്ഷമായ ഭാഷയിലാണ് ആദ്യം പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഫോറൻസിക് ഡോക്ടറന്മാരുടെ കൃത്യവിലോപത്തെക്കുറിച്ച് കമ്മീഷൻ വിവരിച്ചിട്ടുള്ളത്. പൊലീസുകാർ ക്രൂരമായി തല്ലികൊന്നതിനെക്കുറിച്ച് പ്രേതവിചാരണ കണ്ടെത്താൻ ചുമതലപ്പെടുത്തിയ ഡോക്ടറന്മാർ അതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തൽ. ഡോക്ടറന്മാരുടെ ഭാ?ഗത്തുനിന്ന് ഉദാസീനവും അപൂർണവും അവിദഗ്ധമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രസിദ്ധീകരിച്ച മാർ?ഗനിർദേശങ്ങൾ പാലിക്കാതെയാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നും കമ്മീഷന് കണ്ടെത്തിയിരുന്നു. ഇങ്ങനെ പൊലീസിനും ആരോഗ്യവകുപ്പിനുമെതിരെ നിശിതമായ വിമർശനങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്താൻ ആഭ്യന്തരവകുപ്പ് നിർബന്ധിതമായത്.

മർദനമേറ്റ് വരുന്ന പ്രതികൾക്ക് ആന്തരിക പരിക്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർപരിശോധനക്ക് നിർദേശമുണ്ടായിരുന്നെങ്കിലും പരിശോധനഫലം പ്രത്യേക സർട്ടിഫിക്കറ്റിൽ മജിസ്‌ട്രേറ്റിന് കൈമാറുന്നത് സംബന്ധിച്ച് മുൻ പെരുമാറ്റച്ചട്ടത്തിൽ പരാമർശമുണ്ടായിരുന്നില്ല. ഇതിനെതിരെ മലപ്പുറം താനൂർ സ്വദേശിയും സർക്കാർ ഡോക്ടറുമായ കെ. പ്രതിഭ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതോടെയാണ് പ്രതിഭ നൽകിയ മാർഗനിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഭേദഗതി സർക്കാർ നടപ്പാക്കിയത്. കൂടാതെ അറസ്റ്റിലായ വ്യക്തിക്ക് സ്‌പെഷലിസ്റ്റ് ഡോക്ടറുടെ സേവനം വേണ്ടിവന്നാൽ തേടണം. വിദഗ്ധ ഡോക്ടറുടെ 'പ്രത്യേക പരിശോധന സർട്ടിഫിക്കറ്റ്' പ്രാഥമിക പരിശോധന റിപ്പോർട്ടിന്റെ തുടർച്ചയായി രേഖപ്പെടുത്തണം.

അറസ്റ്റിലായ വ്യക്തിയുടെ മെഡിക്കൽ പരിശോധയ്ക്കുള്ള അപേക്ഷ കേന്ദ്ര-സംസ്ഥാന സർക്കാർ ഡോക്ടറന്മാരുടെ അഭാവത്തിൽമാത്രമേ, സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷനറുടെ സേവനംതേടാൻ പാടുള്ളൂ. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ പരിശോധനയ്ക്ക് പ്രതിയെ കൊണ്ടുവരുമ്പോൾ ഒപി രോഗികളുടെ ഇടയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കി ഇത്തരം വ്യക്തികളുടെ പരിശോധയ്ക്ക് മുൻ?ഗണന നൽകണം. അറസ്റ്റിലായ വ്യക്തി സ്ത്രീയാണെങ്കിൽ അവരെ വനിതാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന നടത്താവൂ.

പരിശോധനയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ജീവൻ രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ആ വ്യക്തിയെ ഡോക്ടർ അഡ്‌മിറ്റ് ചെയ്യുകയോ, റഫർ ചെയ്യുകയോ ചെയ്യരുത്. പ്രതിക്ക് കിടത്തിചികിത്സ ആവശ്യമാണെന്ന് പരിശോധിക്കുന്ന ഡോക്ടർക്ക് ബോധ്യമായാൽ അതിനാവശ്യമായ നിർദേശങ്ങൾ രേഖപ്പെടുത്തിയ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് നൽകണം. പ്രതികളുടെ വൈദ്യപരിശോധനയ്ക്കള്ള വിപുലമായ മെഡിക്കോ ലീഗൽ മാർഗനിർദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കസ്റ്റഡി മർദനങ്ങളും, മരണങ്ങളും കുറയുമോയെന്ന് കണ്ടറിയണം.